സഫിയ അമിറ ഷെയ്ഖ് ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിലും ഒരു ഹോട്ടലിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ കുറ്റക്കാരിയായി കോടതി കണ്ടെത്തി .

സഫിയ അമിറ ഷെയ്ഖ് ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിലും ഒരു ഹോട്ടലിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ കുറ്റക്കാരിയായി കോടതി കണ്ടെത്തി .
February 22 15:42 2020 Print This Article

ലണ്ടൻ∙ എനിക്ക് ഒട്ടേറെപ്പേരെ കൊല്ലണം. വലുതായി എന്തെങ്കിലും ചെയ്യണം. ഒരു അവിശ്വാസിയെ കൊല്ലുന്നത് എനിക്ക് ഒന്നുമാകില്ല. ചരിത്ര പ്രാധാന്യമുള്ള പള്ളി ക്രിസ്മസ്, ന്യൂ ഇയർ ദിവസങ്ങളിൽ ലക്ഷ്യമിടണം– ഭീകരാക്രമണത്തിന് പദ്ധതിയിട്ട പടിഞ്ഞാറൻ ലണ്ടനിലെ സഫിയ അമിറ ഷെയ്ഖ് എന്ന 36 വയസ്സുകാരി അയച്ച സന്ദേശങ്ങളിൽ ഞെട്ടി യുകെയിലെ കോടതി. കഴിഞ്ഞ ഓഗസ്റ്റിലാണ് വേഷം മാറി നടക്കുന്ന അന്വേഷണ ഉദ്യോഗസ്ഥർക്കു കൂട്ടാളികളെന്ന് ധരിച്ചു സഫിയ അമിറ പദ്ധതികളുടെ വിവരങ്ങൾ നൽകിയത്. ഇസ്‍ലാമിക് സ്റ്റേറ്റ് അനുഭാവിയായ സഫിയയെ ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിലും ഒരു ഹോട്ടലിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ കുറ്റക്കാരിയായി കോടതി കണ്ടെത്തി.

ഭീകരാക്രമണത്തിന് ഒരുക്കങ്ങൾ നടത്തിയതായി സഫിയ കുറ്റസമ്മതം നടത്തി. ഐഎസിനോടുള്ള കൂറ് വെളിവാക്കുന്ന പ്രതിജ്ഞ സഫിയ നടത്തിയതായും ഭീകരരുമായി ബന്ധപ്പെട്ട രേഖകൾ ചാറ്റിങ് ആപ്പായ ടെലഗ്രാമിൽ അവർ പങ്കുവച്ചതായും അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ വർഷം ഓഗസ്റ്റിനും ഒക്ടോബറിനും ഇടയിൽ ആക്രമണത്തിന് പദ്ധതി തയാറാക്കുന്നതിനായി വലിയ ഗവേഷണം തന്നെ ഇവർ നടത്തി. സെന്‍ട്രൽ ലണ്ടനിലെത്തിയ സഫിയ ഹോട്ടലിൽ മുറിയെടുത്തു താമസിച്ചാണു ലക്ഷ്യമിടേണ്ട പ്രദേശങ്ങൾ നിരീക്ഷിച്ചത്.

സെന്റ് പോൾസ് പള്ളിയിൽ ചാവേർ ആക്രമണം നടത്തി കഴിയുന്നത്രയും പേരെ കൊല്ലുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് സഫിയ കോടതിയിൽ പറഞ്ഞു. തന്റെ പദ്ധതികളെക്കുറിച്ചു രണ്ടു പേരോടു പറഞ്ഞതാണ് ആക്രമണത്തിനു മുൻപേ സഫിയയെ പിടികൂടാൻ അന്വേഷണ സംഘത്തെ സഹായിച്ചത്. സ്ഫോടക വസ്തുക്കൾ ഉണ്ടാക്കുന്ന വിദഗ്ധനായ ഒരാളോടും അദ്ദേഹത്തിന്റെ ഭാര്യയോടുമായിരുന്നു സഫിയ പദ്ധതികൾ വെളിപ്പെടുത്തിയത്. എന്നാൽ സത്യത്തിൽ ഇവർ വേഷം മാറി നടക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരായിരുന്നു.

2007ലാണ് സഫിയ ഇസ്‍ലാം മതം സ്വീകരിക്കുന്നത്. 2015 മുതൽ ഭീകര സംഘടനയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിനോദ സഞ്ചാരിയെന്ന വ്യാജേന കത്തീഡ്രലിൽ എത്തി ചിത്രങ്ങള്‍ പകർത്താനും ഇവർ പദ്ധതിയിട്ടിരുന്നു. ബോംബ് തയാറാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു സഫിയ ദമ്പതികളോടു തന്റെ പദ്ധതികളെക്കുറിച്ചു വെളിപ്പെടുത്തിയത്. തുടര്‍‍ന്ന് കഴിഞ്ഞ ഒക്ടോബർ 13ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

  Categories:
UK


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles