നടിയെ ആക്രമിച്ച കേസിൽ നടനും എംഎൽഎയുമായ മുകേഷ് അടക്കം കൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്താൻ പൊലീസ് തീരുമാനം. ഒന്നര വർഷത്തോളം പൾസർ സുനി മുകേഷിന്റെ ഡ്രൈവറായി പ്രവർത്തിച്ച സാഹചര്യത്തിലാണ് ഇത്. ഈ കാലഘട്ടത്തിലാണ് നടിയെ ആക്രമിക്കാനുള്ള ആദ്യ ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തൽ.

എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തന്നോട് പൊലീസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് നടനും എംഎൽഎയുമായ മുകേഷ്. ദിലീപിന് പൾസർ സുനിയെ പരിചയപ്പെടുത്തി കൊടുത്തത് താനല്ലെന്നും മുകേഷ് പറഞ്ഞു.

ഇന്ന് രാവിലെ വളളിക്കീഴ് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്ന പരിപാടി കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് മുകേഷ് ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. കനത്ത സുരക്ഷയാണ് മുകേഷിന് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്. ചോദ്യം ചെയ്യൽ സംബന്ധിച്ച വാർത്തകൾ നിഷേധിച്ചാണ് മുകേഷ് സംസാരിച്ചത്.

“ചോദ്യം ചെയ്യലിനുള്ള നോട്ടീസ് തനിക്കിതുവരെ ലഭിച്ചിട്ടില്ല. ഇങ്ങിനെയൊരു സാധ്യത താൻ കാണുന്നില്ല. താനല്ല, ദിലീപിന് പൾസർ സുനിയെ പരിചയപ്പെടുത്തി കൊടുത്തത്. ഇത് സംബന്ധിച്ച് ഇന്നലെ പറഞ്ഞതിൽ കൂടുതലായി യാതൊന്നും പറയാനില്ല”, അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.സുനിക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതായി അറിയില്ലായിരുന്നുവെന്നും അമിത വേഗത്തിൽ കാർ ഓടിക്കുന്നതിനാലാണ് പറഞ്ഞുവിട്ടതെന്നുമാണ് മുകേഷ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വാദം കേൾക്കും. ദിലീപിനെ കസ്റ്റഡിയിൽ ലഭിക്കണമെന്ന ആവശ്യവുമായി ഇന്ന് പൊലീസും കോടതിയിൽ എത്തുന്നുണ്ട്.

രാവിലെ പതിനൊന്ന് മണിക്കാണ് ദിലീപിനെ അങ്കമാലി കോടയിൽ ഹാജരാക്കുക. അഡ്വ രാംകുമാർ ദിലീപിന് വേണ്ടി ഹാജരാകും. കഴിഞ്ഞ ദിവസം ദിലീപിനെ റിമാന്റ് ചെയ്ത ഉടൻ തന്നെ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഇത് കോടതി തള്ളിയിരുന്നു.

ഇതിന് പുറമേ കേസിന് പുറകിലെ പങ്കുമായി ബന്ധപ്പെട്ട് ദിലീപിന്റെ അനുജൻ അനൂപ്, ഉറ്റസുഹൃത്ത് നാദിർഷ, ഡ്രൈവർ അപ്പുണ്ണി എന്നിവരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തേക്കും. കേസിൽ അനൂപിന് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ സംശയം. അതേസമയം നാദിർഷയ്ക്ക് സംശയത്തിന്റെ ആനുകൂല്യം അന്വേഷണ സംഘത്തിൽ നിന്നുണ്ടെന്നാണ് വിവരം.

വരുംദിവസങ്ങളിൽ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി, അനുജൻ അനൂപ് എന്നിവരെ കൂടുതൽ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. ഇതിന് പുറമേ നാദിർഷയുടെ പങ്കിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം ഇന്ന് ദിലീപ് സമർപ്പിക്കുന്ന ജാമ്യാപേക്ഷ കോടതി അനുവദിക്കാൻ സാധ്യതയില്ല. കേസുമായി ബന്ധപ്പെട്ട സാക്ഷികളെയും തെളിവുകളെയും സ്വാധീനിക്കാൻ പ്രതിക്ക് സാധിക്കുമെന്ന കാരണം പൊലീസ് ചൂണ്ടിക്കാട്ടും.

ആലുവ സബ് ജയിലിൽ മോഷണം കൊലക്കേസ് പ്രതികൾക്കൊപ്പമാണ് ദിലീപിനെ പാർപ്പിച്ചിരിക്കുന്നത്. നടൻ ആദ്യമായാണ് ഒരു കേസിൽ അറസ്റ്റിൽ കഴിയേണ്ടി വരുന്നത്.