വിൻസ്റ്റൺ ചർച്ചിലിന്റെ ജന്മസ്ഥലത്തു നിന്നും ഒരു സ്വർണ്ണ ടോയ്‌ലെറ്റ് മോഷ്ടിക്കപ്പെട്ടു. ബ്ലെൻഹൈം കൊട്ടാരത്തിൽ നിന്നും ഇന്നലെ പുലർച്ചെ 4:50ഓടെയാണ് 1മില്യൺ പൗണ്ട് വിലമതിക്കുന്ന സ്വർണ്ണ ടോയ്‌ലെറ്റ് മോഷണം പോയത്. 4:50 ഓടെ ഓക്സ്ഫോർഡ്ഷയർ കൊട്ടാരത്തിൽ ഒരു സംഘം അതിക്രമിച്ച് കയറി കലാസൃഷ്ടികൾ മോഷ്ടിച്ചതായി തേംസ് വാലി പോലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് 66കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. തറയിൽ നിന്ന് ഇളക്കിയെടുത്തതുകൊണ്ട് അനേകം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇറ്റാലിയൻ ആർട്ടിസ്റ്റ് മൗറീഷ്യോ കാറ്റെലനാണ് സ്വർണ്ണ ടോയ്‌ലെറ്റ് രൂപകൽപ്പന ചെയ്തത്. ന്യൂയോർക്കിൽ പ്രദർശിപ്പിക്കുമ്പോൾ വലിയ ജനക്കൂട്ടത്തെ ആകർഷിക്കാൻ ഇതിന് കഴിഞ്ഞിരുന്നു.

അമേരിക്ക എന്ന് പേരിട്ടിരിക്കുന്ന ഈ ടോയ്‌ലറ്റ്, ഒരു ആർട്ട്‌ എക്സിബിഷന്റെ ഭാഗമായി നടന്ന പ്രദർശനത്തിനിടയിലാണ് മോഷണം പോയത്. സന്ദർശകർക്ക് ഇത് ഉപയോഗിക്കാനും അവസരമുണ്ടായിരുന്നു. കൊട്ടാരത്തിൽ പ്രദർശിപ്പിച്ചിരുന്ന സ്വർണ്ണം കൊണ്ട് നിർമ്മിച്ച ഉയർന്ന മൂല്യമുള്ള ടോയ്‌ലറ്റാണ് മോഷണം പോയിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ജെസ് മിൽനെ പറഞ്ഞു. “ കുറ്റകൃത്യ സമയത്ത് കുറഞ്ഞത് രണ്ട് വാഹനങ്ങളെങ്കിലും കുറ്റവാളികൾ ഉപയോഗിച്ചുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കലാസൃഷ്‌ടി ഇപ്പോൾ വീണ്ടെടുത്തിട്ടില്ല, എന്നാൽ ഇത് കണ്ടെത്താനും കുറ്റം ചെയ്തവരെ നീതിപീഠത്തിലേക്ക് കൊണ്ടുവരാനുമായി ഞങ്ങൾ സമഗ്രമായ അന്വേഷണം നടത്തുകയാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണത്തിന്റെ ഭാഗമായി അടച്ച കൊട്ടാരം ഇന്ന് തുറക്കും.