ന്യൂസ് ഡെസ്ക്, മലയാളം യുകെ

തീവ്രവാദ പ്രവർത്തനങ്ങൾ ചുമത്തി മൂന്ന് പേരെ പോലീസ് കോടതിയിൽ ഹാജരാക്കി. ഇംഗ്ലണ്ടിലെ ജൂതസമൂഹങ്ങൾ കൂട്ടത്തോടെ താമസിക്കുന്ന വടക്ക് – പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ അക്രമം അഴിച്ചുവിടാനാണ് ഇവർ പദ്ധതി തയ്യാറാക്കിയിരുന്നത്. വാലിദ് സാദൗയി (36), അമർ ഹുസൈൻ (50), വാലിദിൻ്റെ സഹോദരൻ ബിലേൽ സാദൗയി (35) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇവർ ഐഎസ് ബന്ധമുള്ള തീവ്രവാദ പ്രവർത്തനം 2023 -ൽ ആരംഭിച്ചതായാണ് കുറ്റപത്രത്തിൽ പറയുന്നത്.

മൂന്ന് പേരെയും കഴിഞ്ഞ ബുധനാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ആണ് ഹാജരാക്കിയത്. ഇവർ ഭീകര പ്രവർത്തനത്തിന് വേണ്ടി ആയുധം സംഭരിക്കാനുള്ള ശ്രമത്തിലായിരുന്നു എന്നാണ് പോലീസ് അറിയിച്ചത്. ജൂത സമൂഹത്തെ കൂടാതെ പോലീസിനെയും സൈനികരെയും ഇവർ ലക്ഷ്യം വെച്ചിരുന്നതായും കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭീകര ആക്രമണത്തിനുള്ള ആയുധം ശേഖരിക്കാൻ പ്രതികൾ ഒരു ഭവനവും ഉപയോഗിച്ചിരുന്നു. മെയ് 8 ന് വൈകുന്നേരം 7.30 ന് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബോൾട്ടൺ, അബ്രാം, ഹിൻഡ്‌ലി, ഗ്രേറ്റ് ലിവർ ഏരിയകളിൽ നടത്തിയ റെയ്ഡാണ് അറസ്റ്റിലേക്ക് നയിച്ചത് .