കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച പിഎം കെയര്‍സ് ഫണ്ടിലേയ്ക്ക് ലഭിക്കുന്ന പണം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിലേയ്ക്ക് (പിഎംഎന്‍ആര്‍എഫ്) മാറ്റണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. കഴിഞ്ഞ ദിവസം സോണിയ അടക്കമുള്ള വിവിധ പ്രതിപക്ഷ കക്ഷി നേതാക്കളുമായി ഫോണില്‍ ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി മോദി കൊവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും സോണിയ ഗാന്ധി മുന്നോട്ടുവച്ചിരിക്കുന്നത്. 20,000 കോടി രൂപ ചിലവഴിച്ച് ഡല്‍ഹിയില്‍ നടത്താനുദ്ദേശിക്കുന്ന സെന്‍ട്രല്‍ വിസ്ത സൗന്ദര്യവത്കരണ പദ്ധതി ഉപേക്ഷി്ക്കാന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

പിഎം കെയര്‍സ് ഫണ്ട്, പിഎം എന്‍ആര്‍ഫിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുക

ഇത് സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താന്‍ സഹായിക്കും. കൃത്യമായ ഓഡിറ്റിംഗിന് വിധേയമാക്കപ്പെടും. ഫണ്ട് വിതരണത്തിന് രണ്ട് സംവിധാനമുണ്ടാകുന്നത് അനാവശ്യമാണ്. 1948 മുതല്‍ രാജ്യത്ത് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയുണ്ട്. പിഎം കെയര്‍സ് ഫണ്ടിന്റെ ആവശ്യമെന്തെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. 2019 സാമ്പത്തികവര്‍ഷം അവസാനം പിഎംഎന്‍ആര്‍എഫില്‍ 3800 കോടി രൂപ ഉപയോഗിക്കാതെ കിടക്കുന്നുണ്ടെന്നും സോണിയ പറയുന്നു.

സര്‍ക്കാര്‍ പരസ്യങ്ങളും രണ്ട് വര്‍ഷത്തേയ്ക്ക് ഒഴിവാക്കുക

പ്രിന്റ്, ഇലക്ട്രോണിക്ക്, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നല്‍കുന്ന എല്ലാ സര്‍ക്കാര്‍ പരസ്യങ്ങളും നിര്‍ത്തുക. സര്‍ക്കാരിന്റേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും പരസ്യങ്ങള്‍ രണ്ട് വര്‍ഷത്തേയ്ക്ക് ഒഴിവാക്കുക. കൊവിഡ് 19നുമായി ബന്ധപ്പെട്ടതോ പൊതുജനാരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ടതോ ആയ പരസ്യങ്ങള്‍ മാത്രം നല്‍കുക.

20,000 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതി ഉപേക്ഷിക്കുക

ഡല്‍ഹിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത സൗന്ദര്യവത്കരണ, നിര്‍മ്മാണപദ്ധതി ഉപേക്ഷിക്കുക. ഇത് തീര്‍ത്തും അനാവശ്യമായ ചിലവാണെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടുന്നു.

ബജറ്റ് ചിലവ് 30 ശതമാനം കുറക്കുക

ശമ്പളം, പെന്‍ഷന്‍ കേന്ദ്ര പദ്ധതികള്‍ എന്നിവയല്ലാതെ, സര്‍ക്കാര്‍ ചിലവ് 30 ശതമാനം വെട്ടിക്കുറക്കുക.

വിദേശയാത്രകൾ ഒഴിവാക്കുക

പ്രധാനമന്ത്രി, രാഷ്ട്രപതി, കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടേതടക്കം എല്ലാവരുടേയും വിദേശയാത്രകള്‍ ഒഴിവാക്കുക. അടിയന്തരാവശ്യങ്ങളില്‍ ദേശീയ താല്‍പര്യം പരിഗണിച്ച് മാത്രം ഇതില്‍ ഇളവുകള്‍ നല്‍കാം.