സാഹിത്യകാരനും ദൈവശാസ്ത്ര പണ്ഡിതനുമായ കർദിനാൾ ജോൺ ഹെൻറി ന്യൂമാനെ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ കത്തോലിക്ക സഭയ്ക്ക് അഭിമാനനിമിഷം

സാഹിത്യകാരനും ദൈവശാസ്ത്ര പണ്ഡിതനുമായ കർദിനാൾ ജോൺ ഹെൻറി ന്യൂമാനെ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ കത്തോലിക്ക സഭയ്ക്ക് അഭിമാനനിമിഷം
October 14 05:00 2019 Print This Article

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വത്തിക്കാൻ സിറ്റി : ലോകമെങ്ങും ആദരിക്കപ്പെടുന്ന സാഹിത്യകാരനും ദൈവശാസ്ത്ര പണ്ഡിതനുമായ ഇംഗ്ലീഷ് കർദിനാൾ ജോൺ ഹെൻറി ന്യൂമാൻ ഇനി വിശുദ്ധൻ. ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് കർദിനാൾ ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.ഏകദേശം 50 വർഷത്തിനുള്ളിൽ വിശുദ്ധനാകുന്ന ആദ്യത്തെ ഇംഗ്ലീഷ് വ്യക്തികൂടിയാണ് കർദിനാൾ ന്യൂമാൻ. ബ്രിട്ടനിൽ നിന്നുള്ള ആയിരക്കണക്കിനാളുകൾ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. വെയിൽസ് രാജകുമാരനും ചടങ്ങുകളിൽ പങ്കെടുത്തു. കർദിനാൾ ന്യൂമാനൊപ്പം കേരളത്തിൽ നിന്നുള്ള മദർ മരിയ ത്രേസ്യ, സ്വിറ്റസർലണ്ടിൽ നിന്നുള്ള മർഗൂറൈറ്റ് ബേസ്, ഇറ്റലിയിൽ നിന്നുള്ള മദർ ഗ്യൂസെപ്പിന വാനിനി, ബ്രസീലിയൻ വംശജയായ സിസ്റ്റർ ഡൽസ് ലോപ്സ് പോണ്ടെസ് എന്നിവരും വിശുദ്ധരായി ഉയർത്തപ്പെട്ടു.

1801 ൽ ബ്രിട്ടനിൽ ജനിച്ച കർദിനാൾ ന്യൂമാൻ, ആദ്യം ആംഗ്ലിക്കൻ വൈദികനായിരുന്നു. 1845ൽ കത്തോലിക്കാ സഭയിൽ ചേർന്നു. പിന്നീട് വൈദികനും കർദിനാളുമായി. 1890 ലാണ് അന്തരിച്ചത്. 2010 ലാണ് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി ബനഡിക്ട് പതിനാറാമൻ മാർപാപ്പ പ്രഖ്യാപിച്ചത്. ലണ്ടനിൽ ഓക്സ്ഫഡ് കോളജിൽ പഠിച്ച കർദിനാൾ ന്യൂമാൻ, വിദ്യാഭ്യാസ രംഗത്ത് വലിയ പണ്ഡിതനായിരുന്നു. അദ്ദേഹം അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ വിശ്വാസികൾക്കെന്നപോലെ കേരളീയർക്കും ഏറെ സുപരിചിതനാണ് ഇദ്ദേഹം. ഇടുക്കി ജില്ലയിലെ തൊടുപുഴ ന്യൂമാൻ കോളേജ് സ്ഥാപിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ പേരിലാണ്. കോതമംഗലം രൂപതയുടെ കീഴിൽ 1964ൽ ആണ് കർദിനാൾ ജോൺ ഹെൻറി ന്യൂമാന്റെ പേരിൽ തൊടുപുഴയിൽ കോളജ് ആരംഭിച്ചത്. ചങ്ങനാശ്ശേരി എസ്ബി കോളേജ് ഹോസ്റ്റലും കർദിനാൾ ന്യൂമാന്റെ പേരിൽ ഉള്ളതാണ്.

കര്‍ദിനാള്‍ ന്യുമാന്‍റെ വിഖ്യാതമായ കവിത ഇന്നും യാമപ്രാര്‍ഥനയില്‍ സഭ ഉപയോഗിക്കുന്നു. ആഗോളതലത്തില്‍തന്നെ പ്രശസ്തമായ കവിതയും പ്രാര്‍ഥനയുമാണിത്. കേരളത്തില്‍ ഇന്നും ഉപയോഗിക്കുന്ന അറിയപ്പെട്ടെ അന്തിമോപചാര ശുശ്രൂഷാഗാനവും ഭക്തിഗാനവുമാണിത്. കർദിനാൾ ന്യൂമാൻ രചിച്ച ‘നിത്യമാം പ്രകാശമേ നയിക്കുക എന്നെ നീ… ചുറ്റിലും ഇരുൾ പരന്നീടുന്ന വേളയിൽ ‘ എന്ന് തുടങ്ങുന്ന പ്രാർത്ഥന ഗീതം പ്രശസ്തമാണ്. സവിശേഷവും വൈകാരികവുമായ നിമിഷമാണിതെന്ന് ബർമിംഗ്ഹാമിൽ നിന്നുള്ള ഫ്രണ്ട്സ് ഓഫ് ന്യൂമാൻ സെക്രട്ടറി കരോൾ പാർക്കിൻസൺ പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles