ശബരിമല വിധി പുനഃപരിശോധിക്കും. വിധി ഏഴംഗ ബഞ്ച് പുന:പരിശോധിക്കും. സുപ്രീംകോടതി ഏഴംഗ ഭരണഘടനാബെഞ്ചിനു വിട്ടു. വിവിധമതങ്ങളില്‍ സമാനപ്രശ്നങ്ങളുണ്ടെന്ന് സുപ്രീംകോടതി അഞ്ചംഗബെഞ്ച് നിരീക്ഷിച്ചു. മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനവും വിശാലബെഞ്ച് പരിശോധിക്കും. വിധി വിയോജനത്തോടെയാണ്. ഏഴംഗ ബെഞ്ചിന് വിട്ടതിനോട് വിയോജിച്ച് രണ്ടു ജഡ്ജിമാര്‍ രംഗത്തെത്തി. നരിമാനും ചന്ദ്രചൂഢുമാണ് വിയോജിച്ച ജസ്റ്റിസുമാര്‍.

മതത്തിന്റെ പേരിൽ സ്ത്രീകളെ ഒഴിച്ചുകൂടാനാവാത്ത കാര്യമാണോയെന്ന് കോടതി ചോദിച്ചു. മതപരമായ ആചാരങ്ങൾ സദാചാരത്തിന് വിരുദ്ധമാകരുത്. സ്ത്രീയ്ക്കും-പുരുഷനും മതത്തിൽ തുല്യവകാശമാണെന്ന് വിധി പ്രസ്താവനയുടെ തുടക്കത്തിൽ കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ​് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നാല് റിട്ട് ഹര്‍ജികളുള്‍പ്പെടേ അറുപത് ഹര്‍ജികളില്‍ തുറന്നകോടതിയില്‍ വാദം കേട്ട ശേഷമാണ് വിധി പറയാനായി ഇന്നത്തേക്ക് മാറ്റിയത്.

യുവതി പ്രവേശനം അനുവദിച്ച് 2018 സെപ്റ്റംബര്‍ 28നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധിച്ചത്. ഇതിനെതിരായ 56 പുന:പരിശോധന ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളിലും കഴിഞ്ഞ ഫെബ്രുവരി ആറിന് തുറന്നകോടതിയില്‍ വാദം കേട്ടു. ശബരിമല തന്ത്രി കണ്ഠര് രാജീവര്, എന്‍.എസ്.എസ്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, ശബരിമല ആചാര സംരക്ഷണ സമിതി, ദേവസ്വം ബോര്‍ഡ് മുന്‍അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരായിരുന്നു മുഖ്യഹര്‍ജിക്കാര്‍.
മറുവശത്ത് സംസ്ഥാന സര്‍ക്കാരും, ദേവസ്വം ബോര്‍ഡും, യങ് ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷന്‍, ഹാപ്പി ടു ബ്ലീഡ് പോലുള്ള സംഘടനകളും. യുവതി പ്രവേശ വിലക്ക് വിവേചനപരമോ, അയിത്തമോ അല്ല. നൈഷ്ഠിക ബ്രമ്ഹചാരിയെന്ന നിലക്കുള്ള പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിച്ചാണ് പ്രത്യേക പ്രായ പരിധിയിലുള്ള സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് തുടങ്ങയവയാണ് ഹര്‍ജിക്കാരുടെ വാദങ്ങള്‍. വിലക്കിന്‍റെ അടിസ്ഥാനം അയിത്തവും, ആര്‍ത്തവം അശുദ്ധിയാണെന്ന കാഴ്ചപാടുമാണ്. യുവതി പ്രവേശവിലക്ക് ഒഴിവാക്കാന്‍ പറ്റാത്ത ആചാരമല്ലെന്നും എതിര്‍ കക്ഷികള്‍ വാദിച്ചു.
ഭരണഘടന ബെഞ്ചിലെ നാല് അംഗങ്ങളില്‍ മൂന്നു പേരും യുവതി പ്രവേശത്തെ അനുകൂലിച്ചിരുന്നു.