സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധിച്ച നിരവധി പേരിൽ കടുത്ത ശ്വാസകോശ പ്രശ്നങ്ങൾ നിലനിൽക്കുന്നതായി ഡോക്ടർമാരുടെ റിപ്പോർട്ട്. ബിബിസിക്ക് നൽകിയ റിപ്പോർട്ടിലാണ് ഡോക്ടർമാർ ഈ പ്രധാനപ്പെട്ട വിവരം പങ്കുവെച്ചത്. പലപ്പോഴും കൊറോണ ബാധ പൾമണറി ഫൈബ്രോസിസ് എന്ന സ്ഥിരമായ ശ്വാസകോശ രോഗത്തിന് കാരണമാകുന്നു. ഈയൊരു അവസ്ഥ ചികിത്സിച്ച് ഭേദമാക്കാവുന്നതല്ല. ശ്വാസതടസ്സം, ചുമ, ക്ഷീണം മുതലായവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഇത്തരം രോഗികളുടെ ചികിത്സക്കായി പ്രത്യേക റിഹാബിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കുകയാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു.

നിരവധി രോഗികളാണ് ഈയൊരു അവസ്ഥയുമായി ആശുപത്രികളിൽ ചികിത്സ തേടുന്നത്. ടാക്സി ഡ്രൈവറായി റിട്ടയർ ചെയ്ത അറുപത്തെട്ടുകാരനായ അന്തോണി മക്ഹ്യൂഗ് തന്റെ അനുഭവം ബിബിസി ന്യൂസിനോട് പങ്കുവെച്ചു. കൊറോണ ബാധിച്ച ഇദ്ദേഹത്തെ മാർച്ച് 6നാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. അതിനുശേഷം ഇദ്ദേഹത്തിന് അവസ്ഥ മോശമാവുകയും, ഇന്റെൻസീവ് കെയറിൽ വെന്റിലേറ്ററിൽ 13 ദിവസം കഴിയുകയും ചെയ്തു. ഏകദേശം നാല് ആഴ്ചയോളം ഉള്ള ആശുപത്രിയിലും , പിന്നീട് രണ്ടാഴ്ചയോളം റിഹാബിലിറ്റേഷൻ സെന്ററിലും അദ്ദേഹം ചികിത്സ തേടി. ഏപ്രിൽ പകുതിയോടെ കൂടി ഭവനത്തിൽ എത്തിച്ചേർന്ന അദ്ദേഹത്തിന് പിന്നീട് പലപ്പോഴായി ശ്വാസംമുട്ടലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പലപ്പോഴും സാധാരണ ജോലികൾ പോലും ചെയ്യുവാൻ തനിക്ക് പ്രയാസം അനുഭവപ്പെടുന്നുണ്ടെന്ന് ബിബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പിന്നീട് ആശുപത്രിയിൽ എത്തി സി.റ്റി സ്കാൻ ചെയ്ത ഇദ്ദേഹത്തിന്, സ്ഥിരമായ ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തി. ഇത്തരത്തിലുള്ള അനേകം രോഗികളാണ് ദിവസവും ആശുപത്രികളിൽ ചികിത്സ തേടുന്നതെന്ന് ഡോക്ടർമാർ പറയുന്നു.

ചെറിയതോതിൽ രോഗം വന്നവരിൽ ഇത്തരം ശ്വാസകോശ പ്രശ്നങ്ങൾ സ്ഥിരീകരിക്കുന്നില്ല. എന്നാൽ അതീവ ഗുരുതരമായി രോഗം ബാധിച്ചു ഇന്റെൻസീവ് കെയർ യൂണിറ്റുകളിൽ കഴിയുന്ന ഭൂരിഭാഗം പേരിലും ഇത്തരം അവസ്ഥ ഉണ്ടാകുന്നതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ലങ് ഫൈബ്രോസിസിനു സ്ഥിരമായ ശാശ്വത പരിഹാരമില്ല. ഇത്തരം രോഗികൾക്ക് വേണ്ടി റിഹാബിലിറ്റേഷൻ സെന്ററുകൾ കൂട്ടുവാനാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് തീരുമാനിച്ചിരിക്കുന്നത്.