computer
ലണ്ടന്‍: മറ്റൊരാളുടെ മനസ് വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്ത ആരും ഉണ്ടാകില്ല. കാരണം മനുഷ്യന്റെ മനസും ചിന്തകളും അത്രമേല്‍ സങ്കീര്‍ണ്ണവും മറ്റൊരാള്‍ക്ക് അതിനുമേല്‍ നിയന്ത്രണം ഇല്ലാത്തതുമാണ്. മനസ് വായിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങള്‍ക്കു വേണ്ടി മനുഷ്യന്‍ ഗവേഷണങ്ങള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. ഈ ശ്രമങ്ങള്‍ക്ക് വിജയം കാണുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍ നല്‍കുന്ന സൂചന. മനുഷ്യന്റെ മനസ് വായിക്കുന്ന കമ്പ്യൂട്ടറുകള്‍ സാധ്യമാകുന്നുവെന്ന് എസെക്‌സ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് സൂചന നല്‍കുന്നത്. മനുഷ്യന്റെ വികാര വിചാരങ്ങളെ അതുപോലെ സ്‌ക്രീനില്‍ കാണിക്കുന്ന കമ്പ്യൂട്ടറാണ് ഇതെന്ന് കരുതിയാല്‍ തെറ്റി. സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ അതില്‍ സഹായിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ സിസ്റ്റം ഇപ്പോള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെ നിരീക്ഷിച്ചുകൊണ്ട് സാങ്കീര്‍ണ്ണമായ വിഷയങ്ങള്‍ അപഗ്രഥനം ചെയ്യുകയും അവയില്‍ തീരുമാനമെടുക്കാന്‍ മനുഷ്യനെ സഹായിക്കുകയും ചെയ്യുകയാണ് ഈ കമ്പ്യൂട്ടറുകള്‍ ചെയ്യുന്നത്. ക്യാന്‍സറുകള്‍ കണ്ടെത്താന്‍ സ്‌കാനിംഗ് പരിശോധന നടത്തുന്ന റേഡിയോളജിസ്റ്റുകള്‍, ശതകോടികളുടെ ഇടപാടുകള്‍ നടത്തുന്ന വ്യാപാരികള്‍, ആയിരങ്ങള്‍ക്കിടയില്‍ ഒരു കുറ്റവാളിയുടെ മുഖം തിരയുന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇത് വലിയ സഹായമായിരിക്കും നല്‍കുക. ഇത്തരം കുഴക്കുന്ന പ്രശ്‌നങ്ങളില്‍ തലച്ചോറിന് സഹായമാകാന്‍ സാധിക്കുന്ന വിധത്തിലാണ് കമ്പ്യൂട്ടര്‍ രൂപകല്പന ചെയ്യുന്നതെന്ന് യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ. ഡേവിഡ് വലേറിയാനി പറഞ്ഞു. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഭാവിയില്‍ ഇവയ്ക്കായി മനുഷ്യന്റെ തലയില്‍ വെക്കാന്‍ കഴിയുന്ന സെന്‍സറുകള്‍ വികസിപ്പിക്കും. അവ ഒരു ക്യാപ്പിന്റെ രൂപത്തിലോ ഹെഡ്‌ഫോണിന്റെ രൂപത്തിലോ ആയിരിക്കും. നമ്മുടെ ശ്രദ്ധയുടെ തലം എന്താണെന്ന് നിരീക്ഷിക്കുകയും അവയേപ്പറ്റി ഫീഡ്ബാക്കുകള്‍ നല്‍കുകയും ചെയ്യുക എന്നതായിരിക്കും അവയുടെ ജോലി. ബ്രെയിന്‍-കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് എന്ന സംവിധാനം എസെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ചിട്ടുണ്ട്. 64 ലീഡുകളുള്ള ഇലക്ട്രോ എന്‍സെഫലോഗ്രാഫി ക്യാപ്പ് ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കീബോര്‍ഡോ മൗസോ ഇല്ലാതെ മനസില്‍ വിചാരിക്കുന്ന കാര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറാണ് ഇത്. ഈ സങ്കേതം വികസിപ്പിച്ചെടുത്ത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കുമെന്നാണ് വലേറിയാനി പറയുന്നത്.
ചില എക്‌സ്‌റ്റെന്‍ഷനുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറിനെ തകരാറിലാക്കിയേക്കാമെന്ന് ഗൂഗിള്‍ ക്രോം. ക്രോം ആരാധകര്‍ തങ്ങളുടെ ബ്രൗസറുകളിലേക്ക് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന എക്‌സ്‌റ്റെന്‍ഷനുകള്‍ ഹാനികരമായവയാണോ എന്ന് പരിശോധിക്കണമെന്നാണ് നിര്‍ദേശം. മാല്‍വെയര്‍ ആക്രമണങ്ങള്‍ ഇവയിലൂടെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. നാല് എക്സ്റ്റ്ന്‍ഷനുകളാണ് ഉപയോക്താക്കള്‍ക്ക് ദോഷകരമാകുകയെന്നാണ് സുരക്ഷാ വിദഗ്ദ്ധര്‍ അറിയിക്കുന്നത്. ഈ എക്‌സ്റ്റെന്‍ഷനുകള്‍ ഉപയോക്താക്കള്‍ അറിയാതെ തന്നെ പരസ്യ ലിങ്കുകളിലേക്ക് സ്വയം നാവിഗേറ്റ് ചെയ്യും. ഉപയോക്താവ് ക്ലിക്ക് ചെയ്ത് പോകുന്നതു പോലെയാണ് ഇവയുടെ പ്രവര്‍ത്തനം. ഇവ പയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയേക്കാമെന്നും മുന്നറിയിപ്പുണ്ട്. എച്ച്ടിടിപി റിക്വസ്റ്റ് ഹെഡര്‍ (HTTP Request He-ader) എന്ന എക്‌സ്റ്റെന്‍ഷനാണ് അവയില്‍ പ്രധാനി. പരസ്യ ലിങ്കിലേക്ക് കമ്പ്യൂട്ടറുകളെ നയിക്കുകയാണ് ഈ എക്‌സ്റ്റെന്‍ഷന്‍ ചെയ്യുന്നത്. ന്യൂഗിള്‍, സ്റ്റിക്കീസ്, ലൈറ്റ് ബുക്ക്മാര്‍ക്‌സ് (Nyoogle, Stickies, and Lite Bookm-arsk) തുടങ്ങിയ എക്‌സ്റ്റെന്‍ഷനുകളും ഇതേ വിധത്തില്‍ ഉപയോക്താക്കള്‍ക്ക് ശല്യക്കാരായ എക്‌സ്‌റ്റെന്‍ഷനുകളാണെന്ന് സെക്യൂരിറ്റി സ്ഥാപനമായ ഐസ്‌ബെര്‍ഗ് വിലയിരുത്തുന്നു. ഈ എക്‌സ്റ്റെന്‍ഷനുകള്‍ 5 ലക്ഷത്തിലേറെത്തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു കഴിഞ്ഞു. ലോകത്തെ ഏറ്റവും ജനപ്രിയ ബ്രൗസറായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ക്രോം. ഇന്റര്‍നെറ്റ് ബ്രൗസര്‍ വിപണിയില്‍ 58.90 ശതമാനം സാന്നിധ്യമാണ് ക്രോമിന് ഇപ്പോള്‍ ഉള്ളത്. ക്രോമിന്റെ ഏറ്റവും അടുത്ത എതിരാളിയായ മോസില്ല ഫയര്‍ഫോക്‌സിന് 13.29 ശതമാനം വിപണി വിഹിതവും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് 13 ശതമാനം വിഹിതവുമാണ് ഉള്ളതെന്ന് നെറ്റ്മാര്‍ക്കറ്റ്‌ഷെയര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. വിന്‍ഡോസ് 10നൊപ്പം മൈക്രോസോഫ്റ്റ് അവതരിപ്പിച്ച എഡ്ജ് ബ്രൗസറിന് വെറും 3.78 ശതമാനം വിപണി സാന്നിധ്യം അറിയിക്കാനേ കഴിഞ്ഞിട്ടുള്ളു.
RECENT POSTS
Copyright © . All rights reserved