കേരളത്തില്‍ മൂന്നു ശതകമായി പ്രഹേളികയായി മാറിയിരുന്ന സുകുമാരക്കുറുപ്പ് മുസ്തഫയായി മാറിയ കുറുപ്പ് സൗദി അറേബ്യയിലെ മദീനയിലുണ്ടെന്ന  വാര്‍ത്ത ഇന്നലെ ചെറിയനാട് നിവാസികള്‍ സ്വീകരിച്ചത് ഏറെ കൗതുകത്തോടെ. നാട്ടില്‍ മുമ്പ് ഇത്തരത്തില്‍ ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും കുറുപ്പ് ഇസ്ലാം മതം സ്വീകരിക്കില്ലെന്നു വിശ്വസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ പോലീസില്‍നിന്നു രക്ഷപ്പെടാന്‍ കുറുപ്പ് ഏതു സാധ്യതയും ഉപയോഗപ്പെടുത്തുമെന്ന് അടുത്തറിയാമായിരുന്നവര്‍ കരുതുന്നു.
അബുദാബിയില്‍ മെറെന്‍ എന്‍ജിനീയറായിരുന്ന കുറുപ്പിന് പണത്തോടുണ്ടായിരുന്ന അടങ്ങാത്ത ആര്‍ത്തിയാണ് മരിച്ചെന്നുവരുത്തി ഇന്‍ഷുറന്‍സ് തുക തട്ടുകയെന്ന തന്ത്രം മെനയുന്നതിലെത്തിച്ചത്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി സുകുമാരക്കുറുപ്പിനോടു രൂപസാദൃശ്യമുള്ള ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ച കേസില്‍ സംഭവത്തിന് ശേഷം എവിടെയാണെന്ന തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെ സുകുമാരക്കുറുപ്പ് രക്ഷപ്പെട്ടത് തികച്ചും നാടകീയമായിട്ടായിരുന്നു.
ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ 1984 ജനുവരി 21-നു രാത്രി കൊലപ്പെടുത്തിയതിനു ശേഷം കുറുപ്പും പൊന്നപ്പനും കാറില്‍ ആലുവയിലേക്കാണു പോയത്. അവിടെയുള്ള ഒരു ലോഡ്ജിലായിരുന്നു താമസം. പിന്നീട് കാറുമായി പൊന്നപ്പന്‍ തിരികെ ചെറിയനാട്ടെത്തി. എല്ലാം കുഴഞ്ഞുമറിെഞ്ഞന്നു മനസിലാക്കിയ സുകുമാരക്കുറുപ്പ് അതിസാഹസികമായി മാതാവ് ജാനകിയുടെ സഹോദരി താമസിക്കുന്ന മാവേലിക്കരയ്ക്ക് സമീപമുള്ള ഈരേഴയിലെത്തി. റോഡ് യാത്ര സുരക്ഷിതമല്ലെന്നു കണ്ട് അവിടെനിന്നു റെയില്‍വേ ട്രാക്കിലൂടെ കിലോമീറ്ററുകള്‍ നടന്ന് ചെറിയനാട്ടെ ബന്ധുവീട്ടില്‍ വന്നു. തുടര്‍ന്നാണ് ചില ബന്ധുക്കളുടെ സഹായത്തോടെ സ്ത്രീവേഷമണിഞ്ഞ് കാറില്‍ കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. അവിടെ നിന്നു പോയ കുറുപ്പിനെ പിന്നീടു കണ്ടവരില്ല.
എട്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ കൊലപാതകം നടത്താന്‍ പദ്ധതിയുണ്ടായിരുന്നില്ല. കുറുപ്പിനോടു രൂപസാദൃശ്യമുള്ള മൃതദേഹം സംഘടിപ്പിച്ചു കത്തിക്കാനായിരുന്നു നീക്കം. 1984 ജനുവരി 21-ന് ഉച്ചകഴിഞ്ഞാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്നു മൃതദേഹം സംഘടിപ്പിക്കാന്‍ കുറുപ്പിന്റെ ഭാര്യാസഹോദരന്‍ ഭാസ്‌ക്കരപിള്ള, ഡ്രൈവര്‍ പൊന്നപ്പന്‍, കുറുപ്പിന്റെ സുഹൃത്തും സഹായിയുമായ ചാവക്കാട്ടുകാരന്‍ ഷാഹു എന്നിവര്‍ ചെറിയനാട്ടില്‍നിന്നു കാറില്‍ തിരിച്ചത്.
മറ്റൊരു കാറില്‍ കുറുപ്പും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, കൊല്ലകടവില്‍ എത്തിയപ്പോള്‍, ആശുപത്രിയില്‍ കഴിയുന്ന അമ്മ ദേവകിയെ കാണാന്‍ കുറുപ്പ് പന്തളത്തേക്കു പോയെന്നു ബന്ധുക്കള്‍ പറയുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ജീവനക്കാരനായ ബന്ധു മധുവിന്റെ സഹായത്തോടെ മോര്‍ച്ചറിയില്‍നിന്ന് അജ്ഞാതമൃതദേഹം സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഭാസ്‌ക്കരപിള്ളയുടെ കെ.എല്‍.ക്യു. 7835 നമ്പര്‍ കാറില്‍ ശവം കത്തിച്ചശേഷം, മരിച്ചതു കുറുപ്പാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം തുടക്കത്തിലേ പാളി. മെഡിക്കല്‍ കോളജില്‍നിന്നു ശവം സംഘടിപ്പിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല.
നിരാശരായി മടങ്ങുമ്പോഴാണു കരുവാറ്റയില്‍ കുറുപ്പിനോടു സാദൃശ്യമുള്ള ചാക്കോ വാഹനത്തിനു കൈ കാണിച്ചത്. തുടര്‍ന്നായിരുന്നു കൊലപാതകം. കാല്ലപ്പെട്ടത് ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയാണെന്നു സ്ഥിരികരിക്കാനായി പോലീസ് സര്‍ജന്‍ ബി. ഉമാദത്തന്‍ സൂപ്പര്‍ ഇംപോസിഷനാണ് നടത്തിയത്. ചാക്കോയുടെ ഫോട്ടോ ഉപയോഗിച്ചാണ്് കത്തിക്കരിഞ്ഞ തലയോട്ടിയില്‍നിന്നു മുഖം സൃഷ്ടിച്ചെടുത്തത്. പാദത്തിന്റെ അസ്ഥിയില്‍നിന്നു കാലിന്റെ നീളവും കണ്ടെത്തി. ചാക്കോയുടെ ചെരുപ്പുമായി ഒത്തുനോക്കി.
ചാക്കോയുടെ മൃതദേഹം ചുട്ടുകരിച്ചത് സുകുമാരക്കുറുപ്പിന്റെ ഭാര്യവീടായ ചെറിയനാട്ടെ സ്മിതാ ഭവനിലെ കുളിമുറിയിലായിരുന്നു. അവിടെനിന്നു മുടിയുടെ ഭാഗം കണ്ടെത്തി. തല കരിച്ചപ്പോള്‍ മുടിയിഴകള്‍ പുകച്ചുരുളിനൊപ്പം ഉയര്‍ന്ന് കുളിമുറിയിലെ മാറാലയില്‍ തൂങ്ങിക്കിടന്നിരുന്നു. കുളിമുറി കഴുകിയപ്പോള്‍ ഏതാനും മുടിയിഴകള്‍ ഓവുചാലിലും തങ്ങിനിന്നിരുന്നു. ഇവയെല്ലാം കണ്ടെത്തി ഫോറന്‍സിക് പരിശോധന നടത്തിയത് പ്രശസ്ത ഫോറന്‍സിക് വിദഗ്ധന്‍ ഡോ. മുരളീകൃഷ്ണയാണ്.