തെരേസ മേയുടെ ബ്രെക്‌സിറ്റ് നയത്തെ വിമര്‍ശിച്ച് മുന്‍ ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ കോമണ്‍സില്‍. സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി വെച്ച ശേഷം കോമണ്‍സില്‍ ആദ്യമായി നടത്തിയ പ്രസംഗത്തിലാണ് ജോണ്‍സണ്‍ മേയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ടോറി പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തുറന്നുകൊണ്ടായിരുന്നു ജോണ്‍സണ്‍ പ്രസംഗിച്ചത്. മേയുടെ ബ്രെക്‌സിറ്റ് നയം സംഭ്രമം നിറഞ്ഞതാണെന്ന് ജോണ്‍സണ്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ലങ്കാസ്റ്റര്‍ ഹൗസ് സ്പീച്ചില്‍ ബ്രെക്‌സിറ്റിനെക്കുറിച്ച് സംസാരിച്ചതിനു ശേഷം മേയ് സംശയത്തിന്റെ പുകമറയിലാണെന്നും ഐറിഷ് ബോര്‍ഡര്‍ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായി നീക്കുപോക്കുകള്‍ക്ക് പ്രധാനമന്ത്രി തയ്യാറായിരിക്കുകയാണെന്നും ജോണ്‍സണ്‍ പറഞ്ഞു.

എന്നാല്‍ ജോണ്‍സണ്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച് വളരെ വിചിത്രമായ പ്രതികരണമാണ് മേയ് നല്‍കിയത്. താന്‍ മറ്റു കാര്യങ്ങളില്‍ തിരക്കിലാണെന്നും ജോണ്‍സണിന്റെ പ്രസംഗം കാണാനുള്ള സമയമില്ലെന്നും മേയ് പറഞ്ഞു. ബ്രെക്‌സിറ്റിന് അനുമതി നല്‍കിയ പൗരന്‍മാരെ പ്രധാനമന്ത്രി വഴി തെറ്റിക്കുകയാണെന്ന ആരോപണമുന്നയിച്ച ജോണ്‍സണ്‍ പ്രധാനമന്ത്രി രാജിവെക്കണമെന്ന ആവശ്യവും പരോക്ഷമായി ഉന്നയിച്ചു. ബ്രെക്‌സിറ്റിനെ സംരക്ഷിക്കാന്‍ ഇനിയും വൈകിയിട്ടില്ലെന്നായിരുന്നു പരാമര്‍ശം. ജോണ്‍സണ്‍ പ്രസംഗിക്കുമ്പോള്‍ മേയ് കോമണ്‍സില്‍ ഉണ്ടായിരുന്നില്ല.

ബ്രെക്‌സിറ്റിലെ തന്ത്രപ്രധാന നീക്കങ്ങള്‍ മറ്റ് മുതിര്‍ന്ന എംപിമാരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു അതേ സമയത്ത് തെരേസ മേയ്. ബ്രെക്‌സിറ്റ് വിഷയത്തില്‍ തങ്ങള്‍ക്കുള്ള അതൃപ്തി അറിയിച്ചുകൊണ്ട് ഡേവിഡ് ഡേവിസും ബോറിസ് ജോണ്‍സണും രാജിവെച്ചതിനു പിന്നാലെ ടോറി പാര്‍ട്ടിയില്‍ പ്രധാനമന്ത്രിക്കെതിരെ ശക്തമായ പോര്‍മുഖവും തുറന്നിരിക്കുകയാണ്. അതിന്റെ സൂചനയാണ് പാര്‍ലമെന്റില്‍ പ്രത്യക്ഷമായത്.