കാൻസറിനെ കരളുറപ്പ് കൊണ്ട് നേരിട്ട ആ പുഞ്ചിരിക്കുന്ന മുഖം ഇനി ഓർമ്മ. കാൻസർ ചികിത്സയിലായിരുന്ന അരുണിമ രാജൻ ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. ഇന്ന് രാവിലെയാണ് അരുണിമ മരണത്തിന് കീഴടങ്ങിയത്. ഡോക്ടര്‍മാര്‍ ഇനി രണ്ടേരണ്ട് മാസം കൂടിയെന്ന് വിധിയെഴുതിയിടത്തുനിന്ന് എട്ട് മാസം കൂടി സ്വന്തം ആയുസ് വിധിയോട് പൊരുതി വാങ്ങിയ അരുണിമയുടെ നേട്ടം തന്നെയാണത്.

ഒരു പല്ലുവേദനയില്‍ നിന്നാണ് അരുണിമയുടെ നീണ്ട ആശുപത്രിവാസം തുടങ്ങുന്നത്. പല്ലുവേദനയ്‌ക്കൊപ്പമെത്തിയ പനിയെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സ്‌കാനിംഗ് നടത്തിയത്. ഇതില്‍ കുടലില്‍ അണുബാധ പോലെയെന്തോ ഉണ്ടെന്ന് കണ്ടെത്തി. വിശദപരിശോധനകള്‍ക്ക് മറ്റൊരു ആശുപത്രിയില്‍ ചെന്നെങ്കിലും പേടിക്കാന്‍ മാത്രമുള്ള രോഗമൊന്നുമില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എങ്കിലും ഒരിക്കല്‍ കൂടി ഉറപ്പിക്കാനായാണ് എറണാകുളം അമൃത ആശുപത്രിയിലെത്തിയത്.

അവിടെ വച്ചാണ് കുടലില്‍ ക്യാന്‍സര്‍ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. അപ്പോഴേക്ക് രോഗം നാലാം ഘട്ടത്തിലെത്തിയിരുന്നു. നല്‍കാവുന്ന ചികിത്സകള്‍ക്കും പ്രതീക്ഷകള്‍ക്കുമെല്ലാം പരിധികളേറെയായിരുന്നു. എങ്കിലും എല്ലാ പ്രതിസന്ധികള്‍ക്കുമിടയില്‍ വച്ച് അവര്‍ ചികിത്സ തുടങ്ങി. കീമോയുടെ വേദനകൾ മറക്കാൻ ചിത്രങ്ങൾ വരച്ച അരുണിമ രോഗത്തിന്റെ തളര്‍ച്ചകള്‍ക്കിടയിലുംതാന്‍ വരച്ച ചിത്രങ്ങളുള്‍ക്കൊള്ളിച്ച പ്രദര്‍ശനമൊരുക്കി.
ഇതിനിടെ ആദ്യകീമോയില്‍ പൊട്ടിപ്പോയ കുടലില്‍ നിന്ന് ശരീരമാകെ അണുബാധയുണ്ടായി. പലയിടത്തും പഴുപ്പ് കെട്ടി. അതോടെ, തുടര്‍ചികിത്സ കൂടുതല്‍ പ്രശ്‌നത്തിലായി.

ഓഗസ്‌റ്റോടെ ഇനി മറ്റൊന്നും ചെയ്യാനില്ലെന്ന അവസ്ഥയിലെത്തി. ഏറിപ്പോയാല്‍ രണ്ട് മാസം കൂടി ജീവിക്കുമെന്ന് ഡോക്ടര്‍മാര്‍ നിരാശയോടെ വിധിയെഴുതിയപ്പോള്‍ അവള്‍ തിരിച്ച് നാട്ടിലെ വീട്ടിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു പ്രിയപ്പെട്ടവരോട് ആവശ്യപ്പെട്ടത്. അവിടെ അവരോടൊപ്പം സന്തോഷത്തിന്റെ കുറച്ച് ദിനങ്ങള്‍ കൂടണമെന്ന് മാത്രമായിരിക്കണം അന്ന് അരുണിമ ആഗ്രഹിച്ചത്. പക്ഷേ ആ ദിനങ്ങള്‍ അവളെ മാറ്റിമറിച്ചു. ആരെയും അമ്പരപ്പിച്ചുകൊണ്ട് കിടന്ന കിടപ്പില്‍ നിന്ന് ഒറ്റയ്ക്ക് എഴുന്നേറ്റുഎങ്കിലും രോഗത്തിന്റെ തീക്ഷണതയെന്ന യാഥാര്‍ത്ഥ്യത്തെ, മറികടക്കാനായില്ല. അരുണിമ യാത്രയായിരിക്കുന്നു.