മാവേലിക്കര:കർമ്മരംഗത്ത് രണ്ടര പതിറ്റാണ്ട് പിന്നിട്ട ജനകീയ സമിതിയുടെ നേതൃത്വത്തിൽ അടിസ്ഥാന ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി കേരളത്തിൻ്റെ ഭൂപ്രദേശങ്ങൾക്ക് അനുയോജ്യമായ ഒരു ബ്രഹത് കാർഷിക പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. കോവിഡ് – 19 മൂലം കുടുംബങ്ങൾക്ക് ഉണ്ടാകാവുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ഈ പദ്ധതി മൂലം സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ”10 മൂട് കപ്പയും ഒരു മൂട് കാന്താരിയും ” എന്ന പദ്ധതി സംസ്ഥാന വ്യാപകമായി പ്രചരിപ്പിച്ച് മരച്ചീനി കൃഷി മുഴുവൻ വീടുകളിലും പൊതു ഇടങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ കൃഷി ചെയ്യിപ്പിക്കുക എന്നതാണ് ലക്ഷ്യം.

ശ്രീ ശുഭാനന്ദ ആശ്രമത്തിൽ നടന്ന ചടങ്ങിൽ ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ആശ്രമത്തോട് ചേർന്ന് ഉള്ള നാല് ഏക്കർ സ്ഥലത്തും എല്ലാ ശാഖകളിലും വീടുകളിലും ഈ പദ്ധതി നടപ്പിലാക്കുമെന്ന് ശുഭാനന്ദാശ്രമം മഠാധിപതി ദേവാനന്ദ ഗുരുദേവൻ കപ്പത്തടിയും കാന്താരി തൈയും ഏറ്റ് വാങ്ങിക്കൊണ്ട് നടത്തിയ അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗീതാനന്ദൻ, ജോർജ്ജ് തഴക്കര , ജനറൽ കൺവീനർ സന്തോഷ് കൊച്ചുപറമ്പിൽ,സംസ്ഥാന കോർഡിനേറ്റർ ഡോ.ജോൺസൺവി. ഇടിക്കുള, ജോസഫ്കുട്ടി കടവിൽ,എന്നിവർ പ്രസംഗിച്ചു.

വീടിൻ്റെ മുറ്റത്ത് ഒരു കൃഷിത്തോട്ടം എന്ന ആശയത്തിലൂടെ വിഷരഹിത പച്ചക്കറി ഉദ്പാദിപ്പിച്ച് വരും തലമുറയെ പ്രകൃതിയോട് ഇണങ്ങി ചേരുമാറാക്കാനാണ് ലക്ഷ്യം.

മെയ് 28ന് ജില്ലാതല ഉദ്ഘാടനങ്ങൾ പൂർത്തിയാകും .വീടുകൾ, സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും പദ്ധതി നടപ്പാക്കും. സ്വന്തമായി സ്ഥലം ഇല്ലാത്തവർക്ക് പങ്കാളിത്ത കൃഷിയും ചെയ്യുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.