ശ്രീലങ്കയുടെ പാക് പര്യടനം, ലങ്കന്‍ താരങ്ങളുടെ പിന്‍മാറ്റം ഇന്ത്യയുടെ ഭീഷണി കാരണം; ആരോപണവുമായി പാകിസ്ഥാന്‍ മന്ത്രി

ശ്രീലങ്കയുടെ പാക് പര്യടനം, ലങ്കന്‍ താരങ്ങളുടെ പിന്‍മാറ്റം ഇന്ത്യയുടെ ഭീഷണി കാരണം; ആരോപണവുമായി പാകിസ്ഥാന്‍ മന്ത്രി
September 10 20:23 2019 Print This Article

ഈ മാസം 27 ന് പാക്കിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന ശ്രീലങ്കന്‍ പര്യടനം അനിശ്ചിതത്തിലായത് ഇന്ത്യയുടെ ഭീഷണിയെ തുടര്‍ന്നാണെന്ന
ആരോപണവുമായി പാകിസ്ഥാന്‍ മന്ത്രി. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരവും അടങ്ങിയ പരമ്പരയാണ് ശ്രീലങ്കന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കാനിരുന്നത്. എന്നാല്‍ ലങ്കന്‍ ടീമില്‍ നിന്ന് ടി20 ടീം നായകന്‍ ലസിത് മലിംഗ, ടെസ്റ്റ് ടീം നായകന്‍ കരുണരത്‌നെ, മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ് എന്നിവരടക്കം പത്ത് താരങ്ങള്‍ ടീമില്‍ നിന്ന് പിന്‍മാറിയതോടെ മത്സരങ്ങളും അനിശ്ചിതത്വത്തിലാകുകയായിരുന്നു.

എന്നാല്‍ പാക് പര്യടനത്തില്‍ നിന്ന് പിന്മാറാന്‍ ശ്രീലങ്കന്‍ കളിക്കാരെ ഇന്ത്യ ഭീഷണിപ്പെടുത്തിയെന്ന പരാമര്‍ശവുമായി പാകിസ്ഥാന്‍ മന്ത്രി ഫവദ് ചൗദരി എത്തിയിരിക്കുകയാണ്. പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ഐപിഎല്ലില്‍ കളിപ്പിക്കില്ലെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതായാണ് മന്ത്രി ഫവദ് ചൗദരി ആരോപിച്ചത്. ട്വിറ്ററിലൂടെയാണ് പാക് മന്ത്രി ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ നിന്നും അവരെ ബഹിഷ്‌കരിക്കുമെന്ന ഭീഷണി ഇന്ത്യ മുഴക്കിയതായി കമന്റേറ്റര്‍മാര്‍ വഴി താന്‍ അറിഞ്ഞതായി പാക് മന്ത്രി ട്വിറ്ററില്‍ കുറിക്കുന്നു.

വിലകുറഞ്ഞ തന്ത്രമാണ് ഇത്. കായികത്തിലും, ബഹിരാകാശത്ത് വരേയും കാണിക്കുന്ന ഈ യുദ്ധതല്‍പരതയെ അപലപിക്കേണ്ടതുണ്ട്. ഇന്ത്യന്‍ കായിക മേഖലയില്‍ നിന്നുള്ളവരുടെ വിലകുറഞ്ഞ നടപടിയായി പോയി ഇതെന്നും പാക് മന്ത്രി ട്വിറ്ററില്‍ പറയുന്നു. ഏകദിന, ട്വന്റി20 നായകന്മാര്‍ ഉള്‍പ്പെടെ പിന്മാറിയെങ്കിലും മറ്റ് കളിക്കാരെ ഉള്‍പ്പെടുത്തി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമിനെ തെരഞ്ഞെടുത്തു. ശ്രീലങ്കന്‍ കായിക മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതിന് ശേഷമാവും ടീമിനെ പ്രഖ്യാപിക്കുക.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles