doctor
യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ വികസിപ്പിച്ചെടുത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെസ്റ്റ് ആയിരക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഉതകുമെന്ന് റിപ്പോര്‍ട്ട്. രക്ത പരിശോധനയിലൂടെ രോഗ സാധ്യതയുള്ള ആളുകളെ കണ്ടെത്താന്‍ സാധിക്കുമെന്നതിനാല്‍ കൃത്യ സമയത്ത് ഡോക്ടര്‍മാര്‍ക്ക് ഇടപെടാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഇന്ത്യന്‍ വംശജനും ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് അനസ്തറ്റിസ്റ്റുമായ ഡോ.വിശാല്‍ നന്‍ഗാലിയയുടെ ആശയത്തില്‍ വിരിഞ്ഞ സാങ്കേതികവിദ്യയാണ് ഇത്. 12 വര്‍ഷത്തിനിടെ യുകെയിലെ 20 ആശുപത്രികളില്‍ ശേഖരിക്കപ്പെട്ട നൂറു കോടിയിലേറെ രക്ത സാമ്പിളുകള്‍ വിശകലനം ചെയ്യുകയാണ് മെഷീന്‍ ലേണിംഗ് ഏര്‍ലി വാണിംഗ് സിസ്റ്റം സ്റ്റഡിയില്‍ ആദ്യമായി ചെയ്തത്. രക്ത സാമ്പിളുകള്‍ ക്രോസ് റഫറന്‍സ് നടത്തിക്കൊണ്ട് ഇതിന്റെ അതിസങ്കീര്‍ണ്ണമായ അല്‍ഗോരിതം ഓരോരുത്തര്‍ക്കും വരാന്‍ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്യുന്നത്. വൃക്കരോഗങ്ങള്‍ സംബന്ധിച്ച് 95 ശതമാനം കൃത്യതയോടെയാണ് ഈ സംവിധാനം പ്രവചനം നടത്തിയത്. ജീവനുകള്‍ രക്ഷിക്കാന്‍ സഹായികുക മാത്രമല്ല, മാരക രോഗങ്ങള്‍ പ്രവചിക്കാന്‍ കഴിയുന്നതിലൂടെ ഹെല്‍ത്ത് സര്‍വീസിന് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാനുള്ള സൗകര്യവും ഇത് നല്‍കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ നാഷണല്‍ ക്ലിനിക്കല്‍ ലീഡര്‍ ഫോര്‍ ഇന്നൊവേഷന്‍, പ്രൊഫ.ടോണി യുംഗ് പറഞ്ഞു. ഈ സംവിധാനം എന്‍എച്ച്എസ് ആശുപത്രികളില്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്. എസെക്‌സിലെ ആശുപത്രികളില്‍ ഇതിന്റെ പൈലറ്റ് സ്‌കീം വിജയകരമായി നടപ്പാക്കി. വ്യവസായ വിപ്ലവത്തിന് സമാനമായ ഒന്നാണ് ഈ കണ്ടുപിടിത്തമെന്നാണ് പ്രൊഫ.യുംഗ് അഭിപ്രായപ്പെട്ടത്. യാഥാസമയത്ത് ആശുപത്രികളില്‍ എത്താന്‍ കഴിയാത്തതു മൂലം രോഗം സ്ഥിരീകരിക്കപ്പെടാതെ ആളുകള്‍ മരിക്കുന്നത് ഒഴിവാക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കും. ഹെല്‍ത്ത് സര്‍വീസിനെ സംബന്ധിച്ച് വന്‍ തുക ലാഭമുണ്ടാക്കാന്‍ കഴിയുന്ന ഒരു സംവിധാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. രോഗം മൂര്‍ച്ഛിക്കുന്നതിന് സാധ്യത നല്‍കാതെ ആളുകള്‍ക്ക് നേരത്തേ ചികിത്സ നടത്താന്‍ ഇത് സഹായിക്കും. പതിനായിരക്കണക്കിനാളുകളുടെ ജീവന്‍ ഓരോ വര്‍ഷവും രക്ഷിക്കാന്‍ ഈ സാങ്കേതികവിദ്യ സഹായകമാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എന്തു ചികിത്സ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയല്ല ഈ സാങ്കേതികവിദ്യ ചെയ്യുന്നത്. പകരം രോഗ സാധ്യതയുള്ള രോഗികളെക്കുറിച്ച് ഡോക്ടര്‍മാര്‍ക്ക് അറിയിപ്പ് നല്‍കുക മാത്രമാണെന്ന് നോക്ടര്‍ നന്‍ഗാലിയ വ്യക്തമാക്കി.
സി.വിയില്‍ ഡോക്ടറാണെന്ന് കള്ളം പറഞ്ഞ് എന്‍എച്ച്എസിനെ കബളിപ്പിച്ച നഴ്‌സിന് അഞ്ചു വര്‍ഷം തടവ്. ചെഷയര്‍ സ്വദേശിയായ ഫിലിപ്പ് ഹഫ്ടണ്‍ എന്ന 52 കാരനാണ് ശിക്ഷ ലഭിച്ചത്. നഴ്‌സിംഗ് യോഗ്യത മാത്രമുള്ള ഇയാള്‍ താന്‍ ഒരു ഡോക്ടറാണെന്നായിരുന്നു സിവിയില്‍ കാട്ടിയിരുന്നത്. എന്‍എച്ച്എസിനെ ഈ വിധത്തില്‍ കബളിപ്പിച്ച് ജോലി നേടിയ ശേഷം ബിസിനസ് ട്രിപ്പുകള്‍ എന്ന പേരില്‍ വിദേശയാത്രകള്‍ നടത്തുകയും ആഢംബര ജീവിതം നയിക്കുകയും ചെയ്തു. മൂന്നര ലക്ഷം പൗണ്ടാണ് എന്‍എച്ച്എസില്‍ നിന്ന് ഇവയ്ക്കായി ഇയാള്‍ വാങ്ങിയത്. 17 മാസത്തോളം ഇയാള്‍ എന്‍എച്ച്എസ് ജോലിയില്‍ തുടര്‍ന്നിരുന്നു. സൈന്യത്തില്‍ ഡോക്ടറായി ജോലി ചെയ്തിട്ടുണ്ടെന്നും വിദ്യാഭ്യാസ യോഗ്യതകള്‍ ഏറെയുണ്ടെന്നുമൊക്കെയാണ് ഇയാള്‍ കള്ളം പറഞ്ഞത്. എന്നാല്‍ ഇയാള്‍ക്ക് നഴ്‌സിംഗ് യോഗ്യത മാത്രമേ ഉള്ളുവെന്ന് പിന്നീട് കണ്ടെത്തി. ടെറിട്ടോറിയല്‍ ആര്‍മിയില്‍ കുറച്ചുകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ഇയാള്‍ ഓണ്‍ലൈനില്‍ വാങ്ങിയ വ്യാജ മെഡലുകള്‍ ധരിച്ചുകൊണ്ട് ഫോട്ടോകള്‍ എടുക്കുകയും അവ കബളിപ്പിക്കാനായി ഉപയോഗിക്കുകയും ചെയ്തു. കേംബ്രിഡ്ജ്ഷയര്‍ ആന്‍ഡ് പീറ്റര്‍ബറോ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലാണ് ഈ വ്യാജ വിവരങ്ങള്‍ നല്‍കി ഹഫ്ടണ്‍ ജോലിയില്‍ പ്രവേശിച്ചത്. ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായാണ് നിയമിക്കപ്പെട്ടത്. മിഡില്‍ ഈസ്റ്റില്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രമോട്ട് ചെയ്യുകയായിരുന്നു ജോലി. പിന്നീട് നടന്ന ആഭ്യന്തര അന്വേഷണത്തില്‍ ജോലിയിലും സാമ്പത്തികച്ചെലവുകളിലും ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ 2013 ജനുവരിയില്‍ ഇയാളെ പുറത്താക്കി. ജോര്‍ദാനിലെ അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കാനെന്ന പേരില്‍ ഇയാള്‍ നടത്തിയ യാത്ര അമേരിക്കയിലേക്കും കരീബിയനിലേക്കുമാണെന്ന് ജിപിഎസ് വിവരങ്ങള്‍ വ്യക്തമാക്കി. 9000 പൗണ്ടാണ് ഈ യാത്രക്കായി ഇയാള്‍ എന്‍എച്ച്എസില്‍ നിന്ന് ഈടാക്കിയത്. ഒരു വ്യാജ ഇമെയില്‍ അക്കൗണ്ടിലൂടെ 13,000 പൗണ്ടും ഇയാള്‍ എന്‍എച്ച്എസില്‍ നിന്ന് തട്ടിയെടുത്തു. 2015 ഒക്ടോബറില്‍ നടന്ന യാത്രയിലായിരുന്നു ഇത്. ജോര്‍ദാനിലെ അമ്മാനില്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് താനെന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടത്. തെളിവിനായി ഗൂഗിളില്‍ നിന്ന് എടുത്ത ഒരു ഫോട്ടോയും ഇയാള്‍ മെയില്‍ ചെയ്തിരുന്നു. കേംബ്രിഡ്ജ്ഷയര്‍ ആന്‍ഡ് പീറ്റര്‍ബറോ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഇയാള്‍ ക്യാന്‍സര്‍ ബാധിതനാണെന്ന് അഭിനയിച്ച് ശസ്ത്രക്രിയക്കായി അവധി വാങ്ങിയിരുന്നതായും വ്യക്തമായി.
മൂന്ന് മാസങ്ങള്‍ക്കിടെ എന്‍എച്ച്എസ് വേക്കന്‍സികള്‍ 10 ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. 107,743 വേക്കന്‍സികളാണ് ഇക്കാലയളവില്‍ ഉണ്ടായത്. ദേശീയ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വിന്ററിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇത്തരമൊരും ആപല്‍ക്കരമായ സ്ഥതിവിശേഷം വെളിവാക്കപ്പെട്ടിരിക്കുന്നത്. 2018-19 വര്‍ഷത്തെ ആദ്യ മൂന്നു മാസങ്ങളിലെ കണക്കുകള്‍ വാച്ച്‌ഡോഗായ എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റാണ് പുറത്തു വിട്ടിരിക്കുന്നത്. മാര്‍ച്ചില്‍ 98,475 ഒഴിവുകളുണ്ടായിരുന്നത് ജൂണില്‍ 107,743 ആയി ഉയര്‍ന്നു. 9268 പേര്‍ ഇക്കാലയളവില്‍ എന്‍എച്ച്എസ് ജോലികള്‍ ഉപേക്ഷിച്ചുവെന്നാണ് മനസിലാക്കുന്നത്. നിലവിലുള്ളതില്‍ 11 തസ്തികകളില്‍ ഒന്നു വീതം ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് വിലയിരുത്തല്‍. ആരോഗ്യ മേഖലയിലെ ഒഴിവുകള്‍ നികത്തുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ റിക്രൂട്ട്‌മെന്റ് ക്യാംപെയിനുകള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് ഈ കൊഴിഞ്ഞുപോക്ക്. ബ്രെക്‌സിറ്റില്‍ തുടരുന്ന അനിശ്ചിതാവസ്ഥയും സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ നയവും എല്ലാം ഈ സാഹചര്യത്തിന് വളമായിട്ടുണ്ടെന്ന് വിദഗദ്ധര്‍ പറയുന്നു. ആരോഗ്യ മേഖലയിലുള്ളവരുടെ വിസയിലെ അനിശ്ചിതത്വവും യുകെയില്‍ പരിശീലനം നേടിയ ഡോക്ടര്‍മാര്‍ക്ക് തങ്ങളുടെ കരിയറിലുള്ള ആശങ്കകളും സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്. എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റ് പുറത്തുവിട്ട ഈ കണക്കുകള്‍ അനുസരിച്ച് ഈ വിന്റര്‍ കൂടുതല്‍ പ്രതിസന്ധി നിറഞ്ഞതായിരിക്കുമെന്ന് വ്യക്തമാണെന്ന് കിംഗ്‌സ് ഫണ്ട് തിങ്ക് ടാങ്കിലെ ചീഫ് അനലിസ്റ്റ് ശിവ ആനന്ദശിവ പറയുന്നു. നഴ്‌സുമാരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വന്‍ കുറവ് ഒരു നാഷണല്‍ എമര്‍ജന്‍സി സൃഷ്ടിച്ചിരിക്കുകയാണ്. ദീര്‍ഘവീക്ഷണമില്ലാത്ത ഇമിഗ്രേഷന്‍ നയത്തിന്റെയും ബ്രെക്‌സിറ്റിന്റെയും അനന്തരഫലമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 11,576 ഡോക്ടര്‍മാരുടെയും 41,722 നഴ്‌സുമാരുടെയും വേക്കന്‍സിയാണ് ഇംഗ്ലീഷ് ട്രസ്റ്റുകളില്‍ നിലവിലുള്ളത്. ലണ്ടനിലാണ് നഴ്‌സുമാരുടെ എണ്ണത്തില്‍ ഏറ്റവും കുറവ് അനുഭവപ്പെടുന്നത്. ജീവിതച്ചെലവ് ഏറ്റവും കൂടുതലുള്ള ഈ മേഖലയില്‍ റിക്രൂട്ട്‌മെന്റ് വളരെ വിഷമം പിടിച്ച ജോലിയായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
അപകടകരമായി വാഹനമോടിച്ച് യാത്രക്കാരിയായിരുന്ന റഷ്യന്‍ യുവതിക്ക് ശാരീരിക വൈകല്യമുണ്ടാക്കിയതിന് ശിക്ഷയ്ക്ക് വിധേയനായ ഡോക്ടര്‍ക്ക് ജോലിയില്‍ തുടരാന്‍ അനുമതി. അച്ചടക്ക സമിതിയാണ് ഈ തീരുമാനം എടുത്തത്. എകറ്ററീന നൂസ് എന്ന 20കാരിയായ യുവതിക്ക് അപകടത്തില്‍ നട്ടെല്ലിനേറ്റ് ക്ഷതം മൂലം പക്ഷാഘാതമുണ്ടായിരുന്നു. എന്നാല്‍ തന്റെ ജീവിതം വീല്‍ചെയറിലാക്കിയ ഡോ. റവാഫിന് കൂടുതല്‍ ശിക്ഷ നല്‍കേണ്ടതില്ലെന്ന് എകറ്ററീന പറയുന്നു. അപകടത്തിനു ശേഷം ഇവരുടെ ചലനശേഷി തിരിക ലഭിക്കുന്നതിനായി എല്ലാ സഹായവുമായി ഡോക്ടര്‍ ഒപ്പം നില്‍ക്കുന്നതിനാലാണ് ഇയാള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ എടുക്കേണ്ടതില്ലെന്ന് അച്ചടക്ക സമിതിയും തീരുമാനിച്ചത്. ഒരു റെസ്‌റ്റോറന്റില്‍ ഡിന്നറിനു ശേഷം ഡോ.റവാഫ് എകറ്ററീനയെ വീട്ടിലേക്ക് തന്റെ കാറില്‍ കൊണ്ടുപോകുകയായിരുന്നു. മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ സൗത്ത് ലണ്ടനിലെ വാന്‍ഡ്‌സ് വര്‍ത്തില്‍ വെച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു സംഭവം. 40 മൈലിനു മേല്‍ വേഗതയിലെത്തിയ കാര്‍ ഒരു റൗണ്ടെബൗട്ടില്‍ കരണം മറിയുകയും പോസ്റ്റുകളില്‍ ഇടിക്കുകയുമായിരുന്നു. റവാഫിന് കാര്യമായ പരിക്കുകള്‍ ഉണ്ടായില്ലെങ്കിലും എകറ്റെറീനയുടെ നട്ടെല്ലിന് സാരമായ ക്ഷതമേറ്റിരുന്നു. ഇതു മൂലം അരയ്ക്ക് താഴേക്ക് ശരീരത്തിന് സ്വാധീനം നഷ്ടമായി. അപകടകരമായി വാഹനമോടിച്ച് സാരമായ പരിക്കുകള്‍ക്ക് കാരണമായതിന് കഴിഞ്ഞ ഒക്ടോബറില്‍ റവാഫിന് 16 മാസത്തെ ജയില്‍ശിക്ഷ കിംഗ്സ്റ്റണ്‍ ക്രൗണ്‍ കോടതി വിധിച്ചു. പിന്നീട് 80 മണിക്കൂര്‍ വേദനരഹിത ജോലി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയും ജയില്‍ ശിക്ഷ രണ്ടു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ അതിനു ശേഷം മിക്ക ദിവസങ്ങളിലും റവാഫ് എകറ്ററീനയെ സന്ദര്‍ശിക്കുകയും അവര്‍ക്ക് ചികിത്സ നല്‍കാനുള്ള എല്ലാ കാര്യങ്ങളും ചെയ്യുകയും ചെയ്തതായി പാനല്‍ വിലയിരുത്തി. ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ ട്രോമ ആന്‍ഡ് ഓര്‍ത്തോപീഡിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്ലിനിക്കല്‍ എജ്യുക്കേഷന്‍ ഫെല്ലോ ആയ റവാഫ് നട്ടെല്ലിലുണ്ടാകുന്ന ക്ഷതങ്ങള്‍ ചികിത്സിക്കുന്ന വിദഗ്ദ്ധരുമായി നിരന്തരം ബന്ധപ്പെടുകയും അമേരിക്കയില്‍ ലഭിച്ച ജോലി പോലും വേണ്ടെന്ന് വെച്ച് എകറ്ററീനയുടെ ചികിത്സക്കായി തുടരുകയും ചെയ്തതോടെയാണ് ഡോക്ടറായി തുടരാന്‍ പാനല്‍ ഇയാള്‍ക്ക് അനുമതി നല്‍കിയത്.
ഡോക്ടര്‍മാരുടെ ഇമിഗ്രേഷന്‍ ക്യാപ്പ് എടുത്തു കളയണമെന്ന് ആവശ്യവുമായി മന്ത്രിമാര്‍. ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്, ഹോം സെക്രട്ടറി സാജിദ് ജാവിദ് എന്നിവരാണ് ഇമിഗ്രേഷന്‍ ക്വോട്ടയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഇളവനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. കൂടുതല്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ബ്രിട്ടനില്‍ പരിശീലനം നല്‍കി നിയമിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ കുടിയേറ്റ നയത്തില്‍ ഇളവു കൊണ്ടുവരണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നത്. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്, ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് എന്നിവരും ഇതിനെ പിന്തുണച്ചേക്കും. ഇളവ് അനുവദിക്കപ്പെട്ടാല്‍ വിദഗ്ദ്ധ മേഖലയിലുള്ള ജീവനക്കാരെ നിയമിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന മറ്റു മേഖലയിലെ കമ്പനികള്‍ക്കും അത് ഉപകാരമാകും. വിസ ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് ജാവിദിന്റെ മുന്‍ഗാമിയായ ആംബര്‍ റൂഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അനുവദിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിരുന്നില്ല. ഹണ്ടും ക്ലാര്‍ക്കും റൂഡിനൊപ്പം ഈ ആവശ്യം ഉന്നയിച്ചിരുന്നു. ആരോഗ്യമേഖലയിലും വ്യവസായങ്ങളിലും വിദഗ്ദ്ധ ജീവനക്കാരുടെ കടുത്ത ക്ഷാമമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. വിദേശത്തു നിന്ന് കൂടുതല്‍ നിയമനം നടത്തുകയാണ് ഇതിന് ഒരു പോംവഴി. 93,000 വേക്കന്‍സികള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. താല്‍ക്കാലിക ജീവനക്കാര്‍ക്കു വേണ്ടി പണം മുടക്കി കനത്ത നഷ്ടമേറ്റുവാങ്ങല്‍, വെയിറ്റിംഗ് ലിസ്റ്റുകളുടെ ദൈര്‍ഘ്യം കൂടല്‍ തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇതു മൂലം സംജാതമാകുമെന്ന് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സും മുന്നറിയിപ്പ് നല്‍കുന്നു. എന്‍എച്ച്എസ് ട്രെയിനിംഗ് പ്ലേസുകളില്‍ 25 ശതമാനം വര്‍ദ്ധന വരുത്താന്‍ തീരുമാനിച്ചിരുന്നു. ഇത് പ്രവര്‍ത്തനക്ഷമമാകാനായി ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നിലവിലുള്ള ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഇളവ് നല്‍കണമെന്നാണ് ഹണ്ട് ആവശ്യപ്പെടുന്നത്.
RECENT POSTS
Copyright © . All rights reserved