കൊളോണ്‍: സ്ത്രീകള്‍ക്ക് പ്രത്യേക പെരുമാറ്റച്ചട്ടം വേണമെന്ന് കൊളോണ്‍ മേയര്‍. ഇവര്‍ക്കു നേരെയുളള അതിക്രമങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായകമാകുമെന്നാണ് ഹെന്റിറ്റെ റെക്കര്‍ വാദിക്കുന്നത്. പുതുവര്‍ഷ രാവില്‍ ആയിരത്തോളം സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയമായതിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഈ നിര്‍ദേശം ഇവര്‍ മുന്നോട്ടു വച്ചത്. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി പൊലീസ് മേധാവി വൂള്‍ഫ് ഗാന്‍ഗ് അല്‍ബെഴ്‌സുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മേയര്‍ ഈ നിര്‍ദേശം അവതരിപ്പിച്ചത്.
ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ടതുണ്ടെന്നും മേയര്‍ റെക്കര്‍ പറഞ്ഞു. മറ്റിടങ്ങളില്‍ നിന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെ്. സ്ത്രീകള്‍ക്കും യുവതികള്‍ക്കുമായി പ്രത്യേക പെരുമാറ്റച്ചട്ടം രൂപീകരിക്കണം. നിലവിലുളളത് മാറ്റുകയും വേണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു. പെരുമാറ്റച്ചട്ടം ഓണ്‍ലൈനിലൂടെ പുതുക്കിയിരിക്കണമെന്ന നിര്‍ദേശവും വച്ചിട്ടുണ്ട്.
അപരിചിതരില്‍ നിന്ന് അകലം പാലിക്കണമെന്നും, നിങ്ങളുടെ കൂട്ടത്തോടൊപ്പം നില്‍ക്കണമെന്നും ആക്രമണം നേരിടേണ്ടി വന്നാല്‍ അടുത്തുളളവരോട് സഹായം ആവശ്യപ്പെടണമെന്നതും അടക്കമുളള നിര്‍ദേശങ്ങളാണ് പുതിയ പെരുമാറ്റച്ചട്ടത്തില്‍ നിര്‍ദേശിക്കുന്നത്. അതുമല്ലെങ്കില്‍ പൊലീസില്‍ വിവരമറിയാക്കമെന്നും ചട്ടം പറയുന്നു. അടുത്തമാസം നഗരത്തില്‍ നടക്കുന്ന കാര്‍ണിവലില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കുമെന്നും മേയര്‍ ഉറപ്പ് നല്‍കി. മദ്യപാനത്തെക്കുറിച്ചും യുവതികള്‍ക്ക അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മേയറുടെ നിലപാടില്‍ ഇതിനകം തന്നെ പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞു. ഇരകളെ കുറ്റക്കാരാക്കുന്ന നടപടിയാണിതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ഉണ്ടായ ആക്രമണങ്ങളിലെ പ്രതികള്‍ വടക്കന്‍ ആഫ്രിക്കക്കാരും അറബികളുമാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ അക്രമികളെല്ലാം തന്നെ പുതുതായി രാജ്യത്തെത്തിയ അഭയാര്‍ത്ഥികളല്ലെന്നാണ് മേയറുടെ പക്ഷം. ഇവരെ പൊലീസിന് നേരത്തെ അറിയാവുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം മേയര്‍ക്ക് തന്നെ ഗുരുതരമായ ആക്രമണം നേരിട്ടു. ഒരാള്‍ ഇവരെ കത്തികൊണ്ട് കുത്തുകയായിരുന്നു.