ദുബായ്: ചവറ എംഎല്‍എ എന്‍.വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെ ദുബായ് കോടതിയുടെ അറസ്റ്റ് വാറണ്ട്. ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട ശ്രീജിത്ത് ദുബായ് വിട്ട സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തെ തടവായിരുന്നു ശ്രീജിത്തിന് കോടതി വിധിച്ചത്. 11 കോടി രൂപയുടെ ചെക്ക് മടങ്ങിയതാണ് കേസ്. ദുബായിലെ ഒരു ടൂറിസം കമ്പനിയില്‍ നിന്നുമാണ് ശ്രീജിത്ത് ഇത്രയും തുക തട്ടിച്ചത്.

ദുബായില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന ശ്രീജിത്ത് 2003 മുതല്‍ തവണകളായാണ് ഇത്രയും തുക കമ്പനിയില്‍ നിന്ന് വാങ്ങിയത്. തുകയ്ക്കുള്ള ചെക്ക് കമ്പനിക്ക് നല്‍കിയിരുന്നു. പിന്നീട് കമ്പനി ഈ ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചപ്പോള്‍ മടങ്ങുകയായിരുന്നു. കമ്പനി നല്‍കിയ കേസില്‍ ദുബായ് കോടതി ശ്രീജിത്ത് കുറ്റക്കാരനെന്നു കണ്ടെത്തുകയും രണ്ടു വര്‍ഷം തടവിന് ശിക്ഷിക്കുകയുമായിരുന്നു.

എന്നാല്‍ കോടതി വിധി വരുന്നതിനു മുമ്പേ ശ്രീജിത്ത് ദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയിരുന്നു. നാട്ടിലും ശ്രീജിത്ത് 10 കോടി രൂപയുടെ ചെക്ക് നല്‍കിയത് മടങ്ങിയിരുന്നു. ഈ സംഭവത്തില്‍ മാവേലിക്കര കോടതിയില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. രാഹുല്‍ കൃഷ്ണന്‍ എന്നയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം മകന്‍ സാമ്പത്തികതട്ടിപ്പ് നടത്തിയെന്ന ആരോപണം ശരിയെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് എംഎല്‍എ വിജയന്‍പിളള പറഞ്ഞു. മകന്റെ ഇടപാടുകളെക്കുറിച്ച് അറിയില്ല. മക്കളെ മോശമായിട്ടല്ല വളര്‍ത്തിയത്. പ്രായപൂര്‍ത്തിയായ മക്കള്‍ എന്തെങ്കിലും ചെയ്താല്‍ അത് അവര്‍ നോക്കുക്കൊള്ളുമെന്നും വിജയന്‍ പിള്ള വ്യക്തമാക്കി.