കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണങ്ങളും സജീവമാവുകയാണ്. രോഗ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന്റെ സൈറ്റുകളിലും ഫേസ്ബുക്ക് പേജുകളിലും ലഭ്യമാണ്.

മദ്യപിച്ചാല്‍ വൈറസ് നശിക്കുമെന്നും രസം കുടിച്ചാല്‍ വൈറസ് ബാധ തടയാമെന്നും തരത്തിലുള്ള സന്ദേശങ്ങല്‍ വാട്‌സ് ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. ഇതേ കുറിച്ച് ഡോക്ടര്‍ രാജീവ് ജയദേവന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

കുറിപ്പിന്റെ പൂര്‍ണരൂപം.

സത്യവും മിഥ്യയും:

കൊറോണ വൈറസിനെ പറ്റി വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയുക

ഡോ . രാജീവ് ജയദേവന്‍

29 January 2020

മിഥ്യ (വ്യാജ വാര്‍ത്ത):

”ബാംഗ്ലൂരിലുള്ള ഹോമിയോ ക്ലിനിക്കില്‍ ചികിത്സ കണ്ടുപിടിച്ചിരിക്കുന്നു”.

ജനങ്ങളുടെ ഭയം മുതലെടുത്ത് ചുളിവില്‍ പ്രശസ്തി നേടാന്‍ ചില വ്യക്തികള്‍ ശ്രമിക്കാറുണ്ട് , ഇത്തരം അവകാശവാദങ്ങളെ തള്ളിക്കളയുക, ഫോര്‍വേഡ് ചെയ്യാതിരിക്കുക. ഹോമിയോപ്പതി ഡോക്ടര്‍മാരുടെ ഔദ്യോഗിക സംഘടനയുടെ അറിവോ സമ്മതമോ കൂടാതെയാണ് ഇത്തരം വിരുതന്മാര്‍ പ്രവര്‍ത്തിക്കുന്നത് എന്നും ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു.

സത്യം: കൊറോണ വൈറസിന് പ്രത്യേക മരുന്നോ വാക്സിനോ ഇതു വരെ കണ്ടുപിടിച്ചിട്ടില്ല. ചൈനയിലാണ് 99% കേസും എന്നോര്‍ക്കണം. മറ്റു വൈറസുകള്‍ക്കുള്ള മരുന്നുകള്‍ കോറോണയ്ക്ക് ഫലിക്കുമോ എന്ന് പരീക്ഷണങ്ങള്‍ ചൈനയില്‍ നടന്നു വരുന്നു. ഫലം അറിവായിട്ടില്ല. അതു കൊണ്ട് ‘എന്റെ കയ്യില്‍ ഇതിനു മരുന്നുണ്ട്’ എന്ന് ആരെങ്കിലും അവകാശവാദം ഉന്നയിച്ചാല്‍ അത് വ്യാജം തന്നെ എന്നോര്‍ക്കുക.

മിഥ്യ: ‘തൊണ്ട നനച്ചുകൊണ്ടിരുന്നാല്‍ കൊറോണ വരില്ല’

കൊറോണയെപ്പറ്റി യാതൊരു അറിവുമില്ലാത്തവര്‍ എന്തും എഴുതുന്ന കാലമാണിത്. തീര്‍ത്തും വ്യാജം .

മിഥ്യ: ‘മദ്യപിച്ചാല്‍ കൊറോണ വൈറസ് നശിച്ചു പൊയ്‌ക്കൊള്ളും’

മദ്യത്തെ ഏതു വിധേനയും വാഴ്ത്തുന്നവര്‍ അവസരം നോക്കി ഇറക്കിയ പോസ്റ്റ്. വ്യാജം .

മിഥ്യ: ‘നോണ്‍ വെജ് കഴിച്ചാല്‍ കൊറോണ വരും’

വ്യാജ വാര്‍ത്തയാണ്. മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേക്ക് പടര്‍ന്ന അനേകം വയറസുകളില്‍ ഒന്നാണ് കൊറോണ എന്നത് വാസ്തവം. എന്നാല്‍ ഇപ്പോള്‍ അത് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്കാണ് പകരുന്നത്. അതു കൊണ്ട് നോണ്‍ വെജ് ഭക്ഷണം ഒഴിവാക്കേണ്ട കാര്യമില്ല. ബീഫ് ഫ്രൈ തിന്നാല്‍ പേ പിടിക്കും എന്നു പറയുന്നതു പോലെയാണിത്, ശുദ്ധ മണ്ടത്തരം.

സാധാരണ മാസ്‌ക്ക് ധരിച്ചാല്‍ കൊറോണ വരില്ല: തെറ്റ്

പനിയുള്ള രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ പ്രത്യേക N-95 മാസ്‌ക്ക് ധരിക്കേണ്ടതാണ്, അത് മുഖത്ത് വിടവില്ലാതെ നന്നായി ഫിറ്റ് ചെയ്യേണ്ടതാണ്. സാധാരണ മാസ്‌ക്ക് വൈറസിനെ തടഞ്ഞു നിര്‍ത്തുകയില്ല, കാരണം അവയുടെ സുഷിരങ്ങളിലും വിടവിലും കൂടി വൈറസ് അടങ്ങിയ ചെറിയ കണങ്ങള്‍ ഉള്ളില്‍ പ്രവേശിക്കും .

അത്യാവശ്യം അറിയേണ്ട മറ്റു കാര്യങ്ങള്‍:

1. ഇന്ത്യയില്‍ കൊറോണ ഇന്നു വരെ സ്ഥിതീകരിച്ചിട്ടില്ല. ‘ചിലര്‍ നിരീക്ഷണത്തിലാണ് ‘ എന്നു വച്ചാല്‍ ‘അവര്‍ക്ക് കൊറോണ ഉണ്ട്’ എന്നര്‍ത്ഥമാക്കരുത്. Pune Institute of Virology ആണ് പരിശോധന നടത്തുന്നത്.

2. ലോകത്ത് ഇന്നു വരെ 4593 കൊറോണ കേസുകള്‍ സ്ഥിതീകരിച്ചു, അതില്‍ 4537 ചൈനയില്‍ ആണ് , അവരില്‍ 106 പേര്‍ മരണപ്പെട്ടു. (WHO data, 29.1.2020)

3. വൈറസ് ശ്വാസകോശത്തെ സാരമായി ബാധിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്. ARDS, pneumonia എന്നിവ ഗുരുതരമായ സങ്കീര്‍ണതകളാണ് .

4. കൃത്യമായ ചികിത്സയില്ലാത്ത കോറോണയുടെ കേസിലും, നിപ്പയുടെ കാര്യത്തില്‍ എന്ന പോലെ വൈറസ് പൊതുസമൂഹത്തില്‍ പടര്‍ന്നു പിടിക്കാതിരിക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി കൈക്കൊള്ളുകയാണ് ഇപ്പോള്‍ വേണ്ടത്. ഛൗയേൃലമസ തടയാനുള്ള ഫലപ്രദമായ ഉപാധിയാണ് containment. അതു കൊണ്ടാണ് വൈറസ് ബാധയുണ്ടോ എന്നു സംശയം തോന്നുന്ന രോഗികളെ നിരീക്ഷിക്കുന്നത്.

6. ചുമ , തുമ്മല്‍ എന്നിവ മറ്റുള്ളവരുടെ മുഖത്തേക്കു നോക്കി ഒരിക്കലും ചെയ്യരുത് , സ്വന്തം കൈവെള്ളയിലേക്കും അരുത്. കൈമുട്ടു മടക്കി (bent elbow)അതിലേയ്ക്കാണ് ചുമയ്‌ക്കേണ്ടത് , അങ്ങനെയാവുമ്പോള്‍ നമ്മുടെ വിരലുകളില്‍ വൈറസ് പറ്റിയിരിക്കുകയില്ല, കൈ മറ്റുള്ളവരെ സ്പര്‍ശിക്കുമ്പോള്‍ വൈറസ് പടരുകയുമില്ല.

7. Shake hands പരമാവധി ഒഴിവാക്കുക. ഒരാളുടെ വിരലുകളില്‍ പറ്റിയിരിക്കുന്ന വൈറസുകള്‍ മറ്റൊരാള്‍ക്ക് എളുപ്പം പകര്‍ന്നു കൊടുക്കാനുള്ള മാര്‍ഗമായാണ് ആധുനിക വൈദ്യശാസ്ത്രം ഹസ്തദാനത്തെ ഇന്നു കാണുന്നത്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. Shake hands-നു പകരം നിര്‍ദോഷകരമായ ഒരു കൂപ്പുകൈ ആവാം.

സ്‌ക്കൂള്‍, ഷോപ്പിംഗ് മാള്‍, റയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പൊതുസ്ഥങ്ങളിലെ ഗോവണിയുടെ റെയ്ലിങ്ങ്, ബാത്‌റൂം വാതിലിന്റെ ഹാന്‍ഡില്‍, കമ്പ്യൂട്ടര്‍ മൗസ് മുതലായ ഇടങ്ങളില്‍ മറ്റുള്ളവരോടൊപ്പം നമ്മളും കൈ കൊണ്ടു പിടിക്കാന്‍ ഇടയാകാറുണ്ട്.

ഇവിടെയൊക്കെ പറ്റിയിരിക്കുന്ന അണുക്കള്‍ക്ക് നമ്മുടെ കൈവിരലുകളില്‍ എളുപ്പം കയറിപ്പറ്റാന്‍ ഇപ്രകാരം സാധിക്കുന്നു. അതിനാല്‍, കൈ ഇടയ്ക്കിടയ്ക്ക് കഴുകുന്നത് അണുബാധ ഒഴിവാക്കാന്‍ ഉപകരിക്കും.

പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ കഴുകാത്ത കൈ കൊണ്ട് ഇടയ്ക്കിടയ്ക്ക് മൂക്ക്, മുഖം, ചുണ്ട് ഇവയൊക്കെ തൊടുന്നത് അദൃശ്യരായ അനേകം രോഗാണുക്കള്‍ എളുപ്പത്തില്‍ നമ്മുടെ ഉള്ളില്‍ കയറാനുള്ള വഴിയൊരുക്കുന്നു.

കൊറോണ, H1N1 വൈറസ് ഭീഷണി ഉണ്ടെങ്കിലും ഇല്ലെങ്കിലും, പനിക്കാലമാവുമ്പോള്‍ കൈ ഇടയ്ക്കിടക്ക് സോപ്പിട്ടു കഴുകുന്നത് മറ്റുള്ളവരില്‍ നിന്നുള്ള വൈറസ് നമ്മുടെയുള്ളില്‍ പ്രവേശിക്കാതിരിക്കാന്‍ ഉപകരിക്കും.

9. H1N1 ഉള്‍പ്പെടുന്ന influenza virus family, RSV, Adenovirus മുതലായ അനേകം വൈറസുകള്‍ മൂലം പനി വരാം. വൈറല്‍ പനിയുള്ളവര്‍ പനി മാറി രണ്ടു ദിവസമെങ്കിലും കഴിയുന്നതു വരെ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുക എന്നത് എല്ലാവരും അറിയേണ്ട കാര്യമാണ്. പ്രത്യേകിച്ചും സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കാരണം അവര്‍ ക്ളാസിലുള്ള മറ്റുള്ളവര്‍ക്ക് പനി പടര്‍ത്താന്‍ സാധ്യത കൂടുതലാണ്.

10. ഡോക്ടര്‍മാരുടെ ശ്രദ്ധയ്ക്ക്:

ആരെ സംശയിക്കണം ?

കഴിഞ്ഞ 14 ദിവസങ്ങള്‍ക്കുള്ളില്‍ കൊറോണ വൈറസ് രോഗികളുമായി സമ്പര്‍ക്കമോ, ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ യാത്രയോ ചെയ്ത ഒരാളില്‍ പനി, ചുമ, ശ്വാസം മുട്ടല്‍ എന്നീ ലക്ഷണങ്ങള്‍ വന്നാല്‍ സംശയിക്കേണ്ടതാണ്.

അതിനാല്‍ പനിയുമായി വരുന്ന രോഗികളുടെ യാത്ര വിവരങ്ങള്‍ ഡോക്ടര്‍മാര്‍ ചോദിച്ചറിയേണ്ടതാണ്.

സംശയമുണ്ടെങ്കില്‍ എന്തു ചെയ്യണം?

കൊറോണ സംശയിക്കുന്നുണ്ടെങ്കില്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ച പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യേണ്ടതാണ്. എറണാകുളം ജില്ലയിലെ ഡോക്ടര്‍മാരുടെ സാങ്കേതികമായ ചോദ്യങ്ങള്‍ക്ക് എറണാകുളം നോഡല്‍ ഓഫീസര്‍ ഡോ ഫത്താഹുദീന്‍ 9847278924 മറുപടി നല്‍കുന്നതാണ്. DHS വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

പുതിയ ഒരു ആരോഗ്യ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ വാളെടുത്തവനൊക്കെ വെളിച്ചപ്പാടാകുന്ന അവസ്ഥ നമുക്ക് സുപരിചിതമാണ് . കൊറോണ ഗൗരവമേറിയ ആരോഗ്യ വിഷയമാണ്. WHO, CDC, DHS (directorate of health services), IMA (Indian Medical Association) മുതലായ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നല്ലാതെ വാര്‍ത്തയോ നിര്‍ദ്ദേശങ്ങളോ ഉപദേശമോ വായിച്ചാല്‍ കബളിപ്പിക്കപ്പെടാനും അകാരണമായ ഭയം ഉണ്ടാകാനും കാരണമാകും. അത്തരം വ്യാജ സന്ദേശങ്ങള്‍ ദയവു ചെയ്ത് ഫോര്‍വേഡ് ചെയ്യാതിരിക്കുക.