China
വുഹാന്‍: ആളൊഴിഞ്ഞ നിരത്തില്‍ ഒരു അഞ്ജാത മൃതദേഹം. മുഖത്ത് മാസ്‌ക്‌. മരിച്ചു വീണുകിടക്കുമ്പോഴും കയ്യിലെ ക്യാരി ബാഗില്‍ നിന്ന് അയാള്‍ പിടിവിട്ടിരുന്നില്ല. ഒരാള്‍ പോലും നിലത്തു കിടക്കുന്ന ആ മൃതദേഹത്തെ തിരിഞ്ഞുപോലും നോക്കുന്നില്ല. ഒടുവില്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി മൃതദേഹം ബാഗുകളിലാക്കി സംഭവസ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു. കൊറോണ വൈറസ് ഭീകര താണ്ഡവമാടുന്ന ചൈനയിലെ വുഹാനിലെ തെരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവമാണിത്. കൊറോണ വൈറസ് രോഗികളെ ചികിത്സിയ്ക്കുന്ന വുഹാനിലെ ആശുപത്രിക്ക് തൊട്ടടുത്താണ് ഇയാള്‍ മരിച്ചുവീണത്.  ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കും മൃതദേഹത്തിന്. കൊറോണ ബാധിച്ചാണോ ഇയാളുടെ മരണമെന്ന് വ്യക്തമല്ല. പക്ഷേ നാട്ടുകാര്‍ കൊറോണ തന്നെയാണെന്ന് ഉറപ്പിച്ച് മൃതദേഹത്തിനടുത്തേക്ക് അടുക്കുന്നു പോലുമില്ല. ഇതിനോടകം 213 പേര്‍ ചൈനയില്‍ കൊറോണ ബാധിച്ച്‌ മരിച്ചിട്ടുണ്ട്. ഇതില്‍ 159 മരണങ്ങളും വുഹാനിലാണ്. കൊറോണ പൊട്ടിപ്പുറപ്പെടുന്നതുവരെ വുഹാന്‍ ജനത്തിരക്കേറിയ നഗരമായിരുന്നു. ഇപ്പോള്‍ ആളൊഴിഞ്ഞ തെരുവില്‍ വ്യാപാര സ്ഥാപനങ്ങളൊന്നും തുറക്കുന്നില്ല. ജനങ്ങള്‍ പുറത്തിറങ്ങുന്നത് പോലും അപൂര്‍വ്വമാണ്. ഒരാള്‍ കണ്‍മുന്നില്‍ കിടന്ന് പിടഞ്ഞ് മരിച്ചാല്‍ പോലും കൊറോണയെ ഭയന്ന് ആരും ആരെയും സഹായിക്കാനെത്താത്ത ഭീകരാവസ്ഥയാണ് ചൈനയില്‍. ആശുപത്രികളിലുടനീളം രോഗികളുടെ നീണ്ട നിരയാണ്. ഇതില്‍ രണ്ട് ദിവസമായി ഡോക്ടറെ കാണാന്‍ ക്യൂനില്‍ക്കുന്നവരുണ്ട്. പലരും വീട്ടില്‍ നിന്ന് കസേരയുമെടുത്താണ് ഡോക്ടറെ കാണാന്‍ എത്തിയിരിക്കുന്നത്. മറ്റൊരാള്‍ ഇരുന്ന കസേരയില്‍ പോലും ആരും ഇരിക്കാന്‍ തയ്യാറാകുന്നില്ല. വുഹാന്‍ ഉള്‍പ്പെടെ കൊറോണ ബാധിച്ച പ്രദേശങ്ങളിലെല്ലാം ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഭൂരിഭാഗം പേരും അത്യാവശ കാര്യങ്ങള്‍ക്ക് നടന്നു പോകുകയൊ ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുകയോ ആണ് ചെയ്യുന്നത്. വുഹാന്റെ തെരുവുകളിലൂടനീളം ആംബുലന്‍സുകള്‍ ചീറിപ്പായുന്ന കാഴ്ചയും സര്‍വ്വ സാധാരണമായിരിക്കുകയാണ്. വുഹാന്റെ ശ്വാസോച്ഛ്വാസത്തിനുപോലും മരണത്തിന്റെ ഗന്ധമാണ്.  
 
നിയന്ത്രണം വിട്ട് ബഹിരാകാശത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചൈനയുടെ ബഹിരാകാശ പേടകം ടിയാംഗോങ് ഇന്നോ നാളെയോ ഭൂമിയില്‍ പതിക്കും. മണിക്കൂറില്‍ 16,500 മൈല്‍ വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ കത്തിച്ചാമ്പലാകുമെങ്കിലും 100 കിലോ വരെ ഭാരമുള്ള വസ്തുക്കള്‍ ഉപരിതലത്തില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു ബസിന്റെ വലിപ്പമുള്ള പേടകത്തിന് 8.5 ടണ്‍ ഭാരമുണ്ട്. 2016ല്‍ ഈ പേടകത്തിലുള്ള നിയന്ത്രണം ചൈനയ്ക്ക് നഷ്ടമായിരുന്നു. പിന്നീട് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഇതിനെ കണ്ടെത്തുമ്പോളാണ് ഈ മാസം ഭൂമിയില്‍ പതിക്കുന്ന വിധത്തിലാണ് ഇതിന്റെ ഭ്രമണപഥമെന്ന് വ്യക്തമായത്. എന്നാല്‍ യുകെയും യൂറോപ്പും ഇതിന്റെ പുനപ്രവേശന പരിധിയില്‍ നിന്ന് ഒഴിവായിട്ടുണ്ട്. നോര്‍ത്ത്, സൗത്ത് അമേരിക്കകള്‍, ചൈന, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവയ്ക്കു മുകളിലൂടെയാണ് ടിയാംഗോങ് സഞ്ചരിക്കുന്നത്. ഇന്ന് രാത്രിക്കും ഞായറാഴ്ച വൈകുന്നേരത്തിനുമിടയില്‍ എപ്പോള്‍ വേണമെങ്കിലും ടിയാംഗോങ് അന്തരീക്ഷത്തില്‍ പ്രവേശിച്ചേക്കാം. പുനപ്രവേശനം നടക്കുന്ന സ്ഥലത്താണ് നിങ്ങളെങ്കില്‍, ആകാശം തെളിഞ്ഞതാണെങ്കില്‍ പകല്‍ സമയത്തും വ്യക്തമായി ഈ ദൃശ്യം കാണാനാകുമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. ഒരു നിമിഷത്തില്‍ എല്ലാം അവസാനിക്കും. ഒരു അഗ്നിഗോളം അന്തരീക്ഷത്തിലൂടെ പാഞ്ഞ് ചിതറിത്തെറിക്കുന്നത് കാണാന്‍ കഴിയും. എന്നാല്‍ ഇത് ജനവാസ മേഖലകളില്‍ പതിച്ചാലുണ്ടാകുന്ന നാശം എത്രമാത്രമാണെന്ന് പ്രവചിക്കുക അസാധ്യമാണ്. 1979ല്‍ നാസയുടെ സ്‌കൈലാബും 2001ല്‍ റഷ്യയുടെ മിര്‍ ബഹിരാകാശ നിലയവുമാണ് ഈ വിധത്തില്‍ ഭൂമിയില്‍ പതിച്ചിട്ടുള്ള ബഹിരാകാശ പേടകങ്ങള്‍. മിര്‍ പസഫിക് സമുദ്രത്തിലാണ് പതിച്ചത്. റോക്കറ്റ്അവശിഷ്ടങ്ങളും പ്രവര്‍ത്തനം നിലച്ച ഉപഗ്രഹങ്ങളുമുള്‍പ്പെടെ 100 ടണ്ണോളം വസ്തുക്കള്‍ ഓരോ വര്‍ഷവും ഭൂമിയിലേക്ക് തിരികെയെത്താറുണ്ടെങ്കിലും അവയെല്ലാണ് അന്തരീക്ഷത്തില്‍വെച്ച് കത്തി ചാമ്പലാകുകയാണ് പതിവ്. ടിയാംഗോങ്ങിന്റെ വലിപ്പവും അതിനുള്ളിലെ വസ്തുക്കളുടെ പ്രത്യേകതയും മൂലം മുഴുവനായി കത്തി നശിക്കാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തപ്പെടുന്നു.
ബെയ്ജീംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗിന് ഇനി രാജ്യത്തിന്റെ ആജീവനാന്ത പ്രസിഡന്റായി തുടരാം. ഇതു സംബന്ധിച്ച ഭരണഘടനാ ഭേദഗതിക്ക് ചൈനീസ് പാര്‍ലമെന്റ് അംഗീകാരം നല്‍കി. നേരത്തെ ഒരു വ്യക്തിക്ക് രണ്ട്പ്രാവശ്യത്തില്‍ കൂടുതല്‍ പ്രസിഡന്റ് പദത്തില്‍ തുടര്‍ച്ചയായി തുടരാന്‍ പാടില്ലെന്ന് നിയമം നിലവിലുണ്ടായിരുന്നു. ഈ നിയമമാണ് ഇപ്പോള്‍ പാര്‍ലമെന്റ് ഭേദഗതി ചെയ്തിരിക്കുന്നത്. ഞായറാഴ്ച ചൈനയുടെ പാര്‍ലമെന്റായ ചൈനീസ് പീപ്പീള്‍സിന്റെ സമ്മേളനത്തിലാണ് രാജ്യത്തിന്റെ ഗതിയെ മാറ്റിമറിക്കുന്ന സുപ്രധാന തീരുമാനമുണ്ടായത്. വേട്ടെടുപ്പില്‍ 2958 പേര്‍ ഷീയെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 2 അംഗങ്ങള്‍ എതിര്‍ത്തു. മൂന്ന് പേര്‍ വേട്ടെടുപ്പില്‍ നിന്ന വിട്ടു നിന്നു. തുടര്‍ച്ചയായി അധികാരം നിലനിര്‍ത്താന്‍ ഷീയെ സഹായിക്കുന്ന പുതിയ ഭേദഗതി ചൈനയില്‍ പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍ കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ല്‍ ഷീ ജിന്‍ പിംഗിന്റെ ഭരണ കാലാവധി അവസാനിക്കാരിക്കെയാണ് പാര്‍ലമെന്റ് പുതിയ തീരുമാനവുമായി രംഗത്തു വന്നിരിക്കുന്നത്. 2013ല്‍ വീണ്ടും പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഷീ ജിന്‍ പിംഗ് സൈന്യത്തിന്റെ നേതൃത്വ സ്ഥാനവും കൂടി ഏറ്റെടുത്തിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഷീ ജിന്‍ പിംഗിന്റെ തത്വങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് പുതിയ പരിഷ്‌കാരങ്ങള്‍ നടത്തിയിരുന്നു. മാവോ സെ തൂങ്ങിന്റെ അധികാര കാലഘട്ടത്തിന് ശേഷം മറ്റൊരു പ്രസിഡന്റ് ഇതാദ്യമായാണ് ചൈനയെ ആജീവനാന്ത കാലം ഭരിക്കാന്‍ പോകുന്നത്.
ലണ്ടന്‍: ചൈനയില്‍ നിന്ന് തുണിത്തരങ്ങളും ഷൂസും മറ്റും ഇറക്കുമതി ചെയ്തയിനത്തില്‍ യുകെ 2.7 ബില്യന്‍ യൂറോ (2.4 ബില്യന്‍ പൗണ്ട്) കസ്റ്റംസ് ഡ്യൂട്ടി കുടിശിഖ അടക്കാനുണ്ടെന്ന് യൂറോപ്യന്‍ കമ്മീഷന്‍. 2017ല്‍ യൂറോപ്യന്‍ കമ്മീഷന്‍ വാച്ച് ഡോഗ് ഒലാഫ് മുന്നറിയിപ്പ് നല്‍കിയിട്ടും ഇറക്കുമതി തട്ടിപ്പ് തടയാന്‍ യുകെ നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു. യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ പരാതി നല്‍കാനുള്ള നടപടികളും കമ്മീഷന്‍ സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് തങ്ങള്‍ക്കൊന്നും അറിയില്ലെന്നാണ് എച്ച്എം റവന്യൂ ആന്‍ഡ് കസ്റ്റംസ് വ്യക്തമാക്കുന്നത്. യുകെയിലേക്ക് ഇറക്കുമതി ചെയ്ത് കസ്റ്റംസ് ഡ്യൂട്ടിയും അനുബന്ധ നികുതികളും ഒഴിവാക്കാന്‍ ഇറക്കുമതിക്കാര്‍ക്ക് കഴിഞ്ഞിരുന്നുവെന്നും ഇത്തരം തട്ടിപ്പുകളുടെ കേന്ദ്രമായി യുകെ മാറിയിരിക്കുകയാണെന്നുമാണ് ഒലാഫ് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില കുറച്ചു കാണിക്കാന്‍ തട്ടിപ്പു സംഘങ്ങള്‍ വ്യാജ ഇന്‍വോയ്‌സുകള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് ഒലാഫ് ആരോപിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ പിന്നീട് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലുള്‍പ്പെടെയുള്ള ബ്ലാക്ക് മാര്‍ക്കറ്റുകളിലാണത്രേ എത്തിയിരുന്നത്. എച്ച്എംആര്‍സിക്ക് ഇത് സംബന്ധിച്ച് നിരവധി തവണ തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഒലാഫ് പറയുന്നു. എന്നാല്‍ ഡ്യൂട്ടിയിനത്തില്‍ നഷ്ടമുണ്ടായെന്ന യൂറോപ്യന്‍ കമ്മീഷന്റെ ആരോപണത്തില്‍ വ്യക്തതയില്ലെന്നും ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് എച്ച്എംആര്‍സി വ്യക്തമാക്കുന്നത്. കമ്മീഷന്റെ രീതിശാസ്ത്രമനുസരിച്ച് യുകെയുടെ ഇറക്കമതി മൂല്യം വര്‍ദ്ധിപ്പിച്ച് കാണിക്കുകയാണെന്നും ഈ വിധത്തില്‍ കസ്റ്റംസ് ഡ്യൂട്ടി തട്ടിപ്പിനേക്കുറിച്ച് വിശദീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
ഇന്ത്യയ്ക്കും ഭൂട്ടാനുമിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ചൈന ശ്രമിക്കുന്നതായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍. ഡോക്ലാം പ്രവിശ്യയുമായി ബന്ധപ്പെട്ട വിവാദം സൃഷ്ടിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും വിഷയത്തെ കൃത്യമായി കൈകാര്യം ചെയ്ത സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് ശിവശങ്കര്‍ മേനോന്‍ പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് അതിര്‍ത്തി സംബന്ധിച്ച കാര്യങ്ങള്‍ ഇരുരാജ്യങ്ങളും കൈകാര്യം ചെയ്യേണ്ടതെന്ന് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചിട്ടുള്ള മേനോന്‍ പറയുന്നു. ഡോക്ലാം മലനിരകളില്‍ സൈനിക നീക്കം നടത്താനുള്ള ചൈനയുടെ തീരുമാനത്തിന് പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യം നമ്മുടെ രാജ്യവും ഭൂട്ടാനുമായി ഭിന്നതയുണ്ടാക്കുകയെന്നതാണെന്ന് ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് മേനോന്‍ പറഞ്ഞു. ഇന്ത്യയും ഭൂട്ടാനും തമ്മില്‍ നയതന്ത്ര തലത്തില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്. നിലവില്‍ ഭൂട്ടാന് ആവശ്യമായ സൈനിക സഹായങ്ങള്‍ നല്‍കുന്നത് ഇന്ത്യയാണ്. നിലവില്‍ ഇന്ത്യ നല്‍കിക്കൊണ്ടിരിക്കുന്ന സൈനിക സഹായം ഭൂട്ടാന്റെ സംരക്ഷണത്തിന് കഴിയുന്ന വിധത്തിലുള്ളതല്ലെന്ന് വരുത്തിത്തീര്‍ക്കുകയാണ് ചൈനയുടെ ലക്ഷ്യം. വിഷയത്തില്‍ ഭൂട്ടാനെ സ്വാധീനിക്കാനുള്ള ശ്രമവും ചൈന നടത്തുന്നു. നമ്മള്‍ വിഷയത്തില്‍ ഗൗരവപൂര്‍ണ്ണമായ പ്രതികരണമാണ് നടത്തുന്നതെന്ന കാര്യത്തില്‍ സന്തുഷ്ടനാണെന്ന് മേനോന്‍ പറയുന്നു. 2006 ഒക്ടോബര്‍ മുതല്‍ 2009 ആഗസ്റ്റ് വരെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായും മേനോന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡോക്ലാമിലെ വിവാദ മേഖലയില്‍ നടത്തി വന്നിരുന്ന റോഡ് നിര്‍മ്മാണം ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. ഡോക്ലാം മലനിരകളില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ചൈനയുടെയും ഇന്ത്യയുടെയും സൈനികര്‍ താവളമുറപ്പിച്ചിരുന്നു. ഭൂട്ടാനും ചൈനയുമായി ഡോക്ലാം പ്രവിശ്യയുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 28 നാണ് ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിച്ചത്. നല്ല സൗഹൃദം നിലനില്‍ക്കുന്ന അയല്‍ രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ രാഷ്ട്രീയ സൈനിക സഹായങ്ങള്‍ ഭൂട്ടാന് ഏറെ സ്വീകാര്യമായ ഒന്നാണ്. അതിര്‍ത്തി പ്രദേശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസം കൊടുക്കുന്ന നടപടികള്‍ സൈന്യത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതുണ്ട്. ജനങ്ങളെ ഒപ്പം നിര്‍ത്തുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് മേനോന്‍ പറയുന്നു. അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട് നടന്ന കോണ്‍ഫറന്‍സില്‍ ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്ത്, നാവിക സേനാ ചീഫ് അഡ്മിറല്‍ സുനില്‍ ലാംബ തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT POSTS
Copyright © . All rights reserved