അലക്സ് വർഗീസ്  (യുക്മ നാഷണൽ ജനറൽ സെക്രട്ടറി)

പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുക്മ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗം ബർമിംഗ്ഹാമിൽ നടന്നു. ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള യോഗത്തിൽ അദ്ധ്യക്ഷതവഹിച്ചു.  യുക്മ രൂപീകൃതമായതിന്റെ ദശാബ്‌ദി വർഷത്തിൽ പുത്തൻ കർമ്മ പരിപാടികളുമായി മുന്നോട്ടുപോകുവാൻ പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് പറഞ്ഞു. മുൻ വർഷങ്ങളിലേതുപോലെതന്നെ ശക്തമായ റീജിയണുകളും സുശക്‌തമായ ദേശീയ നേതൃത്വവും എന്ന രീതിയിൽ അംഗ അസ്സോസിയേഷനുകളെയും യു കെ മലയാളി പൊതുസമൂഹത്തെയും ഏകോപിപ്പിക്കുന്ന വിധമുള്ള  പ്രവർത്തനങ്ങൾക്ക് ഭരണസമിതി യോഗം വിപുലമായ രൂപരേഖ തയ്യാറാക്കി.

ദേശീയ ഭാരവാഹികളെ കൂടാതെ വിവിധ റീജിയണൽ പ്രസിഡന്റുമാരും റീജിയണുകളിൽനിന്നുമുള്ള ദേശീയ കമ്മറ്റി അംഗങ്ങളും മുൻ പ്രസിഡന്റും മുൻ ജനറൽ സെക്രട്ടറിയുമടങ്ങുന്നതാണ് യുക്മ ദേശീയ നിർവാഹക സമിതി. പുതിയ ദേശീയ നേതൃത്വം പ്രവർത്തനം ആരംഭിച്ചതിന്റെ തുടർച്ചയായി യുക്മയുടെ പോഷക സംഘടനാ നേതൃത്വങ്ങളിലും സംഘടനയിലെ മറ്റു പ്രധാനപ്പെട്ട തസ്തികകളിലും അഴിച്ചുപണികൾ നടന്നു.

അടുത്ത രണ്ടു വർഷങ്ങളിലേക്കുള്ള നാഷണൽ പി ആർ ഒ ആൻഡ് മീഡിയ കോർഡിനേറ്റർ ആയി സജീഷ് ടോം നിയമിതനായി. യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറിയായ സജീഷ് ടോം കഴിഞ്ഞ ഭരണസമിതിയിലും പി ആർ ഒ ആയി പ്രവർത്തിച്ചു വരികയായിരുന്നു. ജ്വാല ഇ-മാഗസിൻ മാനേജിങ് എഡിറ്റർ, യുക്മന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ എന്നീ ചുമതലകളും കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിൽ സജീഷ് ടോം നിർവഹിച്ചിരുന്നു.

യു കെ മലയാളികളുടെ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിൽ സജീവ സഹയാത്രികനായ സജീഷ് ടോം, ബ്രിട്ടനിലെ രാഷ്ട്രീയ – തൊഴിലാളി സംഘടനാ രംഗങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഇന്ത്യൻ സാന്നിധ്യമാണ്. ലേബർ പാർട്ടിയുടെ ബേസിംഗ്‌സ്‌റ്റോക്ക് പാർലമെന്റ് മണ്ഡലത്തിലെ ന്യൂനപക്ഷ-പിന്നോക്ക വിഭാഗം (ബ്ളാക്ക് ഏഷ്യൻ ആൻഡ് മൈനോറിറ്റി എത്നിക്) ചുമതലയുള്ള ഭാരവാഹിയായി  (BAME Officer) തുടർച്ചയായ മൂന്നാം തവണയും പ്രവർത്തിക്കുന്ന സജീഷ്, 2018 ലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സ്ഥാനാർത്ഥി ആയിരുന്നു.

ബ്രിട്ടനിലെ ഏറ്റവും വലിയ പൊതുമേഖലാ തൊഴിലാളി സംഘടനയായ യൂണിസൺ (UNISON) ന്റെ ബേസിംഗ്‌സ്‌റ്റോക്ക് ഹെൽത്ത് ബ്രാഞ്ച് ചെയർപേഴ്‌സൺ ആയും, ‘യൂണിസൺ-ലേബർലിങ്ക്’ ഓഫീസർ ആയും സജീഷ് ടോം പ്രവർത്തിക്കുന്നു. ഫെബ്രുവരി മാസം ലണ്ടനിൽ നടന്ന യൂണിസൺ സൗത്ത് ഈസ്റ്റ് റീജിയണൽ നിർവാഹക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ അഭിമാനകരമായ വിജയം കരസ്ഥമാക്കിയ സജീഷ് ടോം സംഘടനയുടെ റീജിയണൽ ഫിനാൻസ് സ്ട്രാറ്റജിക് കമ്മറ്റിയിലും വെൽഫെയർ കമ്മറ്റിയിലും അംഗമാണ്. ബേസിംഗ്‌സ്‌റ്റോക്ക് എൻ എച്ച് എസ് ഹോസ്പിറ്റലിൽ അഡ്മിൻ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു.

യു കെ പൊതുസമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവമായി ഇടപെടുന്നതോടൊപ്പം തന്നെ, യു കെ മലയാളി സമൂഹത്തിനായും പ്രവർത്തിക്കുവാൻ സമയം കണ്ടെത്തുന്നു എന്നതാണ് സജീഷ് ടോമിനെ വ്യത്യസ്തനാക്കുന്നത്. യുക്മയു ടെ പുതിയ നാഷണൽ പി ആർ ഒ ആൻഡ് മീഡിയ കോർഡിനേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ട സജീഷ് ടോമിനെ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, മുൻ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് എന്നിവർ അഭിനന്ദിച്ചു. യുക്മയുടെ ഔദ്യോഗീക വാർത്തകൾ നേരിട്ട് കിട്ടാത്ത മാധ്യമങ്ങൾ [email protected]  എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു. അതോടൊപ്പം തന്നെ യുക്മ നാഷണൽ പി ആർ ഒ യുമായി 07706913887 എന്ന നമ്പറിലും വാർത്തകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്.