ആദില ഹുസൈൻ | മലയാളം കവിത

ഇവിടെയിരുന്നു കൊണ്ട് ഞാൻ വിലപിക്കും
സിറിയ നിന്റെ നൊമ്പരങ്ങൾ എന്നെ
കാർന്നു തിന്നുന്നുവെന്ന്
നിന്റെ മുറിവുകൾ എന്നിൽ നീറ്റലുണ്ടാക്കുന്നുവെന്ന്
നീ എന്റെ വിശപ്പ് കെടുത്തുന്നുവെന്ന്
നിന്റെ ആകാശം ചുവക്കുമ്പോൾ
പക്ഷികൾ ഭയന്ന് നാടുവിടുമ്പോൾ
അനാഥരാക്കപ്പെട്ട കുട്ടികൾ ചേറുണ്ട് വിശപ്പാറ്റുമ്പോൾ
പൊള്ളിയടർന്ന ശരീരങ്ങൾ മോർച്ചറിയിൽ
ആരും സ്വീകരിക്കാനില്ലാതെ കാത്തുകിടക്കുമ്പോൾ
ഞാനിവിടെ മോര് കൂട്ടി വയറുനിറയെ ഉണ്ണും
ചൂടിനെ കുറ്റം പറഞ്ഞ് ഏസി ഓണാക്കി
വെളുവെളുത്ത പതുപതുത്ത കിടക്കയിൽ സുഖമായുറങ്ങും
പെട്ടെന്ന് ഞാനൊരു സ്വപ്നം കാണും
പറക്കുന്ന കഴുകന്മാർ ക്കിടയിലൂടെ
നീലക്കണ്ണുള്ള ഒരു കൊച്ചുസുന്ദരി
അമ്മയെ തിരയുന്നു
ഞെട്ടിയുണർന്ന ഞാൻ ഫ്രിഡ്ജിൽ നിന്നും വെള്ളം കുടിക്കും
വീണ്ടും കിടന്നുറങ്ങും
എന്നിട്ട് ഞാൻ വാട്സാപ്പിൽ സ്റ്റാറ്റസ് ഇടും
‘സിറിയ’ എനിക്ക് ദുഃഖമുണ്ട്

 

ആദില ഹുസൈൻ , 1996 നവംബർ 28ന് കായംകുളത്ത് ജനിച്ചു. പിതാവ് :ഹുസൈൻ എം , മാതാവ് : ഷീജ
സെന്റ് മേരീസ്‌ ബഥനി പബ്ലിക് സ്കൂൾ, പി. കെ. കുഞ്ഞ് സാഹിബ്‌ മെമ്മോറിയൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ആദില ഹുസൈന്റെ കവിതകൾ എന്ന കവിതാസമാഹാരം 2019ൽ പുറത്തിറക്കി. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സഹോദരി : ആൽഫിയാ ഹുസൈൻ