യുകെയിൽ NMC രജിസ്ട്രേഷന് IELTS ന് പുറമേ OET യും പരിഗണിക്കും. നിലവിൽ 40,000 വേക്കൻസികൾ.  കേരളത്തിലെ ഏക ടെസ്റ്റ് സെൻറർ കൊച്ചിയിൽ. എന്താണ് ഒക്കുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (OET)?

യുകെയിൽ NMC രജിസ്ട്രേഷന് IELTS ന് പുറമേ OET യും പരിഗണിക്കും. നിലവിൽ 40,000 വേക്കൻസികൾ.  കേരളത്തിലെ ഏക ടെസ്റ്റ് സെൻറർ കൊച്ചിയിൽ. എന്താണ് ഒക്കുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (OET)?
October 19 18:03 2017 Print This Article

ബിനോയി ജോസഫ്

യൂറോപ്പിനു പുറത്തു നിന്നുള്ള രാജ്യങ്ങളിലെ ഹെൽത്ത് പ്രഫഷണലുകൾക്ക് യുകെയിലെ നഴ്സസ് ആൻഡ് മിഡ് വൈഫറി കൗൺസിലിൽ രജിസ്റ്റർ ചെയ്യാനുള്ള അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനത്തിൻറെ യോഗ്യത തെളിയിക്കാൻ IELTS ന് പുറമേ ഒക്കുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (OET) യും ഇനി മുതൽ ഉപയോഗിക്കാം. 2017 നവംബർ ഒന്നു മുതൽ OET യും NMC രജിസ്ട്രേഷന് യോഗ്യതയായിരിക്കും. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാരുടെ യുകെ രജിസ്ട്രേഷനിൽ വന്ന കുറവും യുകെയിൽ നിലവിൽ 40,000 നഴ്സിംഗ് വേക്കൻസികൾ ഉള്ളതുമാണ് NMC യെ ഇങ്ങനെ ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. ഇംഗ്ളീഷ്  സംസാരിക്കുന്ന ഓസ്ട്രേലിയ, ക്യാനഡ, സൗത്ത് ആഫ്രിക്ക, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ പോലും IELTS പാസാകാൻ ബുദ്ധിമുട്ടുന്ന സാഹചര്യവും NMC യുടെ പുതിയ പരിഷ്കാരങ്ങളുടെ പിന്നിലുണ്ട്. ബ്രെക്സിറ്റ് ഭീതിയിൽ യൂറോപ്പിൽ നിന്നും യുകെയിലേയ്ക്കുള്ള കുടിയേറ്റത്തിൽ വന്ന കുറവും പബ്ലിക്ക് കൺസൽട്ടേഷൻ നടത്താൻ NMC യെ പ്രേരിപ്പിച്ചു.

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ OET ടെസ്റ്റ് സെന്ററുകൾ ഉണ്ട്. ഇന്ത്യയിൽ കൊച്ചിയടക്കം പ്രധാന നഗരങ്ങളിൽ എല്ലാം OET ടെസ്റ്റ് സെൻറുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഡൽഹി, ചെന്നൈ, ബാംഗ്ളൂർ, മുംബൈ, ഹൈദരാബാദ്, കോൽക്കത്ത എന്നിവിടങ്ങളിലും ടെസ്റ്റ് എഴുതാം. കൊച്ചിയിൽ ഷിപ്പ് യാർഡിനു എതിർവശത്തുള്ള പ്ലാനറ്റ് എഡ്യൂ എക്സാംസ് പ്രൈവറ്റ് ലിമിറ്റഡാണ് ടെസ്റ്റ് നടത്തുന്നത്.

എന്താണ് ഒക്കുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് ( OET)?

ഒക്കുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് അല്ലെങ്കിൽ OET എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്റർനാഷണൽ ഇംഗ്ലീഷ് ലാഗ്വേജ് ടെസ്റ്റ് ഹെൽത്ത് കെയർ സെക്ടറിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടിയുള്ളതാണ്. ഡെൻറിസ്ട്രി, ഡയറ്റിക്സ്, മെഡിസിൻ, നഴ്സിംഗ്, ഒക്കുപ്പേഷണൽ തെറാപ്പി, ഒപ്ടോമെസ്ട്രി, ഫാർമസി, ഫിസിയോതെറാപ്പി, പോഡിയാട്രി, റേഡിയോഗ്രാഫി, സ്പീച്ച് പതോളജി, വെറ്റിനറി സയൻസ് എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കാണ് OET യിൽ ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കാവുന്നത്.

നാല് സബ് ടെസ്റ്റുകളാണ് OET യിൽ ഉള്ളത്. ഏകദേശം 50 മിനിട്ട് നീണ്ടു നിൽക്കുന്ന ലിസണിംഗ്, 60 മിനിട്ടിന്റെ റീഡിംഗ്, 45 മിനിട്ടിൻറെ റൈറ്റിംഗ്, 20 മിനിട്ടോളം ദൈർഘ്യം വരുന്ന സ്പീക്കിംഗ് എന്നിവ. ലിസണിംഗ് ടെസ്റ്റിന് രണ്ടു പാർട്ടുകൾ ഉണ്ട്. പാർട്ട് എയിൽ ഹെൽത്ത് പ്രഫഷണലും പേഷ്യന്റും തമ്മിൽ നടക്കുന്ന റെക്കോർഡ് ചെയ്ത സംഭാഷണം കേട്ടതിനു ശേഷം അതുമായി ബന്ധപ്പെട്ട നോട്ടുകൾ തയ്യാറാക്കണം. പാർട്ട് ബിയിൽ ആരോഗ്യ സംബന്ധമായ ഒരു വിഷയത്തെക്കുറിച്ച് ഹെൽത്ത് പ്രഫഷണൽ നല്കുന്ന ലഘു വിശദീകരണത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നല്കണം. ഓരോ റെക്കോർഡും ഒരിക്കൽ മാത്രമേ കേൾക്കാൻ സാധിക്കുകയുള്ളൂ. കേൾക്കുന്നതിനിടയിൽ തന്നെ ഉത്തരം എഴുതണം.

റീഡിംഗ് ടെസ്റ്റിലെ പാർട്ട് എ 15 മിനിട്ട് നീണ്ടു നിൽക്കുന്നതാണ്. പരീക്ഷാർത്ഥികൾ മൂന്നോ നാലോ ഷോർട്ട് ടെക്സ്റ്റുകൾ വായിച്ചതിനുശേഷം  അവയുടെ സമ്മറിയായി നല്കിയിരിക്കുന്ന പാരഗ്രാഫിൽ വിട്ടു പോയിരിക്കുന്നവ വാക്കുകൾ ചേർത്ത് എഴുതണം.  25-35 ഗ്യാപ്പുകൾ അനുയോജ്യമായ വാക്കുകൾ ഉപയോഗിച്ച് പൂരിപ്പിക്കണം.    സമയ ബന്ധിതമായി കാര്യങ്ങൾ വായിച്ച് മനസിലാക്കാനുള്ള കഴിവു തെളിയിക്കാനാണിത്. പാർട്ട് ബിയ്ക്ക് 45 മിനിട്ട് സമയമുണ്ട്. ഈ ടെസ്റ്റിൽ ഹെൽത്ത് കെയറുമായി ബന്ധപ്പെട്ട 600-മുതൽ 800 വരെ വാക്കുകൾ ഉള്ള പാസേജ് വായിച്ചതിനു ശേഷം 16 മുതൽ 20 വരെ മൾട്ടിപ്പിൽ ചോയ്സ് ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം.

45 മിനിട്ടാണ് റൈറ്റിംഗ് ടെസ്റ്റിന് ഉള്ളത്. തികച്ചും പ്രഫഷനുമായി ബന്ധപ്പെട്ട ടെസ്റ്റാണിത്. പരീക്ഷാർത്ഥികൾ ഒരു റഫറൽ ലെറ്റർ തയ്യാറാക്കാനാണ് ആവശ്യപ്പെടുക. പ്രഫഷന്റെ വ്യത്യാസമനുസരിച്ച് റഫറലിനു പുറമേ ട്രാൻസ്ഫർ അല്ലെങ്കിൽ ഡിസ്ചാർജ് ലെറ്റർ, പേഷ്യന്റ്, കെയറർ അഡ് വൈസ് ലെറ്റർ എന്നിവയും തയ്യാറാക്കാൻ ആവശ്യപ്പെടാറുണ്ട്. ലെറ്ററിൽ ഉൾപ്പെടുത്താനുള്ള കേസ് നോട്ടുകൾ നല്കും. ഗ്രാമറും ശരിയായ വാക്കുകളുടെ ഉപയോഗവും കോംബ്രിഹെൻഷനും എഴുതുന്ന ലേഔട്ടും അനുസരിച്ച് ഗ്രേഡിംഗ് ലഭിക്കും.

സ്പീക്കിംഗ് ടെസ്റ്റിൽ ഇന്റർവ്യൂവറുമായി വൺ ടു വൺ സംഭാഷണവും റോൾ പ്ലേയും ഉണ്ടാവും. പരീക്ഷാർത്ഥിയുടെ പ്രഫഷണൽ ബാക്ക്ഗ്രൗണ്ട് സംബന്ധമായ ഒരു വാം അപ്പ് ഇന്റർവ്യു ആണ് ആദ്യം നടക്കുക. അതിനു ശേഷം രണ്ട് റോൾ പ്ലേ ഉണ്ടാവും. ഇതിന് തയ്യാറാകാൻ 2-3 മിനിട്ട് ലഭിക്കും. റോൾ പ്ലേ അഞ്ചു മിനിട്ടോളം നീണ്ടു നിൽക്കും. പരീക്ഷാർത്ഥി ഇതിൽ തങ്ങളുടെ പ്രഫഷണൽ റോൾ കൈകാര്യം ചെയ്യണം. OET യുടെ നാല് ടെസ്റ്റുകളും A മുതൽ E വരെ ഗ്രേഡ് ചെയ്തിട്ടുണ്ട്. ലിസണിംഗിനും റീഡിംഗിനും ഗ്രേഡുമായി ബന്ധപ്പെടുത്തുന്ന ഒരു നിശ്ചിത സ്കോർ സെറ്റ് ചെയ്തിട്ടില്ല. റൈറ്റിംഗിലും റീഡിംഗിലും രണ്ടു ഇൻഡിപെഡന്റ് അസ്സസ്സർമാർ നടത്തുന്ന സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് വഴിയാണ് ഗ്രേഡ് കണ്ടെത്തുക. വിവിധ ഗ്രേഡുകളുടെ വിവരണം താഴെക്കൊടുത്തിരിക്കുന്നു.

ഓരോ വർഷവും 12 ഓളം ടെസ്റ്റുകൾ ഓരോ കേന്ദ്രങ്ങളിലും നടത്താറുണ്ട്. ഏകദേശം 16 ബിസിനസ് ഡേയ്ക്കുള്ളിൽ റിസൽട്ട് പബ്ളിഷ് ചെയ്യും. ഒറ്റ സിറ്റിംഗിൽ ഓരോ ടെസ്റ്റിനും B ഗ്രേഡ് എങ്കിലും കരസ്ഥമാക്കിയ വരെയാണ് ഓർഗനൈസേഷനുകൾ സാധാരണരീതിയിൽ ക്വാളിഫൈ ചെയ്തതായി കണക്കാക്കാറുള്ളത്. OET യുടെ ഓൺലൈൻ പ്രൊഫൈലിൽ ലേറ്റസ്റ്റ് ടെസ്റ്റ് ഗ്രേഡുകൾ പോസ്റ്റ് ചെയ്യപ്പെടും. വിവിധ ബോർഡുകളും കൗൺസിലുകളും ടെസ്റ്റിന് നല്കുന്ന വാലിഡിറ്റി പീരിയഡ് വ്യത്യസ്തമാണ്. മിക്ക സ്ഥാപനങ്ങളും രണ്ടു വർഷത്തെയ്ക്ക് മാത്രമേ ടെസ്റ്റ് സർട്ടിഫിക്കറ്റിനെ പരിഗണിക്കാറുള്ളൂ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles