ഷിബു മാത്യൂ
‘ഭാര്യ പറഞ്ഞു. അമ്മയെന്നും അടുക്കളയിലാണെന്ന്’.
അന്യം നിന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ രുചികള്‍ മലയാളികളുടെ അടുക്കളയില്‍ വീണ്ടും എത്തിക്കുക എന്ന ആശയവുമായി മലയാളം യുകെ ആരംഭിച്ച ഈ പംക്തി കൈകാര്യം ചെയ്യുന്നത് കേരളത്തിന് പുറത്തുള്ള മലയാളി കുടുംബിനികളാണ്. ആദ്യ എപ്പിസോഡില്‍ തന്നെ വളരെ നല്ല പ്രതികരണമാണ് ഈ പംക്തിക്ക് ലഭിച്ചിരിക്കുന്നത്. ജനശ്രദ്ധയാകര്‍ഷിച്ച ഈ പംക്തിയില്‍ ഇത്തവണയെത്തുന്നത് ബാംഗ്‌ളൂരില്‍ സ്ഥിരതാമസമായ അനു ജോണാണ്. കേരളത്തില്‍ കോട്ടയം ജില്ലയിലെ പ്രസിദ്ധമായ അതിരമ്പുഴയിലാണ് അനുവിന്റെ ജന്മദേശം. വിവാഹിതയായെത്തിയത് കണ്ണൂര്‍ ജില്ലയിലെ കുടിയാന്മലയില്‍. ഭര്‍ത്താവ് സോമി ജേക്കബ്ബ് കമ്പനി സെക്രട്ടറിയായി ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു. മൂന്നു മക്കള്‍. എലിസബത്ത്, ജേക്കബ്ബ്, ജോണ്‍. മൂവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.

മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട ഉണക്ക ചെമ്മീന്‍ മുരിങ്ങക്കോലും തക്കാളിക്കയും തേങ്ങയും ഇട്ട് കറി വെച്ച അതി സ്വാദിഷ്ടമായ കറിയാണ് അനുവിന്റെ സ്‌പെഷ്യല്‍. കൃത്രിമ സ്വഭാവമുളള ഒരു ചേരുവകളും ചേര്‍ക്കാതെ പ്രകൃതിയുമായി ഏറ്റവുമികം ബന്ധമുള്ള മണ്‍ചട്ടിയിലാണ് ഇത് ഉണ്ടാക്കുന്നത് എന്നതാണ് ഈ കറിയുടെ ഏറ്റവും വലിയ പ്രത്യേകത.

ഉണക്ക ചെമ്മീന്‍ മുരിങ്ങക്കോല്‍ തക്കാളിക്ക കറി

ചേരുവകള്‍
ഉണക്ക ചെമ്മീന്‍ 60g
വെളിച്ചെണ്ണ. 4 ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി 6 എണ്ണം
പച്ചമുളക് 2 എണ്ണം
കറിവേപ്പില ഒരു നുള്ള്
തേങ്ങ ഒരു മുറി (ചിരണ്ടിയത്)
വെളുത്തുള്ളി 3 അല്ലി
വറ്റല്‍മുളക് 3 എണ്ണം
തക്കാളിക്ക 4 എണ്ണം ( അധികം പഴുക്കാത്തത്)
മുരിങ്ങക്കോല്‍ 1 ( കഷണങ്ങളായി മുറിച്ചത് )
മഞ്ഞള്‍പ്പൊടി അര ടീ സ്പൂണ്‍
മുളക് പൊടി ഒരു ടീ സ്പൂണ്‍

പാകം ചെയ്യുന്ന വിധം.
തലയും വാലും നുള്ളിക്കളഞ്ഞ് വൃത്തിയാക്കിയ ഉണക്ക ചെമ്മീന്‍ വെള്ളത്തില്‍ നന്നായി കഴുകി പിഴിഞ്ഞ് മാറ്റി വെയ്ക്കുക.
ചിരണ്ടിയ തേങ്ങ 3 വെളുത്തുള്ളിയും 3 ചുവന്നുള്ളിയും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ച് മാറ്റിവെയ്ക്കുക.
ചൂടായ മണ്‍ചട്ടിയില്‍ 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞ് വെച്ചിരിക്കുന്ന മൂന്ന് ചുവന്നുള്ളിയും കറിവേപ്പിലയും പച്ചമുളകും ഇട്ട് വഴറ്റി അതിനുള്ളിലേയ്ക്ക് കഴുകി പിഴിഞ്ഞ് വെച്ചിരിക്കുന്ന ഉണക്ക ചെമ്മീനിട്ട് വീണ്ടും വഴറ്റുക. അതിനുശേഷം നാലായി മുറിച്ച തെക്കാളി, കഷണങ്ങളായി മുറിച്ച മുരിങ്ങക്കോല്‍, മഞ്ഞള്‍പ്പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. തുടര്‍ന്ന് ചേരുവകള്‍ക്ക് സമമായി വെള്ളമൊഴിച്ച് ചട്ടി മൂടിവെച്ച് തിളപ്പിക്കുക. നന്നായി തിളച്ചതിനു ശേഷം അരച്ചു വെച്ചിരിക്കുന്ന തേങ്ങയുടെ മിശ്രിതം ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. തിളച്ച് കഴിഞ്ഞതിനു ശേഷം തീ വളരെ ചെറുതായി കുറയ്ക്കുക.
ചൂടായ മറ്റൊരു പാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ചെറിയ കഷണങ്ങളാക്കിയ വറ്റല്‍മുളക്, കറിവേപ്പില, ചുവന്നുള്ളി എന്നിവ ഇട്ട് മൂപ്പിച്ച മിശ്രിതം ചെറിയ തീയിലിരിക്കുന്ന കറിയില്‍ ഒഴിച്ച് നന്നായി ഇളക്കുക. അതിന് ശേഷം തീ അണയ്ക്കുക. അതോടൊപ്പം മണ്‍ചട്ടി പത്ത് മിനിറ്റോളം മൂടിവെയ്ക്കണം. കടുകിന്റെയും കറിവേപ്പിലയുടെയും ഉള്ളിയുടെയും മണമുള്ള പറന്നു പൊങ്ങുന്ന ആവി തണുത്ത് വെള്ളമായി കറിയോട് വീണ്ടും ചേരുമ്പോള്‍ കറിയ്ക്ക് രുചി കൂടും. ചൂട് ചോറിനോടൊപ്പം ചാറ് കറിയായി കഴിച്ചാല്‍ ഇപ്പോള്‍ ഉണ്ണുന്നതിനെക്കാള്‍ ഇരട്ടിചോറ് ഉണ്ണാന്‍ സാധിക്കുമെന്ന് അനു പറയുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബിനികള്‍ സ്വയം പരീക്ഷിച്ച് ഞങ്ങള്‍ക്കായ്ച്ചുതന്ന നാടന്‍ വിഭവങ്ങളും അത് ഉണ്ടാക്കുന്ന രീതിയുമാണ് മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നത്.
മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്ക് ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അവസരമൊരുക്കുകയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നാടന്‍ ഭക്ഷണത്തിന്റെ റെസീപ്പികള്‍ നിങ്ങളുടെ ഫോട്ടോ സഹിതം ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക.
Email [email protected]