സെബാസ്റ്റ്യൻ ടി സേവ്യർ

തണൽ മരച്ചുവട്ടിലെന്നും കാത്തിരിക്കും കാമുകനെ,
കാമുകനെത്തും നേരം കവിളിലെ ചിരി വിടരും,
കനവിലെ കണവനോട് മോഹമെല്ലാം ചൊല്ലും നേരം,
അവളുടെ വിടർന്ന കൺകൾ വീണ്ടും വീണ്ടും തിളങ്ങി വന്നു.

കുളിച്ച് ഈറനായ വാർമുടി ചുറ്റികെട്ടി,
നളിന വിലോചനങ്ങൾ അഞ്ജനത്താൽ
അതിരിട്ട്,
കൈകൾ പിന്നിലേക്ക് അഴകായ് പിണച്ചു വെച്ച്,
കാമുകന്റെ കണ്ണുകളിൽ നങ്കൂരമിട്ടു നിൽക്കുമവൾ

*അവളുടെ കാതുകളിൽ തൂങ്ങിയാടും കാതിലോല നോക്കിനിൽക്കേ*
*ചന്തമെഴും നുണക്കുഴിയിൽ ചെന്താമരപ്പൂ വിടർന്നു നിന്നു*
*മോഹനമാം മൂക്കുത്തിയിൽ അന്തിവെയിൽ ചുംബിക്കവേ*
*അഴകൊത്ത വിരൽ തുമ്പുകൾ*
*നൃത്തമാടി അവന്റെ മുൻപിൽ*

ക്യാമ്പസ്സിന്റെ ഇടവഴിയിൽ ഓർമ്മകൾ തൻ
നിഴലുകളിൽ
പൂത്തു നിൽക്കും പൂമരത്തിൻ താഴെയായി
കൽത്തറയിൽ
കൊഴിഞ്ഞു വീണ ഇലഞ്ഞിപ്പൂവിൻ ഇതളുകൾ കൂട്ടിവച്ച്
വിരഹിണിയാം രാധയെപ്പോൽ അവനായി കാത്തിരിപ്പൂ

ഇല്ലിമരക്കൂട്ടങ്ങൾതൻ ഓരത്തായ് വശ്യമായി
വെണ്മയെഴും മയിൽപെട പീലിനീട്ടിയാടിടുന്നു
ഓർമ്മകൾതൻ താളുകളിൽ കാത്തുവച്ച
പീലികൾ
പെറ്റുകൂട്ടി പുസ്തകത്തിൻ ഓർമചെപ്പു കവിഞ്ഞു പോയി

 

സെബാസ്റ്റ്യൻ ടി സേവ്യർ

കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ടെക്നീഷ്യനായി കഴിഞ്ഞ 16 വർഷക്കാലം ജോലി ചെയ്തു വരുന്നു .സ്വയ സംരംഭക മേഖലയിൽ സോളാർ പവർ ഇൻസ്റ്റലേഷൻ ഫിനാൻഷ്യൽ അഡ്വൈസർ തുടങ്ങിയ പ്രോജക്റ്റുകൾ ചെയ്തുവരുന്നു .

ഭാര്യ : ലിഷ

മക്കൾ :യോഹന്നാ എസ്തർ