ലണ്ടന്‍: പുതിയ കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കാനുള്ള നീക്കങ്ങളുമായി ഗവണ്‍മെന്റ് മുന്നോട്ടു പോകുകയാണെങ്കില്‍ ഭൂരിപക്ഷം ജൂനിയര്‍ ഡോക്ടര്‍മാരും എന്‍എച്ച്എസ് വിട്ടേക്കും. ആയിരത്തോളം ഡോക്ടര്‍മാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയാണ് ഇത് സൂചിപ്പിക്കുന്നത്. യുകെയുടെ ആരോഗ്യമേഖലയ്ക്ക് വന്‍ പ്രതിസന്ധിയായിരിക്കും ഇത് സൃഷ്ടിക്കുക. ആയിരത്തിലേറെ ഡോക്ടര്‍മാരില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരം പുറത്തു വന്നത്. വാരാന്ത്യങ്ങളിലും മറ്റും അധിക ജോലി ചെയ്യുന്നതിന് കൂടുതല്‍ ശമ്പളം വേണമെന്നതാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പുതിയ കരാര്‍ വ്യവസ്ഥകള്‍ പ്രകാരം അധിക ശമ്പളമില്ലാതെതന്നെ അധിക സമയം ഡോക്ടര്‍മാര്‍ ജോലി ചെയ്യേണ്ടി വരും. ഇത് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്. ഇരുപത്തിനാലു മണിക്കൂര്‍ നീളുന്ന രണ്ടാം ഘട്ട സമരം ഇന്ന് ആരംഭിക്കും.
സമരം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ഫെബ്രുവരി ഒമ്പതിന് നടത്തിയിരുന്നു. എന്നാല്‍ അസോസിയേഷന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാതിരുന്നതിനേത്തുടര്‍ന്നാണ് ഇന്ന് രണ്ടാം ഘട്ട സമരത്തിന് ആഹ്വാനം നല്‍കിയത്. ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താനുദ്ദേശിച്ചു നടത്തുന്ന പ്രക്ഷോഭങ്ങള്‍ ഫലം കണ്ടില്ലെങ്കില്‍ കരാര്‍ വ്യവസ്ഥകള്‍ ഉടന്‍ തന്നെ നിലവില്‍ വരും. ഇപ്പോള്‍ വാരാന്ത്യങ്ങളില്‍ ജോലി ചെയ്യുന്നതിനുള്‍പ്പെടെ ലഭിക്കുന്ന അധിക ശമ്പളം ഇതോടെ ഇല്ലാതാകും. എന്‍എച്ച്എസ് സ്റ്റാഫ് പാറ്റേണില്‍ നവീകരണവും ആഴ്ചയില്‍ എല്ലാ ദിവസവും സേവനവും ലഭ്യമാക്കുകയാണ് ഈ നടപടികളിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

1045 ഡോക്ടര്‍മാര്‍ക്കിടയില്‍ ബിഎംഎയ്ക്കു പുറത്തുള്ള ഓണ്‍ലൈന്‍ ജൂനിയര്‍ ഡോക്ടര്‍ നെറ്റ്‌വര്‍ക്ക് ആണ് സര്‍വേ നടത്തിയത്. ഇപ്പോള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള കരാര്‍ വ്യവസ്ഥകള്‍ ഭേദഗതികള്‍ വരുത്താതെ നടപ്പിലാക്കിയാല്‍ രാജിയേക്കുറിച്ച ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 922 പേര്‍ അനുകൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ പുതിയ കരാര്‍ ഡോക്ടര്‍മാര്‍ക്ക് ഉപരിപഠനത്തിനുള്ള അവസരമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചത്. എന്നാല്‍ കരാറിലെ ചില വ്യവസ്ഥകള്‍ തങ്ങള്‍ക്ക് അംഗീകരിക്കാനാകില്ലെന്ന് ബിഎംഎ അറിയിച്ചു. ഡോക്ടര്‍മാര്‍ ഇപ്പോഴും വാരാന്ത്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ സാമാന്യയുക്തി ഉപയോഗിക്കാതെ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള നീക്കം സേവനതല്‍പരരായ ജൂനിയര്‍ ഡോക്ടര്‍മാരെ പിന്നിലേക്ക് വലിക്കുമെന്നും ബിഎംഎ വൃത്തങ്ങള്‍ പറഞ്ഞു.

ഇന്നത്തെ സമരം മൂലം 2884 ശസ്ത്രക്രിയകളാണ് മാറ്റി വെച്ചതെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി. എമര്‍ജന്‍സി സേവനങ്ങളെ ഒഴിവാക്കിയാണ് ഡോക്ടര്‍മാര്‍ സമരും നടത്തുന്നത്. പൊതുജനങ്ങളും ഡോക്ടര്‍മാരുടെ ഈ സമരത്തിന് അനുകൂലമാണ്. സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് തന്നെയാണ് തടയിട്ടതെന്ന് ഇന്നലെ ഇന്‍ഡിപെന്‍ഡന്റ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരാര്‍ വ്യവസ്ഥകള്‍ക്കെതിരേ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ സ്വമേധയാ അതില്‍ ഒപ്പു വെയ്ക്കുമെന്നാണ് ഹണ്ടിേെന്റാ നിലപാട്. എന്നാല്‍ ഈ വ്യവസ്ഥകള്‍ ബലമായി നടപ്പാക്കരുതെന്ന് ലേബര്‍ ഷാഡോ ആരോഗ്യ മന്ത്രി ജസ്റ്റിന്‍ മാഡേഴ്‌സ് ആവശ്യപ്പെട്ടു.