ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : 55 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മുൻനിര ചാമ്പ്യൻഷിപ്പുകളിലൊന്നിന്റെ ഫൈനലിൽ ഇംഗ്ലീഷ് പടയാളികൾ ബൂട്ട് കെട്ടുന്നു. അധിക സമയത്തേക്കു നീണ്ട രണ്ടാം സെമിയിൽ ഡെൻമാർക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്താണ് കെയ്‌നും കൂട്ടരും യൂറോ ഫൈനലിലേക്ക് രാജകീയമായി മാർച്ച്‌ ചെയ്‍തത്. 66,000 ആരാധകർക്ക് മുന്നിലും, പുതിയ വെംബ്ലി മുമ്പ് അനുഭവിച്ചിട്ടില്ലാത്ത അന്തരീക്ഷത്തിലും ആരംഭിച്ച മത്സരത്തിൽ ഇംഗ്ലണ്ടിന്റെ തുടക്കം മികച്ചതായിരുന്നില്ല. മുപ്പതാം മിനിറ്റിൽ തന്നെ ഉഗ്രൻ ഫ്രീകിക്ക് ഗോളിലൂടെ മുന്നിലെത്തിയ ഡെന്മാർക്ക് അധികം വൈകാതെ തന്നെ ഇംഗ്ലണ്ടിനെ സഹായിച്ചു. ഡെന്മാർക് ക്യാപ്റ്റന്റെ സെൽഫ്ഗോൾ. 90 മിനിറ്റും പിന്നിട്ട് അധികസമയത്തേക്ക് നീണ്ട കളി 103ആം മിനിറ്റിൽ എത്തിയപ്പോഴാണ് വെംബ്ലി കാത്തിരുന്ന സുന്ദരനിമിഷം പിറന്നത്. നായകന്റെ ബൂട്ടിൽ നിന്നുതന്നെ വിജയഗോൾ. പശ്ചിമ ജർമ്മനിക്കെതിരായ 1966 ലെ ലോകകപ്പ് ഫൈനൽ വിജയത്തിനുശേഷം ഗാരെത്ത് സൗത്ത്ഗേറ്റിന്റെയും ഇംഗ്ലണ്ടിന്റെയും പരിശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തിയ ടൂർണമെന്റ് ആണിത്. പ്രീ ക്വാർട്ടറിൽ ജർമ്മനിയെയും ക്വാർട്ടറിൽ യുക്രൈനെയും സെമിയിൽ ഡെന്മാർക്കിനെയും തകർത്തുള്ള ഫൈനൽ പ്രവേശനം.

30ാം മിനിറ്റിൽ ഡാംസ് ഗാർഡി​ലൂടെ ഡെൻമാർക്ക്​ ആണ്​ മുന്നിലെത്തിയത്. 25 വാര അകലെ നിന്നുള്ള ഉഗ്രൻ ഫ്രീകിക്ക് ഗോൾ. ഇംഗ്ലണ്ട് വലയിലേക്ക് പറന്നിറങ്ങിയ ആ ഗോൾ ഈ ടൂർണമെന്റിലെ ആദ്യ ഫ്രീകിക്ക് ഗോളാണ്. ഒപ്പം ഈ ടൂർണമെന്റിൽ പിക്ഫോർഡിന്റെ പോസ്റ്റിലേക്കിറങ്ങിയ ആദ്യ ഗോളും ഇതാണ്. അതോടെ ഇംഗ്ലീഷ് പട തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ഡെന്മാർക്ക് ഗോളി കാസ്​പർ ഷ്​മിഷേൽ ഉരുക്കു മുഷ്ടികളുമായി നിലകൊണ്ടു. ഒന്നാം പകുതി അവസാനിക്കാൻ അഞ്ചു മിനിറ്റ് മാത്രം ബാക്കി നിൽക്കേ ബുകായോ സാക റഹീം സ്​റ്റെർലിങ്ങിന്​ നൽകിയ ക്രോസിന്​ കാൽവെച്ചത് ഡാനിഷ്​ ക്യാപ്​റ്റൻ സിമോൺ കെയർ. തട്ടിയകറ്റാൻ ശ്രമിച്ച പന്ത് സ്വന്തം വലയിൽ കയറിയതോടെ ഇംഗ്ലണ്ട് സമനില പിടിച്ചു. രണ്ടാം പകുതിയിൽ ഹാരി മഗ്വയറും ഹാരി കെയിനും തുടരെ തുടരെ അക്രമണങ്ങൾ നടത്തിയെങ്കിലും ഡാനിഷ് ഗോളി സധൈര്യം നിലകൊണ്ടു. കളി അധികസമയത്തേക്ക്. 103ആം മിനിറ്റ്. രാജ്യവും ആരാധകരും സ്റ്റേഡിയവും കാത്തിരുന്ന നിമിഷം. റഹീം സ്​​റ്റെർലിങ്ങിനെ ജൊആകിം മീഹൽ വീഴ്​ത്തിയതിന്​ ലഭിച്ച പെനാൽറ്റി തടുത്തിട്ട്​ ഷ് മിഷേൽ ശ്രമം നടത്തിയെങ്കിലും റീബൗണ്ടിൽ കെയ്​ൻ കാലുവെച്ച് വലകുലുക്കി. സ്കോർ 2-1.

പ്രധാന ടൂർണമെന്റുകളിൽ ഇംഗ്ലണ്ടിനായി 10 ഗോളുകൾ നേടിയ ഗാരി ലിനേക്കറുടെ ദീർഘകാല റെക്കോർഡിനൊപ്പമെത്തി ഹാരി കെയ്ൻ. തോറ്റെങ്കിലും തലയുയർത്തി പിടിച്ച് ഡാനിഷ് താരങ്ങൾക്ക് മടങ്ങാം. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തന്നെ തങ്ങളുടെ സൂപ്പർ താരത്തെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ തുടർന്ന് കളിച്ച ഡെന്മാർക്കിന്റെ തിരിച്ചുവരവും പോരാട്ടവീര്യവും കളി മികവും ഏതൊരു ഫുട്ബോൾ ആരാധകനെയും ഹരം കൊള്ളിക്കുന്നതാണ്. ഞായറാഴ്​ച ഇതേ മൈതാനത്ത്​ നടക്കുന്ന കലാശപ്പോരിൽ ഇറ്റലിയെ വീഴ്​ത്തിയാൽ സൗത്ത്ഗേറ്റിനും കൂട്ടർക്കും നെഞ്ചുംവിരിച്ച് മടങ്ങാം. എന്നാൽ ഫൈനലിൽ കാത്തിരിക്കുന്ന ഇറ്റലി ഈ ടൂർണമെന്റിലെ മികച്ച ടീമുകളിൽ ഒന്നാണ്. പതിയെ തുടങ്ങി വൈകി തിരിച്ചെത്തുന്ന ഇംഗ്ലീഷ് പട്ടാളത്തിന് അസൂറികളെ പിടിച്ചുകെട്ടാൻ കഴിയുമോന്ന് കണ്ടറിയണം.