ലണ്ടന്‍: എന്‍ എച്ച് എസില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ക്ക് ശന്പളത്തില്‍ നിന്ന് നല്ലൊരു ശതമാനം പാര്‍ക്കിങ് ഫീസായി നല്‍കേണ്ടി വരുന്നുവെന്ന് പരാതി. എന്‍ എച്ച് എസിന്റെ കീഴിലുള്ള 247 ആശുപത്രികളിലാണ് ജോലി ചെയ്യാനെത്തുന്ന ജീവനക്കാരില്‍ നിന്ന് പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത്. പാര്‍ക്കിംഗ് ഫീസുകളെക്കുറിച്ച് ആരാഞ്ഞു ജി എം ബി യൂണിയന്‍ ട്രസ്റ്റുകള്‍ക്ക് അയച്ച കത്തിന് മറുപടി നല്ലിയത് 131 ട്രസ്റ്റുകള്‍ മാത്രം. അതില്‍ തന്നെ 92 ട്രസ്റ്റുകള്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നുവെന്നാണ് അറിയിച്ചിട്ടുള്ളത്.

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ബ്രിസ്റ്റലാണ് ഇതില്‍ മുന്‍പില്‍. ഏകദേശം £1300 ആണ് ഇവര്‍ ഒരു വര്‍ഷത്തേക്ക് നേഴ്‌സില്‍ നിന്ന് പാര്‍ക്കിംഗ് ഇനത്തില്‍ ഈടാക്കുന്നത്. ബര്‍മിംഗ്ഹാമും ലെസ്റ്ററും തൊട്ടു പിന്നില്‍ തന്നെയുണ്ട്. മുന്‍ ടോറി മിനിസ്റ്റര്‍ റോബര്‍ട്ട് ഹല്‍ഫോണ്‍ പാര്‍ക്കിംഗ് ഫീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പാര്‍ക്കിംഗ് ഫീസില്‍ വര്‍ദ്ധനവ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ശമ്പളത്തില്‍ കാര്യമായ യാതൊരു വര്‍ദ്ധനയും കുറെ കാലങ്ങളായി നഴ്സുമാരുടെ കാര്യത്തില്‍ ഉണ്ടാകാത്തപ്പോഴും പാര്‍ക്കിംഗ് ഫീസ്‌ ഈടാക്കാനും വര്‍ദ്ധിപ്പിക്കാനും എന്‍എച്ച്എസുകള്‍ യാതൊരു മടിയും കാണിക്കുന്നില്ല. മില്യന്‍ കണക്കിന് പൗണ്ട് ആണ് ഓരോ വര്‍ഷവും പാര്‍ക്കിംഗ് ഫീ ഇനത്തില്‍ വിവിധ ട്രസ്റ്റുകള്‍ നേടുന്നത്.

പാര്‍ക്കിംഗ് ചാര്‍ജ്ജിന്റെ പേരില്‍ നഴ്സുമാരെ പിഴിയുന്നത് പോലെ തന്നെയാണ് രോഗികളെയും സന്ദര്‍ശകരെയും പിഴിയുന്നതും. മണിക്കൂറിന് നാല് പൗണ്ട് വരെയാണ് പല ഹോസ്പിറ്റലുകളും സന്ദര്‍ശകരില്‍ നിന്നും ഈടാക്കുന്നത്.