കാസര്‍കോട് മഞ്ചേശ്വരത്ത് ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം; സിസിടിവി ദൃശ്യങ്ങളിൽ ആക്രമണം നടത്തിയത് ഹെല്‍മെറ്റ് വച്ച യുവാവ്

കാസര്‍കോട് മഞ്ചേശ്വരത്ത് ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം; സിസിടിവി ദൃശ്യങ്ങളിൽ ആക്രമണം നടത്തിയത് ഹെല്‍മെറ്റ് വച്ച യുവാവ്
August 20 04:40 2019 Print This Article

കാസര്‍കോട് മഞ്ചേശ്വരത്ത് മംഗളൂരു രൂപതയുടെ കീഴിലുള്ള ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ആക്രമണസമയത്ത് ഹെല്‍മെറ്റ് ഉപയോഗിച്ച്‌ മുഖം മറച്ചിരുന്നു. മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷന് സമീപമുള്ള കാരുണ്യമാത പള്ളിക്ക് നേരെ കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.

ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണത്തിന് പിന്നില്‍. പള്ളിയുടെ മുന്നില്‍ വാഹനം നിര്‍ത്തിയശേഷം, അകത്തു കടന്നവര്‍ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. പള്ളിയുടെ മുന്‍ഭാഗത്തേയും, വശങ്ങളിലേയും ജനല്‍ ചില്ലുകളാണ് തകര്‍ത്തത്.

സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിയിലെത്തിയ പൊലീസ് സംഘം വികാരിയുള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി. പ്രദേശത്തെ മണല്‍ മാഫിയയാണ് അക്രമത്തിന് പിന്നിലെന്നാണ് ആക്ഷേപം. പള്ളിയുമായി ബന്ധപ്പെട്ട ചിലരെ കഴിഞ്ഞദിവസം മണല്‍ കടത്ത് സംഘം ആക്രമിച്ചിരുന്നു. സംഭവത്തിനെതിരെ പള്ളി കേന്ദ്രീകരിച്ച്‌ പ്രതിഷേധം ശക്തമായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തില്‍ പ്രതിഷേധവുമായി വിവിധരാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles