തെരഞ്ഞെടുപ്പുകളില്‍ നേരിട്ട കനത്ത തിരിച്ചടി; പിഎസ് ശ്രീധരൻ പിള്ള ബിജെപി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്ത്, പിള്ളയും മിസോറം ഗവർണറായി നിയമനം

തെരഞ്ഞെടുപ്പുകളില്‍ നേരിട്ട കനത്ത തിരിച്ചടി; പിഎസ് ശ്രീധരൻ പിള്ള ബിജെപി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്ത്, പിള്ളയും മിസോറം ഗവർണറായി നിയമനം
October 25 16:05 2019 Print This Article

ബിജെപി കേരള സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയെ മിസോറം ഗവർണറായി നിയമിച്ചു. രാഷ്ട്രപതിഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

കുമ്മനം രാജശേഖരനെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനായി മിസോറം ഗവർണർ സ്ഥാനത്തു നിന്നും തിരിച്ചുവിളിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കാര്യമായ നേട്ടമൊന്നുമുണ്ടാക്കാനാകാതെ പോകുകയും പിന്നീടുണ്ടായ അസംബ്ലി ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടി തന്ത്രങ്ങൾ പാളുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ നിയമനം.

എബിവിപി നേതാവായാണ് ശ്രീധരൻ പിള്ളയുടെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കം. ഹൈക്കോടതിയിൽ അഭിഭാഷകനായി ഏറെക്കാലം പ്രവർത്തിച്ചു.സത്യപാൽ മാലിക്കിെനെ ജമ്മു കാശ്മീരിന്റെ ഗവർണർ സ്ഥാനത്തു നിന്നും മാറ്റി ഗോവ ഗവർണറായി നിയമിച്ചിട്ടുണ്ട്. ഗിരീഷ് ചന്ദ്ര മുർമുവാണ് ജമ്മു കാശ്മീർ‌ ഗവർണർ. രാധാകൃഷ്ണ മാത്തൂരിനെ ലഡാക്ക് ഗവർണറായും നിയമിച്ചു.

കുമ്മനം രാജശേഖരന്‍ ബിജെപി പ്രസിഡന്റായിരിക്കുമ്പോഴായിരുന്നു മിസ്സോറാം ഗവര്‍ണറായി നിയമിക്കപ്പെട്ടത്. ഇപ്പോള്‍ ശ്രീധരന്‍ പിളളയും അതേ രീതിയില്‍ തന്നെ മിസോറാമിലേക്ക് നിയമിക്കപ്പെടുകയാണ്.

ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോഴായിരുന്നു കുമ്മനം രാജശേഖരനെ മാറ്റിയത്. പിന്നീട് കുറെ ആഴ്ചകള്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് പലരെയും അത്ഭുതപ്പെടുത്തി ശ്രീധരന്‍ പിള്ള വീണ്ടും പ്രസിഡന്റായത്. കേരളത്തിലെ ബിജെപിയിലെ ഗ്രൂപ്പ് പോരാണ് ശ്രീധരന്‍ പിള്ളയ്ക്ക് അന്ന് തുണയായത്. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മാറ്റുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കെ സുരേന്ദ്രനെ പ്രസിഡന്റാക്കണമെന്നായിരുന്നു വി മുരളീധരന്‍ പക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെ പാര്‍ട്ടിയിലെ മറുവിഭാഗമായ പികെ കൃഷ്ണദാസ് പക്ഷം എതിര്‍ക്കുകയായിരുന്നു.

പിന്നീടാണ് ആര്‍എസ്എസ്സിന് താല്‍പര്യമില്ലാതിരുന്നിട്ട് കൂടി ശ്രിധരന്‍ പിള്ള പ്രസിഡന്റായത്. എന്നാല്‍ ഭിന്നിച്ചുനില്‍ക്കുന്ന വിഭാഗത്തെ കൂടെ ചേര്‍ത്ത് നിര്‍ത്താനോ, പാര്‍ട്ടിക്ക് മുന്നോട്ട് പോകാവുന്ന രീതിയില്‍ സഖ്യങ്ങളുണ്ടാക്കാനോ ശ്രീധരന്‍പിള്ളയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പുറമെ പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുകയും ചെയ്തു. വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം അത് പ്രതിഫലിക്കുകയും ചെയ്തു.അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ നേരിട്ട കനത്ത തിരിച്ചടിയുമായാണ് ശ്രീധരന്‍ പിള്ള പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles