പ്രതിരോധിക്കാനാവാത്ത ആണവായുധം പുറത്തിറക്കി റഷ്യ; ആണവായുധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുടിന്‍ പുറത്തുവിട്ടു

പ്രതിരോധിക്കാനാവാത്ത ആണവായുധം പുറത്തിറക്കി റഷ്യ; ആണവായുധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുടിന്‍ പുറത്തുവിട്ടു
March 03 06:00 2018 Print This Article

പ്രതിരോധിക്കാനാവാത്ത ആണവായുധം പുറത്തിറക്കി റഷ്യ. ആണവായുധം വിക്ഷേപിക്കുന്നതിന്റെ ഗ്രാഫിക് ദൃശ്യങ്ങള്‍ പ്രസിഡന്റ് പുടിനാണ് പുറത്തുവിട്ടിരിക്കുന്നത്. തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ രാജ്യം പ്രതിരോധ രംഗത്ത് ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്ന് തെളിയിക്കാന്‍ കൂടിയാണ് പുതിയ ആയുധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 17 ദിവസങ്ങള്‍ക്കുള്ളില്‍ റഷ്യയില്‍ പുതിയ തെരെഞ്ഞെടുപ്പ് നടക്കും. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ആണവായുധം കൂടാതെ അത് വഹിച്ചുകൊണ്ടു പോകാനുള്ള ക്രൂയിസ് മിസൈലും റഷ്യ നിര്‍മ്മിച്ചിട്ടുണ്ട്. പുതിയ ആയുധത്തിന് ലോകത്തിലെവിടെയും എത്തിച്ചേരാന്‍ കഴിയുമെന്ന് പുടിന്‍ അവകാശപ്പെട്ടു. പുതിയ വാസ്തവങ്ങളെ ലോകം അംഗീകരിച്ചേ മതിയാവുകയുള്ളു. ഇത് ഒരു തമാശയല്ല പുടിന്‍ പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ ആണവായുധ ഡെലിവറി സിസ്റ്റത്തിന്റെ ഗ്രാഫിക് ദൃശ്യങ്ങളും പുടിന്‍ തന്റെ പ്രസംഗത്തിനിടയില്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശിപ്പിച്ച ഒരു വീഡിയോയില്‍ അമേരിക്കന്‍ പ്രദേശമായ ഫ്‌ളോറിഡയില്‍ മിസൈല്‍ വര്‍ഷിക്കുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത്. പുതിയ ആയുധം റഡാര്‍ സംവിധാനങ്ങള്‍ക്കും ഇതര പ്രതിരോധ ഉപകരണങ്ങള്‍ക്കും കണ്ടെത്താന്‍ കഴിയില്ലെന്നാണ് റഷ്യയുടെ അവകാശ വാദം. പുറത്തിറക്കിയ ആയുധങ്ങളില്‍ ഒന്ന് താഴ്ന്ന് പറന്ന് ആക്രമണം നടത്താന്‍ കഴിവുള്ള മിസൈലുകളാണ്. ക്രൂയിസ് മിസൈലുകള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കും കണ്ടെത്താന്‍ വളരെയേറെ ബുദ്ധിമുട്ടുള്ള ഇവയുടെ സഞ്ചാര പ്രതലം പ്രതിരോധ സംവിധാനങ്ങള്‍ക്ക് കണ്ടുപിടിക്കുക അസാധ്യമാണെന്ന് പുടിന്‍ പറയുന്നു. രണ്ടാമത് പുറത്തിറക്കിയത് ദീര്‍ഘ ദൂര സബ്മറൈന്‍ മിസൈലുകളാണ്. ആണവായുധങ്ങള്‍ വഹിക്കാന്‍ പ്രാപ്തിയുള്ള ഇവ ലോകത്ത് തന്നെ പുതിയതാണ്.

അമേരിക്ക വികസിപ്പിച്ചെടുത്തിട്ടുള്ള മിസൈല്‍ പ്രതിരോധ സംവിധാനത്തിനുള്ള മറുപടിയാണ് പുതിയ ആയുധങ്ങളെന്ന് പുടിന്‍ വ്യക്തമാക്കി. ഇരു പാര്‍ലമെന്റുകളിലുമായി നടന്ന പ്രസംഗം ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടു നില്‍ക്കുന്നതായിരുന്നു. പുതിയ ആയുധങ്ങളുടെ ആനിമേഷന്‍ വീഡിയോയില്‍ അമേരിക്കയെ ആണവായുധം ഉപയോഗിച്ച് ആക്രമിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ഉത്തരാവാദിത്വപ്പെട്ട രാജ്യമെന്ന രീതിയിലുള്ള റഷ്യന്‍ പ്രതികരണമല്ല ഇതെന്നും യുഎസ സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. വരുന്ന തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വളരെക്കുറച്ച് പ്രചരണ പരിപാടികളിലെ പുടിന്‍ പങ്കെടുത്തിട്ടുള്ളു. അടുത്ത ആറ് വര്‍ഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്ലാനുകളെ കുറിച്ച് ചുരുക്കം വാക്കുകള്‍ മാത്രമാണ് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടുള്ളത്.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles