സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധ ലോകമെമ്പാടും പടരുന്ന സാഹചര്യത്തിൽ, രോഗിയുടെ ശബ്ദത്തിൽ നിന്നും, ചുമയിൽ നിന്നും മറ്റും വൈറസിന്റെ സാന്നിധ്യം കണ്ടെത്താനുള്ള നൂതന പരീക്ഷണങ്ങൾ ഗവേഷണസംഘം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനായി ജനങ്ങളുടെ ശബ്ദ റെക്കോർഡിങ്ങുകൾ ശേഖരിക്കുന്നതിനായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഒരു സൗണ്ട് ആപ്പ് രൂപപ്പെടുത്തിയിരിക്കുകയാണ് . ഇതിൽ ജനങ്ങൾ ശ്വാസം എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്തു കൊണ്ട് സംസാരിക്കുന്ന ശബ്ദവും, ചുമയുടെ ശബ്ദവും റെക്കോർഡ് ചെയ്യണം. തങ്ങളുടെ ശബ്ദ റെക്കോർഡിങ് ഈ രോഗബാധയുടെ നിവാരണത്തിന് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതായി പറയുകയും വേണം. ഇതോടൊപ്പം തന്നെ നിരവധി ചോദ്യങ്ങളും ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ശബ്ദത്തിന്റെ ഉടമ കൊറോണ പോസിറ്റീവ് രേഖപ്പെടുത്തിയ വ്യക്തിയാണോ, ആണെങ്കിൽ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണോ തുടങ്ങിയ ചോദ്യങ്ങളും ഈ ആപ്പിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം തന്നെ ശബ്ദം ഉടമയുടെ പ്രായം, ബയോളജിക്കൽ സെക്സ്, മറ്റ് ആരോഗ്യ അവസ്ഥകൾ, പുകവലിക്കുന്ന ആൾ ആണോ തുടങ്ങിയ ചോദ്യങ്ങളെല്ലാം തന്നെ ഈ ആപ്പിൽ ഉണ്ട്. യൂണിവേഴ്സിറ്റിയുടെ സെർവറുകളിൽ ശേഖരിക്കപ്പെടുന്ന ഈ ഡേറ്റാ ഉപയോഗിച്ച് പിന്നീട് കോവിഡ് -19 തിന്റെ ഓട്ടോമാറ്റിക് ഡിറ്റക്ഷന് ആവശ്യമായ അൽഗോരിതം രൂപപ്പെടുത്തും.

ആളുകളുടെ ചുമയും, ശബ്ദവുമെല്ലാം കൊറണ ബാധയുടെ കണ്ടെത്തലിന് സഹായകരമാകുമെന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി പ്രൊഫസർ സെസിലിയ മസ്‌കളോ വ്യക്തമാക്കി. ഈ ആപ്പ് മെഡിക്കൽ സർവീസുകൾ ഒന്നും തന്നെ പ്രദാനം ചെയ്യുന്നില്ല. ഈ ഡേറ്റകൾ രോഗം എങ്ങനെയാണ് പടരുന്നതെന്ന് വെളിവാക്കുമെന്നും, അതിനായി എല്ലാവരും സഹകരിക്കണമെന്നും അവർ ഓർമ്മിപ്പിച്ചു.