റിയാദ്: സ്ത്രീകള്‍ക്ക് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങളില്‍ പ്രവേശനം അനുവദിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. നിബന്ധനകളോടെയാണ് സ്ത്രീകള്‍ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. കുടുംബങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്ന പ്രദേശത്ത് മാത്രമേ സ്ത്രീകള്‍ക്ക് ഇരിക്കാന്‍ അനുവാദമുള്ളൂ. ഒറ്റക്കോ പുരുഷന്‍മാരായ കുടുംബാംഗങ്ങള്‍ക്കൊപ്പമോ എത്തുന്നവര്‍ക്ക് ഇരിപ്പിടത്തിനാണ് ഈ സൗകര്യമേര്‍പ്പെടുത്തുന്നത്. ഫാമിലി സെക്ഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം പ്രത്യേക സൗകര്യങ്ങള്‍ സ്റ്റേഡിയങ്ങളില്‍ ഒരുക്കാനും ഭരണകൂടം ഉത്തരവിട്ടു.

അടുത്ത വര്‍ഷം മുതല്‍ സ്ത്രീകള്‍ക്കും സ്‌റ്റേഡിയങ്ങളില്‍ സ്‌പോര്‍ട്‌സ് ആസ്വദിക്കാനാകുമെന്ന് ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി അറിയിച്ചു. തലസ്ഥാനമായ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലുള്ള പ്രധാന സ്‌റ്റേഡിയങ്ങളില്‍ കുടുംബങ്ങള്‍ക്കായുള്ള സൗകര്യങ്ങള്‍ തയ്യാറാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കിരീടാവകാശിയായ മൊഹമ്മദ് ബിന്‍ സല്‍മാനാണ് ഈ പരിഷ്‌കാരത്തിനും പിന്നില്‍. സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശം നല്‍കാന്‍ അടുത്തിടെ സൗദി തീരുമാനിച്ചിരുന്നു.

കഴിഞ്ഞ മാസം നടന്ന ദേശീയ ദിനാഘോഷങ്ങളില്‍ റിയാദ് സ്‌റ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഏറെ ജനപിന്തുണ നേടിയ തീരുമാനമായിരുന്നു ഇത്. സാമൂഹിക, സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി നടപ്പാക്കുന്ന വിഷന്‍ 2030 പദ്ധതിയില്‍പ്പെടുത്തിയാണ് യാഥാസ്ഥിതിക രീതികളില്‍ നിന്ന് സൗദി പിന്‍മാറുന്നത്.