കശ്മീർ, അസം വിഷയങ്ങൾ…! “സ്ഥിതി ആശങ്കാജനകം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഐക്യരാഷ്ട്ര സഭ

കശ്മീർ, അസം വിഷയങ്ങൾ…! “സ്ഥിതി ആശങ്കാജനകം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഐക്യരാഷ്ട്ര സഭ
September 09 17:28 2019 Print This Article

കശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ ഹൈക്കമ്മീഷണർ. “ആശയവിനിമയത്തിനും, ഇന്റർനെറ്റ് സേവനത്തിനും, സമാധാനപരമായ സമ്മേളനത്തിനുമുള്ള നിയന്ത്രണങ്ങൾ, പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും പ്രവർത്തകരെയും തടങ്കലിൽ വയ്ക്കൽ എന്നിവയുൾപ്പെടെ അടുത്തിടെ കശ്മീരികളുടെ മനുഷ്യാവകാശങ്ങളിൽ കടന്നുകയറ്റം നടത്തിയ ഇന്ത്യൻ സർക്കാരിന്റെ നടപടിയിൽ വളരെയധികം ആശങ്കപ്പെടുന്നു,” എന്ന് മനുഷ്യാവകാശ കൗൺസിലിന്റെ 42-ാമത് സെഷനിൽ ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണർ മിഷേൽ ബാച്ചലെറ്റ് പ്രസ്താവനയിൽ പറഞ്ഞു.

മനുഷ്യാവകാശങ്ങളെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് ഉറപ്പു വരുത്താൻ ഇന്ത്യയിലെയും പാകിസ്ഥാനിലെയും സർക്കാരുകളോട് വീണ്ടും ആവശ്യപ്പെടുകയാണ്. പ്രത്യേകിച്ച് കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കർഫ്യൂകൾ ലഘൂകരിക്കാൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു ഹൈക്കമ്മീഷണർ പറഞ്ഞു.

അടിസ്ഥാന സേവനങ്ങൾക്കായുള്ള ജനങ്ങളുടെ അവകാശം ഉറപ്പാക്കണം. ഒപ്പം തടങ്കലിൽ പാർപ്പിച്ചിരിക്കുന്നവരുടെ എല്ലാ അവകാശങ്ങളും മാനിക്കപ്പെടണം. കശ്മീരിലെ ജനങ്ങളുടെ ഭാവിയിൽ സ്വാധീനം ചെലുത്തുന്ന തീരുമാനങ്ങളിലും പ്രക്രിയകളിലും അവരുടെ കൂടെ അഭിപ്രായം മാനിക്കേണ്ടത് പ്രധാനമാണ്, അവർ കൂട്ടിച്ചേർത്തു. അസമിലെ ദേശീയ പൗരത്വ പട്ടിക (എൻ‌.ആർ‌.സി) സംസ്ഥാനത്തെ ജനങ്ങളിൽ വലിയ ഉത്കണ്ഠ സൃഷ്ടിച്ചിട്ടുണ്ടെന്നും മിഷേൽ ബാച്ചലെറ്റ് പറഞ്ഞു.

ഓഗസ്റ്റ് 31- ന് പ്രസിദ്ധീകരിച്ച അസമിലെ, പൗരന്മാരുടെ അന്തിമ പട്ടികയിൽ നിന്ന് 19 ലക്ഷത്തിലധികം ആളുകളെ ഒഴിവാക്കിയത് വലിയ അനിശ്ചിതത്വത്തിനും കാരണമായതായി ബാച്ചലെറ്റ് പറഞ്ഞു.

പൗരത്വ പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ട ആളുകളുടെ എണ്ണം അസമിലെ മൊത്തം ജനസംഖ്യയുടെ 6% ആണ് ഇത് ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർഥികളുടെയും നാഗാലാൻഡിലെ മൊത്തം ജനസംഖ്യയുടെയും ഇരട്ടിയാണ്. പുറത്താക്കപ്പെട്ട ആളുകൾക്ക് ഇനി തീരുമാനത്തിനെതിരെ വിദേശികളുടെ ട്രൈബ്യൂണലുകളിൽ അപ്പീൽ നൽകേണ്ടി വരും.

കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles