നയം വ്യക്തമാക്കി സിപിഐ, ന്യായീകരിച്ച് പിണറായി; എല്ലാം കലങ്ങിത്തെളിയട്ടെയെന്ന് കോടിയേരി ബാലകൃഷ്ണന്‍, ജോസ് വിഭാഗം ഇടതുമുന്നണിയിലേക്കോ ?

നയം വ്യക്തമാക്കി സിപിഐ, ന്യായീകരിച്ച് പിണറായി; എല്ലാം കലങ്ങിത്തെളിയട്ടെയെന്ന് കോടിയേരി ബാലകൃഷ്ണന്‍, ജോസ് വിഭാഗം ഇടതുമുന്നണിയിലേക്കോ ?
June 29 15:42 2020 Print This Article

ജോസ് കെ.മാണി പക്ഷത്തെ നിലപാടില്ലാത്തവരായി ചിത്രീകരിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശ്നങ്ങള്‍ വരുമ്പോഴാണ് പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കുക. രാഷ്ട്രീയത്തില്‍ എല്ലാം എല്ലാക്കാലത്തേക്കുമല്ല. സാഹചര്യമനുസരിച്ച് മാറുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജോസ് കെ.മാണിയെ മുന്നണിയിലെടുക്കണോ എന്ന നിലപാടെടുക്കാന്‍ സമയമായില്ലെന്ന് ഇടതുമുന്നണി. ജോസ് കെ.മാണിയുമായി തുടര്‍ന്നും ചര്‍ച്ചയ്ക്ക് പഴുതിട്ടുള്ള നിലപാടാണ് യുഡിഎഫിന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആര്‍ക്കും വന്നുകയറാവുന്ന മുന്നണിയല്ല എല്‍ഡിഎഫ് എന്ന മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഐ.

ജോസ് കെ.മാണിയെ യുഡിഎഫ് പുറത്താക്കിയോ എന്നും ജോസ് കെ.മാണി യുഡിഎഫ് വിടുമെന്നോ വ്യക്തമാകാത്ത സാഹചര്യത്തില്‍ പരസ്യനിലപാടിന് സമയമായില്ലെന്ന് ഇടതുമുന്നണി വിലയിരുത്തുന്നു. എല്ലാം കലങ്ങിത്തെളിയട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

സിപിഎം നേതൃത്വവുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ജോസ് കെ.മാണി യുഡിഎഫില്‍ കടുംപിടുത്തം തുടര്‍ന്നത് എന്ന അഭ്യൂഹം കോടിയേരി തള്ളി. യുഡിഎഫില്‍ പ്രതിസന്ധിയുണ്ടാകുമെന്നുമാത്രമാണ് ഇപ്പോള്‍ വ്യക്തമാകുന്നതെന്നും അപൂര്‍ണതയില്‍ നിന്ന് അഭിപ്രായം രൂപപ്പെടുത്താനാവില്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ പ്രതികരിച്ചു.

തദ്ദേശതിരഞ്ഞെടുപ്പും തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ മുന്നണി വിപുലീകരണം ഉണ്ടാവില്ലെന്ന് പറയാന്‍ ഭരണത്തുടര്‍ച്ച സ്വപ്നം കാണുന്ന നേതാക്കള്‍ തയ്യാറല്ല. യുഡിഎഫില്‍ നിന്ന് പുറത്തുവന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

തൃശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കാന്‍ കെ.എം.മാണിയെ വിളിച്ച സിപിഎം അദ്ദേഹത്തോടുള്ള മൃദുസമീപനം മുമ്പേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.എം.മാണിക്കെതിരെ നടത്തിയ സമരങ്ങളും അഴിമതി വിരുദ്ധപോരാട്ടങ്ങളും മറക്കരുതെന്ന നിലപാടില്‍ നിന്ന് സിപിഐ ഇതുവരെ മാറിയിട്ടില്ല. ഇത്തരം ചര്‍ച്ചകളിലേക്ക് നീങ്ങാന്‍ സമയമായില്ലെന്ന കാര്യത്തില്‍ ഇരുപാര്‍ട്ടികളിലെയും നേതാക്കള്‍ ഐക്യപ്പെടുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles