എന്‍ഡുറോമന്‍ ട്രയാത്തലണ്‍ പൂര്‍ണമാക്കിയ ആദ്യ ഏഷ്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി മായങ്ക് വൈദ്. ഈ നേട്ടം സ്വന്തമാക്കിയ ലോകത്തെ 44-ാം കായിക താരം കൂടിയാണ് മായങ്ക്. കുറഞ്ഞ സമയംകൊണ്ട് ലക്ഷ്യം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍താരം ബെല്‍ജിയത്തിന്റെ ജൂലിയന്‍ ഡെനയറുടെ റെക്കോര്‍ഡും തകര്‍ത്തു. 50 മണിക്കൂറും 24 മിനിറ്റുമാണ് മായങ്ക് ലക്ഷ്യം പൂര്‍ത്തിയാക്കാനെടുത്തതെങ്കില്‍ 52 മണിക്കൂറും 30 മിനിറ്റുമാണ് ബെല്‍ജിയം താരത്തിന്റെ മുന്‍ റെക്കോര്‍ഡ്.

ലണ്ടനിലെ മാര്‍ബിള്‍ ആര്‍ച്ചില്‍ നിന്ന് കെന്റ് തീരത്തെ ഡോവറിലേക്ക് 140 കിലോമീറ്റര്‍ ഓട്ടം, തുടര്‍ന്ന് ഫ്രഞ്ച് തീരത്തേക്ക് ഒരുഇംഗ്ലീഷ് ചാനലിലൂടെയുള്ള നീന്തല്‍ (33.8 കിലോമീറ്റര്‍ ദൂരം), ഇതിനുശേഷം 289.7 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ റൈഡിങ്ങും. കലായിസ് മുതല്‍ പാരിസ് വരെയാണ് സൈക്കിളിങ്. ഓട്ടവും പിന്നീട് നീന്തലും ഒടുവില്‍ സൈക്കിളിങ്ങും അടങ്ങിയ ട്രയാത്തലണ്‍ ലോകത്തെ ഏറ്റവും കടുപ്പമേറിയതാണ്.

ഏറ്റവും കടുപ്പമേറിയതുകൊണ്ടുതന്നെ ഈ ട്രയാത്തലണ്‍ പൂര്‍ത്തിയാക്കുന്നത് അപൂര്‍വം ആളുകള്‍ മാത്രമാണ്. ഒരു ഇന്ത്യന്‍ താരം റെക്കോര്‍ഡ് സമയത്തോടെ അത് പൂര്‍ത്തിയാക്കിയപ്പോള്‍ അപൂര്‍വ ബഹുമതിയാണ് തേടിയെത്തുന്നത്. എവറസ്റ്റ് കയറുന്നതിനേക്കാള്‍ കടുപ്പമാണ് ഇതെന്നാണ് മായങ്കിന്റെ പ്രതികരണം. ഓട്ടത്തേക്കാള്‍ ബുദ്ധിമുട്ട് നീന്തലും സൈക്കിള്‍ ചവിട്ടലുമാണെന്ന് താരം പറഞ്ഞു. 50 മണിക്കൂറോളം ഉറങ്ങാതിരിക്കുന്നത് മത്സരം കഠിനമാക്കുന്നു. നീന്തിക്കൊണ്ടിരിക്കുമ്‌ബോള്‍ ഫ്രഞ്ച് തീരം കാണുന്നതാണ് ഏറ്റവും വലിയ വെല്ലുവെളി. ഹിമാചല്‍ സ്വദേശിയായ മായങ്ക് ഹോങ്കോങ്ങില്‍ ലീഗല്‍ എക്സിക്യുട്ടീവ് ആണ്.