ന്യൂസ് ഡെസ്ക് . മലയാളം യുകെ

ലിവർപൂൾ മലയാളി അസ്സോസിയേഷൻ്റെ, കഴിഞ്ഞ ശനിയാഴ്ച (20-04-2024) വൈകുന്നേരം ലിവര്‍പൂള്‍ വിസ്റ്റൺ ടൗണ്‍ഹാളില്‍ നടന്ന വിഷു ഈസ്റ്റര്‍ ഈദ് ആഘോഷം പുതുമകള്‍ കൊണ്ട് നിറഞ്ഞു നിന്നു. കൃഷ്ണനും യേശുവും മുസലിയാരും ഒരുമിച്ച് നിലവിളക്കിൽ തിരി തെളിച്ചു കൊണ്ടാണ് ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തത്. തുടർന്ന് അതിമനോഹരമായി ഒരുക്കിയ വിഷുകണി ആചാരമനുസരിച്ച് കാണിക്കുകയും കുട്ടികൾക്ക് വിഷു കൈനീട്ടം നൽകുകയും ചെയ്തു . കുട്ടികൾക്കായി രാധ, കൃഷ്ണ മത്സരവും ഉണ്ടായിരുന്നു. വിജയിച്ച രാധയ്ക്കും, കൃഷ്ണനും 101 പൗണ്ട് വീതം സമ്മാനം നൽകി.

ലിമയുടെ സെക്രട്ടറി ആതിര ശ്രീജിത്ത്‌ ആഘോഷങ്ങൾക്കെത്തിയ ലിമയുടെ കുടുംബങ്ങളെ സ്വാഗതം ചെയ്തു സംസാരിച്ചു. ലിമയുടെ പ്രസിഡണ്ട്‌ സെബാസ്റ്റ്യൻ ജോസഫ് ആശംസകൾ നേർന്നു. ട്രഷറർ ജോയ് മോൻ തോമസ് ലിമയുടെ ആഘോഷ പരിപാടികൾ അനശ്വരമാക്കിയ എല്ലാവർക്കും നന്ദിയും പറഞ്ഞു.

ലിവര്‍പൂളിന്റെ ചരിത്രത്തില്‍ ആദൃമായിട്ടാണ് ഈസ്റ്ററിനെയും വിഷുവിനെയും, ഈദിനെയും സമന്വയിപ്പിച്ചു കൊണ്ട് ഇത്തരം ഒരു കൂടിച്ചേരല്‍ നടന്നത് .

ആഘോഷങ്ങളിലെ വിവിധ കലപരിപാടികള്‍ കാണികളെ സന്തോഷത്തില്‍ ആറാടിച്ചു. മേഴ്‌സിസൈഡിലെ പ്രശസ്ത ഡാൻസ് ഗ്രൂപ്പുകൾ ആയ മജേഷ് എബ്രഹത്തിന്റെ സരിഗമ ഡാൻസ് സ്റ്റുഡിയോയുടെയും, കൃഷ്ണപ്രിയ, റിയ ടീമിന്റെ തേജസ്വനി ഡാൻസ് അക്കാദമിയിലെ കുട്ടികളുടെ ഡാൻസ്, ഒപ്പന, മേഴ്‌സി സൈഡിലെ പ്രശസ്ത ഗായകരുടെ ഗാനങ്ങൾ, കൂടാതെ ലിമ നാടക വേദിയുടെ മൈമും, ഡിജെയും കാണികളെ സന്തോഷപുളകിതർ ആക്കി. യോഗത്തില്‍ മിസ്സ്‌ യുകെ സെമിഫൈനലിൽ എത്തിയ ജോസലിനെ ലിമ അനുമോദിച്ചു . രുചികരമായ ഭക്ഷണമാണ് പരിപാടിയില്‍ പങ്കെടുത്തവർക്ക് ലിമ വിളമ്പിയത്.

ലോകമെങ്ങും ജാതിയുടെയും മതത്തിന്‍റെ പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുമ്പോള്‍ അതിൽനിന്നു വ്യത്യസ്തമായി മതസഹോദരൃത്തിന്‍റെയും, ദേശ സ്‌നേഹത്തിന്റെയും സന്ദേശം ഉയര്‍ത്താനാണ് ലിവർപൂളിലെ മലയാളി സമൂഹം മാനവീയം പരിപാടിയിലൂടെ ശ്രമിച്ചത്. ഇത് യൂറോപ്പ് മലയാളികൾ ഒരു മാതൃകയാക്കണമെന്ന് ലിമയുടെ പി. ആർ. ഒ. എൽദോസ് സണ്ണി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.