വെന്റിലേറ്റർ സഹായം ആവശ്യം വരുന്ന കൊറോണ ബാധിതരിൽ 65 ശതമാനത്തിൽ കൂടുതലും മരണപ്പെടുന്നതായി എൻ എച്ച് എസ് കണക്കുകൾ.

വെന്റിലേറ്റർ സഹായം ആവശ്യം വരുന്ന കൊറോണ ബാധിതരിൽ 65 ശതമാനത്തിൽ കൂടുതലും മരണപ്പെടുന്നതായി എൻ എച്ച് എസ് കണക്കുകൾ.
April 08 03:10 2020 Print This Article

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ഏറ്റവും പുതുതായി രേഖപ്പെടുത്തപ്പെട്ട എൻഎച്ച്എസ് കണക്കുകൾ പ്രകാരം, കൊറോണ ബാധിതരായവരിൽ ശ്വസിക്കുവാൻ വെന്റിലേറ്റർ സഹായം ആവശ്യം വരുന്ന രോഗികളിൽ 66.3 ശതമാനം പേരും മരണത്തിന് കീഴടങ്ങുന്നു. ഇന്റെൻസീവ് കെയർ നാഷണൽ അഡൽട്ട് ആൻഡ് റിസർച്ച് സെന്റർ പുറത്തുവിട്ട റിപ്പോർട്ടിൽ, വെന്റിലേറ്ററിൽ ഉള്ള കോവിഡ് 19 ബാധിച്ച രോഗികളുടെ മരണനിരക്ക് ഇരട്ടി ആയിരിക്കുകയാണ്. എന്നാൽ ഈ വൈറസ് ബാധയ്ക്കു മുൻപ് വെന്റിലേറ്റർ സഹായം ആവശ്യം വരുന്നവരിൽ, ഇത്രയധികം മരണനിരക്ക് രേഖപ്പെടുത്തിയിരുന്നില്ല. ഇതോടൊപ്പം തന്നെ കൊറോണ ബാധിച്ചു ബ്രിട്ടണിൽ ഇന്റെൻസീവ് കെയർ യൂണിറ്റുകളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നവരുടെ മരണനിരക്ക് 50 ശതമാനത്തിനും ഏറെയായി ഉയർന്നിരിക്കുകയാണ്.

2249 കൊറോണ ബാധിതരുടെ വിവരങ്ങളിൽ നിന്നാണ് ഈയൊരു റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 346 പേർ മരണപ്പെടുകയും, 344 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ബാക്കിയുള്ള 1,559 പേർ ഇപ്പോഴും ക്രിട്ടിക്കൽ കെയർ യൂണിറ്റുകളിൽ ചികിത്സയിലാണ്. കണക്കുകൾ പ്രകാരം രോഗം ബാധിച്ചവരിൽ 73 ശതമാനം പേരും പുരുഷന്മാരാണ്. 27% സ്ത്രീകൾക്കു മാത്രമാണ് രോഗം ബാധിച്ചിരിക്കുന്നത്.

രക്ഷപെടുവാൻ സാധ്യതയുള്ള കൊറോണ ബാധിതർക്കു വേണ്ടി മാത്രം വെന്റിലേറ്ററുകൾ മാറ്റി വയ്ക്കുമെന്ന് ഇംപീരിയൽ കോളേജ് ഹെൽത്ത് കെയർ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. വെന്റിലേറ്ററുകളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നവരിൽ ഇത്രയധികം മരണനിരക്ക് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ, രക്ഷപ്പെടുവാൻ സാധ്യതയുള്ളവരെയാണോ ഇത്തരത്തിൽ അഡ്മിറ്റ് ചെയ്യുന്നത് എന്ന് പരിശോധിക്കുമെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ ഇന്റെൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിലാണ്. അദ്ദേഹത്തെ ഞായറാഴ്ചയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞ രാത്രി അദ്ദേഹത്തിന്റെ അവസ്ഥ മോശമായതിനെത്തുടന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. പ്രധാനമന്ത്രി ചികിത്സയിൽ ആയിരിക്കുന്ന സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ ചുമതലകൾ സ്റ്റേറ്റ് സെക്രട്ടറി ഡൊമിനിക് റാബിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles