ഖത്തറിൽ കനത്ത ചൂടില്‍ ഇതരരാജ്യ തൊഴിലാളികൾ മരിച്ചു വീഴുന്നു; ഫിഫ ലോകകപ്പ് അടുക്കുന്നതോടെ അതിവേഗ നിർമാണപ്രവർത്തനം, നൂറോളം പേർ മരണപ്പെട്ടതായി ഗാർഡിയൻ റിപ്പോർട്ട്…..

ഖത്തറിൽ കനത്ത ചൂടില്‍ ഇതരരാജ്യ തൊഴിലാളികൾ മരിച്ചു വീഴുന്നു; ഫിഫ ലോകകപ്പ് അടുക്കുന്നതോടെ അതിവേഗ നിർമാണപ്രവർത്തനം, നൂറോളം പേർ മരണപ്പെട്ടതായി ഗാർഡിയൻ റിപ്പോർട്ട്…..
October 02 17:00 2019 Print This Article

ഖത്തറിൽ കനത്ത ചൂടില്‍ പണിയെടുക്കുന്ന ഇതരരാജ്യ തൊഴിലാളികൾ മരണമടയുന്നതായി റിപ്പോർട്ട്. ദി ഗാർഡിയൻ നൽകുന്ന റിപ്പോർട്ട് പ്രകാരം നൂറുകണക്കിനാളുകളാണ് ഇതിനകം ചൂട് അതിജീവിക്കാനാകാതെ മരണത്തിന് കീഴടങ്ങിയത്. ഇത് വർഷാവർഷം നടക്കുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഫിഫ ലോകകപ്പ് അടുക്കുന്നതോടെ ഖത്തറിലെ നിർമാണ മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പത്ത് മണിക്കൂറോളം നീളുന്ന തൊഴിൽസമയത്തിൽ ഭൂരിഭാഗവും 45 ഡിഗ്രി സെൽഷ്യസ്‍ കവിയുന്ന ചൂടിലാണ് തൊഴിലാളികൾ പണിയെടുക്കുന്നത്.

എന്നാൽ, തൊഴിലാളികള്‍ക്ക് വേണ്ട മാനുഷിക പരിഗണന തങ്ങൾ നൽകുന്നുണ്ടെന്നാണ് ഖത്തർ അധികാരികളുടെ അവകാശവാദം. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പുറത്തുള്ള ജോലികൾക്ക് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 11.30 മുതൽ ഉച്ചതിരിഞ്ഞ് 3 മണിവരെ പുറത്ത് തൊഴിലെടുപ്പിക്കുന്നതിന് നിരോധനമുണ്ടെന്ന് അധികാരികൾ പറയുന്നു. ഇതല്ലാതെ മറ്റേതെങ്കിലും നടപടികൾ ഇക്കാര്യത്തിൽ അധികൃതർ എടുത്തിട്ടുള്ളതായി വ്യക്തമല്ല.

ഈ നിരോധനം കാര്യക്ഷമമാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനു കാരണം, മറ്റു സമയങ്ങളിലും ചൂടിന് കുറവില്ല എന്നതാണ്. ജൂണിനും സെപ്തംബറിനുമിടയിലുള്ള കാലയളവിൽ താപ സമ്മർദ്ദം അതിജീവിക്കുക പ്രയാസമാണെന്ന് ഹൃദ്രോഗവിദഗ്ധർ പറയുന്നു. തണുപ്പുള്ള മാസങ്ങളിലും പകൽസമയങ്ങളിൽ പുറത്ത് പണിയെടുക്കുന്നവർ കഠിനമായ വെയിലിനെ നേരിടേണ്ടി വരുന്നുണ്ടെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് പറയുന്നു.

ഉയര്‍ന്ന ചൂട് ഹൃദയവും രക്തക്കുഴലുകളുമടങ്ങുന്ന ശരീരസംവിധാനത്തെയാണ് ഏറെ ബാധിക്കുക. 25നും 35നും ഇടയ്ക്ക് പ്രായമുള്ള യുവാക്കളാണ് മരിക്കുന്നവരിലധികവും. ഏല്ലാവർക്കും സമാനമായ ആരോഗ്യപ്രശ്നങ്ങളാണ് കണ്ടുവരുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles