ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാർട്ടി ഫണ്ട് ദുരുപയോഗം ചെയ്തതുൾപ്പെടെയുള്ള ആരോപണങ്ങളുടെ പേരിൽ കൺസർവേറ്റീവ് എംപിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ലങ്കൻ ഷെയറിലെ ഫിൽഡെ മണ്ഡലത്തിലെ 2010 മുതലുള്ള എംപിയായ മാർക്ക് മെൻസീസനാണ് നടപടി നേരിട്ടത്. ഇതോടെ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അദ്ദേഹത്തിൻറെ സാധ്യതയും ഇല്ലാതായി.

നേരത്തെ ഉയർന്നുവന്ന ആരോപണങ്ങളെ അദ്ദേഹം ശക്തിയായി നിഷേധിച്ചിരുന്നു. എംപിമാരുടെ പെരുമാറ്റ രീതികൾക്ക് വിരുദ്ധമായ പ്രവർത്തികൾ പലതും ഇദ്ദേഹം ചെയ്തതായുള്ള ആരോപണങ്ങളാണ് ഉയർന്ന് വന്നിരിക്കുന്നത്. ഒരു പാർട്ടി പ്രവർത്തകനെ വിളിച്ച് 5000 പൗണ്ട് ആവശ്യപ്പെട്ടതായുള്ള ആരോപണം ഉയർന്ന് വന്നത് കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് . തൻറെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ 14,000 പൗണ്ട് പാർട്ടി ഫണ്ട് ഉപയോഗിച്ചതായി മറ്റൊരു ആരോപണവും ഇദ്ദേഹത്തിനെതിരെ ഉണ്ട്.

എം പിക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് കൺസർവേറ്റീവ് പാർട്ടി ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഇദ്ദേഹത്തിനെതിരെയുള്ള ആരോപണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച ലേബർ പാർട്ടി നേതാവ് ആനിലീസ് ഡോഡ്‌സ്  ലങ്കാ ഷെയർ പോലീസിന് കത്തയച്ചിരുന്നു. പാർട്ടിയിൽ നിന്ന് പുറത്തായെങ്കിലും അടുത്ത് തിരഞ്ഞെടുപ്പ് വരെ മെൻഡിസ് സ്വതന്ത്ര എംപിയായി തുടരും . അതുകൊണ്ട് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുകയില്ല.