പുസ്തകങ്ങൾ വഴികാട്ടികൾ : ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ – അധ്യായം 21

പുസ്തകങ്ങൾ വഴികാട്ടികൾ : ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ – അധ്യായം 21
June 21 02:35 2020 Print This Article

ഡോ. ഐഷ വി

ജൂൺ 19 വായനാ ദിനം. ശ്രീ പി എൻ പണിക്കരെ നമ്മൾ സ്മരിയ്ക്കുന്നത് ഈ ദിനത്തിലൂടെയാണ്. ഓരോ ദിനാചരണത്തിനും ചില സവിശേഷതകളുണ്ട്. വർഷം മുഴുവൻ കാര്യമായി ഒന്നും ചെയ്യാത്തവർ പോലും ദിനാചരണത്തോടനുബന്ധിച്ച് അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒക്കെ ചെയ്യും. അതുപോലെ വായനാ ദിനം ആചരിക്കാൻ വേണ്ടിയെങ്കിലും കുറേപ്പേർ പുസ്തകങ്ങൾ വായിക്കും.  വായനയുടെ ലോകത്തേയ്ക്ക് നമ്മളെ പിച്ച നടത്തിച്ച ധാരാളം പേരുണ്ടാകും നമ്മുടെ ജീവിതത്തിൽ . അവരെയെല്ലാം നമുക്ക് നന്ദിയോടെ സ്മരിയ്ക്കാം. ഓരോ വായനയും നമുക്ക് വിശാലമായ ലോകാനുഭവങ്ങൾ നൽകുന്നു.

കുട്ടിക്കാലത്തെ എന്റെ വായനയിൽ സ്വാധീനം ചെലുത്തിയവരിൽ അധ്യാപകരും സഹപാഠികളും മാതാപിതക്കളും ബന്ധുക്കളും അയൽപക്കക്കാരുമുണ്ട്. മുതിർന്നപ്പോൾ സഹപ്രവർത്തകരും.
ഞാൻ നാലാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ചിരവാത്തോട്ടത്തെ അമ്മ വീട്ടിൽ ഒരു രാത്രി വല്യമാമൻ വന്നപ്പോൾ ഒരു ശാസ്ത്രകേരളവും ഒരു ശാസ്ത്രഗതിയും ഒരു യുറീക്കയുമാണ് ഞങ്ങൾക്ക് സമ്മാനിച്ചത്. പിന്നീട് എല്ലാ ആഴ്ചയും വല്യമാമൻ വരുമ്പോൾ ഞങ്ങൾക്ക് നല്ല നല്ല പുസ്തകങ്ങൾ കിട്ടിക്കൊണ്ടിരുന്നു. വല്യമാമന് നല്ല പുസ്തകശേഖരം ഉണ്ടായിരുന്നു. മഹാഭാരതം എല്ലാ വാല്യങ്ങളും മെഡിസിന്റെ ഇന്റർ നാഷണൽ ജേർണലുകൾ പരിണാമ സിദ്ധാന്തം ആയുർവേദ പുസ്തകങ്ങൾ എല്ലാം അതിൽപ്പെടും. എന്റെ അച്ഛൻ വല്യമാമന്റെ ശേഖരത്തിലെ മഹാഭാരതം ചിട്ടയായി വായിക്കുമായിരുന്നു. അങ്ങനെ അദ്ദേഹം അതിലെ ഒന്നേകാൽ ലക്ഷത്തോളം വരുന്ന ശ്ലോകങ്ങളും വായിച്ചു തീർത്തു.

ഞാൻ ഋതുമതിയായ വിവരമറിഞ്ഞ വല്യമാമൻ എനിക്ക് മനുഷ്യ ശരീരത്തെ കുറിച്ചുള്ള ഒരു പുസ്തകമാണ് സമ്മാനിച്ചത്. ശാസ്ത്രീയമായ അറിവുകൾ സ്വായത്തമാക്കുവാൻ ഇന്റർനെറ്റില്ലാത്ത അക്കാലത്തെ ഈ വായനകൾ സഹായിച്ചു. വല്യമാമന് സംസ്കൃതം നല്ല വശമായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജെൻസിലെ നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗിന് സംസ്കൃത വ്യാകരണം പറ്റിയതാണെന്നറിഞ്ഞപ്പോൾ ഒരു സംസ്കൃത വ്യാകരണ ഗ്രന്ഥം അദ്ദേഹം എനിക്ക് സമ്മാനിച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ സ്വയo പുസ്തകങ്ങളുo മാഗസിനുകളും തിരഞ്ഞെടുക്കാൻ തുടങ്ങി. അച്ഛൻ ബാലരമ, പൂമ്പാറ്റ, ഭാഷാപോഷിണി എന്നിവ വരുത്തുമായിരുന്നു. ഞാൻ പ്രീഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന സമയത്ത് കോമ്പറ്റീഷൻ സക്സസ് റിവ്യൂ വായിക്കുമായിരുന്നു. ഒരു ദിവസം അച്ഛൻ ബാലരമ എന്റെ കൈയ്യിലേയ്ക്ക് വച്ചു തന്നപ്പോൾ ഞാൻ അച്ഛന് കോമ്പറ്റീഷൻ സക്സസ് റിവ്യൂ കാട്ടിക്കൊടുത്തു. അപ്പോഴാണ് അച്ഛന് മകൾ വളർന്നു എന്ന് തോന്നിയത് എന്നെനിയ്ക്ക് തോന്നി. അച്ഛനമ്മമാർ അങ്ങനെയാണ്. മക്കൾ അവർക്കെന്നും കുട്ടികളാണ്. അമ്മയുടെ ബജറ്റ് പലപ്പോഴും താളം തെററിയത് എന്റെ പുസ്തകം വാങ്ങുന്ന സ്വഭാവം കൊണ്ടാണ്. വല്യമാമന് സ്ട്രോക്ക് വരുന്നതിന് ഒരു മാസം മുമ്പ് ഞാനും അനുജത്തിയും കൂടി വല്യമാമനെ കാണാൻ പോയപ്പോൾ ശ്രീ നാരായണ ഗുരുവെഴുതിയ “ശ്രീമത് ശങ്കര ” എന്ന് തുടങ്ങുന്ന ശ്ലോകം ഞങ്ങളെക്കൊണ്ട് വായിപ്പിച്ച് അർത്ഥം പറഞ്ഞു തന്നിരുന്നു. “ആത്മോപദേശ ശതകവും” അദ്ദേഹം ഇതുപോലെ വായിപ്പിച്ച് അർത്ഥം പറഞ്ഞു തന്നിട്ടുണ്ട്.

ഞാൻ കോളേജ് വിദ്യാർത്ഥിനിയായിരുന്നപ്പോൾ കോളേജ് ലൈബ്രറിയിലേയും കൊല്ലം പബ്ലിക് ലൈബ്രറിയിലേയും പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ഹോമർ , പി.വത്സല, ഒ എൻ.വി , തകഴി , ജി ശങ്കര കുറുപ്പ് തുടങ്ങിയവരുടെ പുസ്തകങ്ങൾ വായിച്ചത് അവിടെ നിന്നാണ്. കൊല്ലം പബ്ലിക് ലൈബ്രറിയിലെ അന്നത്തെ ലൈബ്രറേറിയൻ ഒരല്പം കർക്കശ സ്വഭാവമുള്ളയാളായിരുന്നു. ഇടയ്ക്കിടെ അദ്ദേഹം ബുക്ക് ഷെൽഫുകളുടെ സ്ഥാനം മാറ്റി വയ്ക്കാറുണ്ടായിരുന്നു. അതിനാൽ അടുത്ത ദിവസം അതേ സ്ഥാനത്ത് നമ്മൾ ഉദ്ദേശിച്ച പുസ്തകം തിരഞ്ഞാൽ കിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ ഈ ഭരണ പരിഷ്കാരത്തെ തുഗ്ലക്കിന്റെ ഭരണ പരിഷ്കാരമെന്ന് ചിലർ കളിയാക്കി പറയുന്നത് കേട്ടിട്ടുണ്ട്. എന്നാലും ലൈബ്രറി നിശബ്ദവും വൃത്തിയും വെടിപ്പുമുള്ളതായിരുന്നു. ഈ ഭരണ പരിഷ്കാരം ആളുകൾ പുസ്തകങ്ങൾ അടിച്ചു മാറ്റി കൊണ്ടുപോകുന്നത് ഒഴിവാക്കാനാണെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. ഞങ്ങളുടെ കോളേജിലെ ഒരു ഹിന്ദി പ്രൊഫസറായിരുന്നു എന്നെ ആ ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുക്കാൻ ഇൻട്രൊഡ്യൂസ് ചെയ്തത്. എ ക്ലാസ്സ് മെമ്പർഷിപ്പുണ്ടായിരുന്ന എനിക്ക് മൂന്ന് പുസ്തകങ്ങൾ എടുക്കാമായിരുന്നു.

കോഴിക്കോട് ആർ ഇ സി യിലെ ലൈബ്രറി വളരെ വല്യ ലൈബ്രറി ആയിരുന്നു. പഠനം സാങ്കേതിക തയിലേയ്ക്ക് വഴിമാറിയപ്പോൾ വായനയും ആ വഴിക്കായി. തൃശൂരിലെ മാള പോളിടെക്നിക്കിൽ ജോലി ചെയ്യുന്ന സമയത്ത് ഞാനും അഞ്ചുവും കൂടി അതിനടുത്ത ലൈബ്രറിയിൽ നിന്നും ധാരാളം പുസ്തകങ്ങൾ എടുത്തു വായിക്കുമായിരുന്നു. സിഡ്നി ഷിൽസന്റെ നോവലുകൾ വായിച്ചത് ആ സമയത്താണ്. പല ഹോസ്റ്റലുകളിലും താമസിച്ചിട്ടുള്ളപ്പോൾ റും മേറ്റ്സ് വായിക്കാനായി കൊണ്ടുവരുന്ന പുസ്തകങ്ങളും വായിച്ചിട്ടുണ്ട്.

ജോലി സ്ഥലത്ത് പല പ്രസാധകരുടെ ഏജന്റുമാരും പുസ്തകവുമായി വരുമ്പോഴും ടെയിനിൽ യാത്ര ചെയ്യുമ്പോഴും ഞങ്ങൾ പുസ്തകങ്ങൾ വാങ്ങിയിട്ടുണ്ട്. അങ്ങനെയൊരിക്കൽ മാവേലിക്കരയിൽ ജോലി ചെയ്യുമ്പോൾ പുസ്തകം കൊണ്ടുവന്നയാളിൽ നിന്നും അധ്യാപകർ വ്യത്യസ്തമായ പുസ്തകങ്ങൾ വാങ്ങി. അങ്ങനെ വാങ്ങുമ്പോൾ കൈമാറി വായിക്കാമല്ലോ? അന്ന് കണക്ക് അധ്യാപകനായ ഹാരിസ് സാർ വാങ്ങിയത് ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ “അഗ്നി ചിറകുകൾ ” ആയിരുന്നു. ഞാൻ ഹാരിസ് സാറിനോട് ആ പുസ്തകം വായിച്ചു തീരുമ്പോൾ എനിക്ക് വായിക്കാൻ തരണേയെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന് അല്പം ഡിപ്രഷൻ ഉണ്ടായിരുന്നു. അവിടത്തെ സഹപ്രവർത്തകൾ അദ്ദേഹത്തിന്റെ ഡിപ്രഷൻ മാറ്റാനായി കോളേജ് സമയം കഴിഞ്ഞ് സാറിനേയും കൂട്ടി പന്തുകളിയ്ക്കുമായിരുന്നു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഹാരിസ് സാറിന് ആറ്റിങ്ങലേയ്ക്ക് ട്രാൻസ്ഫർ ആയി. പോകാൻ നേരം ” അഗ്നി ചിറകുകൾ” എനിക്ക് സമ്മാനിച്ചിട്ടാണ് അദ്ദേഹം പോയത്. കുറേ നാൾ കഴിഞ്ഞ് ഹാരിസ് സാറിന്റെ ആത്മഹത്യാ വാർത്തയാണ് ഞങ്ങൾ അറിയുന്നത്. അഗ്നി ചിറകുകളെ കുറിച്ച് ഓർക്കുമ്പോഴോ കേൾക്കുമ്പോഴോ ഹാരിസ് സാറിനേയും ഓർമ്മ വരും.

അതുപോലെ തന്നെയാണ് ഡിഗ്രിയ്ക്ക് ഞങ്ങളുടെ കോളേജിൽ പഠിച്ചിരുന്ന ഉഷ. കുമാരനാശാന്റെ ലീല എനിയ്ക്ക് സമ്മാനിച്ചത് ഉഷയാണ്. ഉഷയും ആത്മഹത്യ ചെയ്തിട്ട് കാലമേറെയായി.

ചിലർ പുസ്തകങ്ങൾ വാങ്ങിയാൽ തിരികെ കൊടുക്കാത്തവരാകും. തിരികെ കൊടുക്കേണ്ടവ തിരികെ കൊടുക്കണമെന്ന നിലപാടിലാണ് ഞാൻ. എൻട്രൻസ് പരീക്ഷയെഴുതുന്ന സമയത്ത് പരവൂരിലെ വല്യച്ഛന്റെ മകളും കോളേജ് അധ്യാപികയുമായ സത് ലജ് ചേച്ചിയുടെ അടുത്ത് ചെന്ന് കെമിസ്ട്രി സംശയ നിവാരണം ഞാൻ നടത്തിയിരുന്നു. അങ്ങനെ ഒരു ദിവസം ചേച്ചി എനിക്ക് കുറച്ച് കെമിസ്ട്രി പുസ്തകങ്ങൾ തന്നു. ചേച്ചി ഒരു കണ്ടീഷനേ വച്ചുള്ളൂ. പുസ്തകങ്ങൾ തിരികെ കൊടുക്കണം. ഞാൻ പഠിച്ച ശേഷം പുസ്തകങ്ങൾ തിരികെ കൊടുക്കുകയും ചെയ്തു. രഘു മാമനും അതു പോലെ ഒരു ഫിസിക്സ് പുസ്തകം തന്നിട്ടുണ്ടായിരുന്നു. അതും പഠിച്ച ശേഷം തിരികെ കൊടുത്തു. ഇതെല്ലാം പാഠപുസ്തകത്തിനുപരിയായുള്ള വായനയ്ക്ക് ഇടയാക്കിയിരുന്നു.

ചില പ്രസാധകരും പുസ്തകങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അങ്ങനെ ഈയിടെ ലഭിച്ച പുസ്തകങ്ങളാണ് ശ്രീ എം മുകുന്ദന്റെ ” തട്ടാത്തി പെണ്ണിന്റെ കല്യാണം” ശ്രീ ചന്ദ്ര പ്രകാശിന്റെ ” പുഴ മത്സ്യത്തിൽ ഒഴുകുമ്പോൾ” എന്നിവ . എന്റെ അധ്യാപകനായിരുന്ന ഡയറ്റ് പ്രിൻസിപ്പാളായി പെൻഷൻ പറ്റിയ ഡോ. പ്രസന്നകുമാർ സാറിന്റെ ” ഗാന്ധിജിയും പരിസ്ഥിതിയും” എന്ന പുസ്തകവും ഈയിടെ വായിച്ചിരുന്നു.

നല്ല പുസ്തകങ്ങൾ എന്നും നല്ല കൂട്ടുകാരെപ്പോലെയാണ്. നമ്മുടെ ജീവിതത്തെ നേർവഴിയ്ക്ക് നയിക്കാനും പ്രചോദിപ്പിക്കാനും അവ ഉതകും. സ്വീകരിച്ചാൽ മാത്രം പോരല്ലോ കൊടുക്കുകയും വേണ്ടേ. എന്റെ വല്യമാമന് ഞാൻ രണ്ടു മൂന്ന് പുസ്തകങ്ങൾ വാങ്ങി നൽകി. അതിലൊന്ന് ഡോ. ബി. ഇക്ബാൽ എഴുതിയ 21-)o നൂറ്റാണ്ടിലെ വൈദ്യശാസ്ത്രത്തേയും ആരോഗ്യത്തേയും കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമായിരുന്നു. ഒരിക്കൽ ഞാൻ പെരേരയുടെ “28 ദിവസത്തിനുള്ളിൽ വിജയം “എന്ന പുസ്തകം വാങ്ങിയിരുന്നു. ആ 38 രൂപയ്ക്ക് വാങ്ങിച്ച ആ പുസ്തകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അക്കാലത്ത് ഞാൻ 38000 രൂപ അധിക വരുമാനം ഉണ്ടാക്കിയിരുന്നു. ഏകദേശം അക്കാലത്തെ 6 പവന്റെ തുക. പിന്നീട് ആ പുസ്തകം ഞാൻ എന്റെ പ്രിയ ശിഷ്യൻ അരുണിന് സമ്മാനിക്കുകയായിരുന്നു. പ്രതിപാദ്യ വിഷയമനുസരിച്ച് വായന നമ്മെ പല ലോകത്തേയ്ക്കും കൊണ്ടുപോകും. കാണാത്ത പല ലോകവും കാട്ടിത്തരും. വായനയുടെ ലോകത്ത് ഞാനിന്നും ഒരു ശിശു മാത്രമാണ്. ഇനിയും എത്രയോ വായിക്കാനിരിയ്ക്കുന്നു. വായിക്കാത്ത ലോകം ശ്രീ നാലാപ്പാട് നാരായണ മേനോൻ പറഞ്ഞത് കടമെടുത്തു പറഞ്ഞാൽ അനന്തം അജ്ഞാതം അവർണ്ണനീയം….” നിങ്ങൾക്ക് എല്ലാ പേർക്കും നല്ല പുസ്തകങ്ങൾ വായിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടാകട്ടെ

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles