ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രമുഖ മരിയോത്സവമായ ‘വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം’ ജൂലൈ 20ന്

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രമുഖ മരിയോത്സവമായ ‘വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം’ ജൂലൈ 20ന്
April 09 04:54 2019 Print This Article

വാല്‍ത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ ആഘോഷിക്കുന്ന ഏറ്റവും പ്രമുഖവും ഭക്തജന സഹസ്രങ്ങള്‍ പങ്കുചേരുന്നതുമായ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 20 ന് ശനിയാഴ്ച ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. പരിശുദ്ധ അമ്മ ഗബ്രിയേല്‍ മാലാഖയിലൂടെ രക്ഷകന്റെ ആഗമന പ്രഖ്യാപനമായ മംഗള വാര്‍ത്ത ശ്രവിച്ച ‘നസ്രത്തിലെ ഭവനം’ മാതൃഹിതത്തില്‍ യു കെ യിലേക്ക് അത്ഭുതകരമായി പകര്‍ത്തി സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രവും, യു കെ യിലെ ‘നസ്രത്ത്’ എന്നറിയപ്പെടുകയും ചെയ്യുന്ന അനുഗ്രഹങ്ങളുടെ പറുദീസയായ വാല്‍ത്സിങ്ങാമിലേക്കുള്ള തീര്‍ത്ഥാടനം ഭക്ത്യാദരപൂര്‍വ്വവും, ആഘോഷത്തോടെയും ഈ വര്‍ഷം കൊണ്ടാടുകയാണ്.

ഈസ്റ്റ് ആംഗ്ലിയായിലെ കാനന്‍ ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേല്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളി മാതൃഭക്തര്‍ക്കായി രൂപം കൊടുത്ത് നേതൃത്വം നല്‍കി ഈസ്റ്റ് ആംഗ്ലിയാക്കാരെ മുന്നിട്ടിറക്കി ആരംഭിച്ച വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം ക്രമേണ യു കെ യിലെ മുഴുവന്‍ മാതൃഭക്തരും ഹൃദയത്തില്‍ ഏറ്റെടുക്കുകയും ആയിരങ്ങളുടെ സംഗമ വേദിയും അഭയ കേന്ദ്രവും ആയി മാറുകയുമായിരുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനത്തിലൂടെ കൈവന്ന അജപാലന ശ്രേഷ്ട പങ്കാളിത്തവും, നേതൃത്വവും, മാതൃ ഭക്തജന വന്‍ പങ്കാളിത്തവും, ഒപ്പം ആത്മീയ ഉത്സവ പകിട്ടുമായി ഔദ്യോഗികമായ രൂപവും ഭാവവും കൈവന്ന പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രത്തിലേക്കുള്ള മൂന്നാമത് തീര്‍ത്ഥാടന തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നത് എസക്‌സിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രവും മരിയന്‍ ഭക്തരുമായ കോള്‍ചെസ്റ്റര്‍ ഇടവക അംഗങ്ങളാണ്. ഈ മരിയോത്സവത്തെ അനുഗ്രഹ സാന്ദ്രമാക്കുവാന്‍ ഫാ. തോമസ് പാറക്കണ്ടത്തിലും, ഫാ. ജോസ് അന്ത്യാംകുളവും കോള്‍ചെസ്റ്ററുകാരോടൊപ്പം മേല്‍നോട്ടം നല്‍കി കൂടെയുണ്ട്.

ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് തീര്‍ത്ഥാടന ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ആഘോഷപൂര്‍വ്വമായ സമൂഹ ബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അജപാലക ശ്രേഷ്ഠന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു തിരുന്നാള്‍ സന്ദേശം നല്‍കും. രൂപതയുടെ വികാരി ജനറാളുമാരായ ഫാ. ആന്റണിചുണ്ടിലക്കാട്ട്, ഫാ.ജോര്‍ജ്ജ് ചേലാട്ട്, ഫാ. ജിനോ അരീക്കാട്, ഫാ. സജി മലയില്‍പുത്തന്‍പുര എന്നിവരോടൊപ്പം തിരുന്നാള്‍ സമൂഹ ബലിയില്‍ സഹ കാര്‍മ്മികത്വം വഹിക്കുവാനായി യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുമായി അജപാലന ശുശ്രുഷ ചെയ്യുന്ന നിരവധി വൈദികരും പങ്കു ചേരും.

മരിയന്‍ പ്രഘോഷണ റാലിയില്‍ മാതൃ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാല സമര്‍പ്പിച്ച്,’ആവേ മരിയാ’ സ്തുതിഗീതങ്ങളുമായി വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും,വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ വാല്‍ത്സിങ്ങാം മാതാവിന്റെ തിരുരൂപവുമേന്തി നടത്തുന്ന തീര്‍ത്ഥാടനം മരിയ പ്രഘോഷണ സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കും.

മൂന്നാമത് തീര്‍ത്ഥാടനത്തിലേക്കു പതിനായിരത്തിലധികം വിശ്വാസികളെയാണ് പ്രതീക്ഷിക്കുന്നത്.

ഈ മരിയോത്സവത്തില്‍ പങ്കു ചേര്‍ന്ന് ഈശോയുടെ പക്കല്‍ ഏറ്റവും വലിയ മദ്ധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ മാതൃ സങ്കേതത്തിലൂടെ അനുഗ്രഹങ്ങളും കൃപകളും പ്രാപിക്കുവാനായി ഏവരെയും വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തിലേക്ക് സസ്‌നേഹം ക്ഷണിക്കുന്നതായി പ്രസുദേന്തികള്‍ അറിയിച്ചു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസുദേന്തിമാര്‍ ടോമി പാറക്കല്‍- 0788301329 നിതാ ഷാജി – 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles