Boris Johnson
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ ഉയരുന്ന കലാപം നിഷേധിക്കാതെ ബോറിസ് ജോണ്‍സണ്‍. ബിബിസിയുടെ ആന്‍ഡ്രൂ മാര്‍ ഷോയിലാണ് ജോണ്‍സണ്‍ തന്റെ നിലപാടുകള്‍ വിശദീകരിച്ചത്. അതേസമയം തന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റില്‍ ടോറികള്‍ക്ക് സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങിയെന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം നിഷേധിച്ചു. ചൊവ്വാഴ്ച കോമണ്‍സില്‍ നടക്കാനിരിക്കുന്ന ബ്രെക്‌സിറ്റ് വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെടണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രെക്‌സിറ്റില്‍ വ്യക്തിപരമായി തനിക്കുള്ള ഉത്തരവാദിത്തവും സംഭവിച്ച കാര്യങ്ങളും ഇകഴ്ത്തി കാണരുത്. നിരവധി കാര്യങ്ങളില്‍ യൂറോപ്യന്‍ യൂണിയന് അപ്രമാദിത്വമുണ്ടാക്കുന്ന ധാരണയില്‍ ഏര്‍പ്പെടേണ്ടി വരുന്നത് ഹൃദയഭേദകമാണെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അത്തരമൊരു സാഹചര്യത്തെ അസംബന്ധമെന്നേ വിശേഷിപ്പിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവണ്‍മെന്റിന്റെ ബ്രെക്‌സിറ്റ് കരട് ധാരണ പ്രധാനമന്ത്രി അവതരിപ്പിച്ചതിനു പിന്നാലെ കഴിഞ്ഞ ജൂലൈയില്‍ ബോറിസ് ജോണ്‍സണ്‍ ബ്രെക്‌സിറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി വെച്ചിരുന്നു. ഈ ധാരണയനുസരിച്ച് യുകെ ഒരു കോളനിയായി മാറുമെന്നായിരുന്നു ജോണ്‍സണ്‍ പറഞ്ഞത്. ഐറിഷ് ബോര്‍ഡര്‍ ബാക്ക്‌സ്‌റ്റോപ്പ് ബ്രിട്ടനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ ഉപയോഗിക്കുമെന്നും പിന്‍മാറ്റ ബില്‍ അനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുന്ന 39 ബില്യന്‍ പൗണ്ടിന്റെ പകുതി മാത്രം നല്‍കിയാല്‍ മതിയെന്നുമാണ് ജോണ്‍സണ്‍ അഭിപ്രായപ്പെടുന്നത്. ഭാവി വ്യാപാര ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും ബ്രസല്‍സിനും ബ്രിട്ടനെ ഭീഷണിപ്പെടുത്താനുള്ള അവസരമാണ് ബാക്ക്‌സ്റ്റോപ്പ് എന്നും അദ്ദേഹം പറഞ്ഞു. പ്രധാമന്ത്രിക്കെതിരെ നില്‍ക്കുമോ എന്ന ചോദ്യത്തിന് ഏറ്റവും യുക്തമെന്ന് തോന്നുന്ന കാര്യത്തിന് താന്‍ മുന്നിലുണ്ടാകും എന്ന മറുപടിയാണ് ജോണ്‍സണ്‍ നല്‍കിയത്.
തെരേസ മേയുടെ ബ്രെക്‌സിറ്റ് നയത്തെ വിമര്‍ശിച്ച് മുന്‍ ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ കോമണ്‍സില്‍. സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി വെച്ച ശേഷം കോമണ്‍സില്‍ ആദ്യമായി നടത്തിയ പ്രസംഗത്തിലാണ് ജോണ്‍സണ്‍ മേയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ടോറി പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തുറന്നുകൊണ്ടായിരുന്നു ജോണ്‍സണ്‍ പ്രസംഗിച്ചത്. മേയുടെ ബ്രെക്‌സിറ്റ് നയം സംഭ്രമം നിറഞ്ഞതാണെന്ന് ജോണ്‍സണ്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ലങ്കാസ്റ്റര്‍ ഹൗസ് സ്പീച്ചില്‍ ബ്രെക്‌സിറ്റിനെക്കുറിച്ച് സംസാരിച്ചതിനു ശേഷം മേയ് സംശയത്തിന്റെ പുകമറയിലാണെന്നും ഐറിഷ് ബോര്‍ഡര്‍ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായി നീക്കുപോക്കുകള്‍ക്ക് പ്രധാനമന്ത്രി തയ്യാറായിരിക്കുകയാണെന്നും ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ ജോണ്‍സണ്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച് വളരെ വിചിത്രമായ പ്രതികരണമാണ് മേയ് നല്‍കിയത്. താന്‍ മറ്റു കാര്യങ്ങളില്‍ തിരക്കിലാണെന്നും ജോണ്‍സണിന്റെ പ്രസംഗം കാണാനുള്ള സമയമില്ലെന്നും മേയ് പറഞ്ഞു. ബ്രെക്‌സിറ്റിന് അനുമതി നല്‍കിയ പൗരന്‍മാരെ പ്രധാനമന്ത്രി വഴി തെറ്റിക്കുകയാണെന്ന ആരോപണമുന്നയിച്ച ജോണ്‍സണ്‍ പ്രധാനമന്ത്രി രാജിവെക്കണമെന്ന ആവശ്യവും പരോക്ഷമായി ഉന്നയിച്ചു. ബ്രെക്‌സിറ്റിനെ സംരക്ഷിക്കാന്‍ ഇനിയും വൈകിയിട്ടില്ലെന്നായിരുന്നു പരാമര്‍ശം. ജോണ്‍സണ്‍ പ്രസംഗിക്കുമ്പോള്‍ മേയ് കോമണ്‍സില്‍ ഉണ്ടായിരുന്നില്ല. ബ്രെക്‌സിറ്റിലെ തന്ത്രപ്രധാന നീക്കങ്ങള്‍ മറ്റ് മുതിര്‍ന്ന എംപിമാരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു അതേ സമയത്ത് തെരേസ മേയ്. ബ്രെക്‌സിറ്റ് വിഷയത്തില്‍ തങ്ങള്‍ക്കുള്ള അതൃപ്തി അറിയിച്ചുകൊണ്ട് ഡേവിഡ് ഡേവിസും ബോറിസ് ജോണ്‍സണും രാജിവെച്ചതിനു പിന്നാലെ ടോറി പാര്‍ട്ടിയില്‍ പ്രധാനമന്ത്രിക്കെതിരെ ശക്തമായ പോര്‍മുഖവും തുറന്നിരിക്കുകയാണ്. അതിന്റെ സൂചനയാണ് പാര്‍ലമെന്റില്‍ പ്രത്യക്ഷമായത്.
RECENT POSTS
Copyright © . All rights reserved