europe
ലണ്ടന്‍: യുകെ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലേക്കെന്ന് വിലയിരുത്തല്‍. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം കടുത്ത മാന്ദ്യത്തിന്റെ പിടിയിലമുമെന്ന് വന്‍കിട നിക്ഷേപകരാണ് വിലയിരുത്തുന്നത്. 2019 തുടക്കത്തോടെ മാന്ദ്യം തുടങ്ങുമെന്ന് സര്‍വേയില്‍ പങ്കെടുത്ത എക്‌സിക്യൂട്ടീവുകളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. 56 ശതമാനം പ്രൈവറ്റ് ഇക്വിറ്റി എക്‌സിക്യൂട്ടീവുകളും 57 ശതമാനം ഡെറ്റ് ഇന്‍വെസ്റ്റര്‍മാരും 2020ഓടെ രാജ്യത്ത് മാന്ദ്യമുണ്ടാകുമെന്ന ആശങ്ക പങ്കുവെക്കുന്നു. 2018 ബ്രെക്‌സിറ്റ് ചര്‍ച്ചകളെ സംബന്ധിച്ച് നിര്‍ണ്ണായകമായ വര്‍ഷമാണെന്ന് ഗ്രീന്‍ഹില്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ കാര്‍ലോ ബോസ്‌കോ പറയുന്നു. ഇപ്പോള്‍ത്തന്നെ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ നാണ്യപ്പെരുപ്പത്തില്‍ ബുദ്ധിമുട്ടിനെ നേരിടുകയാണ്. ഉപഭോക്തൃ വിനിമയ നിരക്കും വളര്‍ച്ചാ നിരക്കും മറ്റ് വികസിത രാജ്യങ്ങളേക്കാള്‍ താഴെയാണ് ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും യൂറോപ്പിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളും 2019 ആദ്യം തന്നെ രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങാന്‍ കാരണമാകുമെന്ന് പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനത്തിന്റെ പ്രതിനിധിയും പറഞ്ഞു. 80 ഡിസ്‌ട്രെസ്ഡ് ഡെറ്റ് ഇന്‍വെസ്റ്റര്‍മാരും 50 പ്രൈവറ്റ് ഇക്വിറ്റി എക്‌സിക്യൂട്ടീവുകളുമാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇവരില്‍ യുകെയ്ക്ക് പുറത്തുള്ളവര്‍ ബ്രെക്‌സിറ്റ് ഗുണം ചെയ്യുമെന്ന് കരുതുന്നില്ല. ബ്രെക്‌സിറ്റി സാമ്പത്തിക വ്യവസ്ഥയെ ബാധിക്കാന്‍ തുടങ്ങിയതിനാല്‍ അതിനെ രക്ഷിക്കുന്നതിന് യുകെ മാര്‍ഗ്ഗങ്ങള്‍ തേടണമെന്ന് ഐഎംഎഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാന്ദ്യം പ്രവാസികള്‍ക്കായിരിക്കും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയെന്നും വിലിയിരുത്തപ്പെടുന്നു.
ലണ്ടന്‍: യൂറോപ്യന്‍ വിപണിയില്‍ സ്വതന്ത്ര വ്യാപാരം ഉറപ്പാക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് സാധിച്ചില്ലെങ്കില്‍ യുകെ വിടുമെന്ന സൂചന നല്‍കി ജാപ്പനീസ് കമ്പനികള്‍. വാഹന നിര്‍മാണ ഭീമനായ ഹോണ്ട ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇതേക്കുറിച്ച് ആലോചിക്കുന്നതായി ബ്രിട്ടനിലെ ജപ്പാന്‍ സ്ഥാനപതി കോജി സുറുവോക്കയാണ് അറിയിച്ചത്. സൗത്ത് മാഴ്‌സറ്റണില്‍ കാര്‍ നിര്‍മാണ യൂണിറ്റുള്ളള ഹോണ്ട ബ്രെക്‌സിറ്റിനോട് അനുബന്ധിച്ച് ഉണ്ടാകുന്ന കരാറുകളില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പ്രതിനിധികളെ അയച്ചു. പ്രതിബന്ധങ്ങളില്ലാത്ത വ്യാപാരക്കരാര്‍ സാധ്യമായില്ലെങ്കില്‍ അത് ആയിരക്കണക്കിന് തൊഴിലവസരങ്ങളായിരിക്കും ഇല്ലാതാക്കുകയെന്നാണ് കമ്പനി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നത്. കരാറുകള്‍ സാധ്യമായില്ലെങ്കില്‍ കമ്പനികള്‍ ബ്രിട്ടന്‍ വിടുമോ എന്ന ചോദ്യത്തിന് യുകെയില്‍ തുടരുന്നത് ലാഭകരമല്ലെങ്കില്‍ ജാപ്പനീസ് കമ്പനികള്‍ക്ക് മാത്രമല്ല, സ്വകാര്യ കമ്പനികള്‍ക്കൊന്നും ഇവിടെ തുടരാന്‍ കഴിയില്ലെന്നായിരുന്നു അംബാസഡര്‍ നല്‍കിയ മറുപടി. യൂറോപ്യന്‍ മാര്‍ക്കറ്റില്‍ സ്വതന്ത്രമായി ഇടപെടാനുള്ള സൗകര്യമാണ് കമ്പനികള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ നിര്‍മാതാക്കളായ നിസാന്‍, ടൊയോട്ട എന്നിവയും ട്രെയിന്‍ നിര്‍മാതാക്കളായ ഹിറ്റാച്ചി, ബാങ്കുകളായ നോമുറ, മിസുഹോ, സുമിതോമോ മിറ്റ്‌സുയി എന്നിവരും എനര്‍ജി, ടെക് കമ്പനികളും വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലേക്ക് പ്രതിനിധികളെ അയച്ചിരുന്നു. തെരേസ മേയ്, ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്, ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക്, ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സുപ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് തൊഴിലാളികളുടെ ജോലിയുള്‍പ്പെടെയുള്ള നിരവധി കാര്യങ്ങളെ ബാധിക്കുമെന്ന് ഹോണ്ട ജീവനക്കാരെ പ്രതിനിധീകരിച്ച് യുണൈറ്റ് പ്രതിനിധി ലെന്‍ മക്ക്ലൂസ്‌കി പറഞ്ഞു. ബ്രിട്ടനിലെ നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തില്ലെന്നായിരുന്നു ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലത്തിന്റെ പശ്ചാത്തലത്തില്‍ 2016ല്‍ ഹോണ്ട പറഞ്ഞിരുന്നത്. എന്നാല്‍ അംബാസഡറുടെ വാക്കുകള്‍ ഈ തീരുമാനം കമ്പനി മാറ്റിയിട്ടുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.
ലണ്ടന്‍: റഷ്യയില്‍ നിന്ന് ഉയരുന്ന ഭീഷണികളെ ചെറുക്കാന്‍ ബ്രിട്ടീഷ് സൈന്യത്തിന് കൂടുതല്‍ പണം ആവശ്യമുണ്ടെന്ന് ബ്രിട്ടീഷ് സൈനിക മേധാവി. റഷ്യയില്‍ നിന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് സുരക്ഷാഭീഷണികള്‍ ഉയരുന്നത്. അതിനാല്‍ ഒരു യുദ്ധത്തിനുള്ള തയ്യാറടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്നും കരസേനാ മേധാവി ജനറല്‍ സര്‍ നിക്ക് കാര്‍ട്ടര്‍ പറഞ്ഞു. പ്രതിരോധ മേഖലയില്‍ ബജറ്റ് വെട്ടിക്കുറയ്ക്കലുകള്‍ക്ക് സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ ഉയരുന്നതിനിടെയാണ് ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസണിന്റെ അംഗീകാരത്തോടെ നിക്ക് കാര്‍ട്ടര്‍ ഈ പ്രസ്താവന നടത്തിയത്. റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പ്രസംഗത്തിലാണ് ജനറല്‍ കാര്‍ട്ടര്‍ ഇക്കാര്യം സൂചിപ്പിച്ചത്. റഷ്യയുടെ പുതിയ സൈബര്‍ യുദ്ധ ശേഷിയേക്കുറിച്ചും സന്നാഹങ്ങളെക്കുറിച്ചും കാര്‍ട്ടര്‍ പ്രസംഗത്തില്‍ വിശദീകരിച്ചു. സിറിയയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തെ പരാമര്‍ശിച്ചുകൊണ്ട് ദീര്‍ഘദൂര ശേഷിയുള്ള റഷ്യയുടെ മിസൈല്‍ വ്യൂഹത്തെക്കുറിച്ചും കാര്‍ട്ടര്‍ പരാമര്‍ശിച്ചു. 1500 കിലോമീറ്റര്‍ അകലെ നിന്നാണ് റഷ്യ സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിലേക്ക് 26 മിസൈലുകള്‍ കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ചത്. യുകെയ്ക്ക് ഭീഷണിയാകുന്ന വിധത്തിലുള്ള സൈനിക തയ്യാറെടുപ്പുകളാണ് റഷ്യ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവ ഇപ്പോള്‍ യൂറോപ്പിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. ക്രെലിന്റെ സൈനികശേഷിയോട് കിടപിടിക്കാന്‍ ഇപ്പോഴത്തെ നിലയില്‍ യുകെയ്ക്ക് സാധിക്കില്ല. ഇവ കണക്കിലെടുത്ത് ചുറ്റുപാടും സംഭവിക്കുന്ന കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സൈനിക നിക്ഷേപം നടത്തണമെന്നാണ് കരസേനാ മേധാവി ആവശ്യപ്പെടുന്നത്‌
ന്യൂസ് ഡെസ്ക് മേഗൻ മാർക്കലാണ് ബ്രിട്ടണിലെ ഇപ്പോഴത്തെ സൂപ്പർ താരം. റോയൽ വെഡിംഗ് വാർത്ത പുറത്തു വിട്ടതിൽ പിന്നെ സോഷ്യൽ മീഡിയയും പത്രങ്ങളും ക്യാമറക്കണ്ണുകളും മേഗനെ പിന്തുടരുകയാണ്. പ്രിൻസ് ഹാരിയുടെ പ്രതിശ്രുത വധുമായ മേഗൻ മാർക്കലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ ആണ് നീക്കം ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ 1.9 മില്യണും ട്വിറ്ററിൽ 350,000 ഉം ഫോളോവേഴ്സ് മേഗന് ഉണ്ടായിരുന്നു. ഫേസ്ബുക്കിൽ 800,000 ലേറെ ലൈക്കുകൾ ആണ്  മേഗന്റെ പേജിന് ലഭിച്ചത്. മെയ് 19നാണ് ഇരുവരും വിവാഹിതരാകുന്നത്. അന്നേ ദിവസം ബ്രിട്ടണിലെ പബുകളും ബാറുകളും രാത്രി വൈകിയും പ്രവർത്തിക്കാൻ അനുമതി നല്കിയിട്ടുണ്ട്. രാജകീയ വിവാഹം ബ്രിട്ടണിലെ ഒരു വലിയ ആഘോഷമായി മാറും. അന്നു തന്നെയാണ് എഫ്.എ കപ്പ് ഫൈനലും നടക്കുന്നത്. വിവാഹവും ഫുട്ബോളും ഒന്നിച്ച് വരുന്നതിനാൽ ബ്രിട്ടന്റെ സ്ട്രീറ്റുകൾ ആഘോഷത്തിമർപ്പിന്റെ ഒരു രാത്രി ബ്രിട്ടണിൽ സൃഷ്ടിക്കും. പ്രിൻസ് ഹാരിയും മേഗനും തങ്ങളുടെ ആദ്യ പൊതുപരിപാടിയിൽ ഇന്നലെ ഒന്നിച്ച് പങ്കെടുത്തു. ബ്രിക് സ്റ്റണിലെ റേഡിയോ സ്റ്റേഷൻ സന്ദർശിക്കാനെത്തിയ ഹാരിയെയും മേഗനെയും കാണാൻ നൂറു കണക്കിന് ആളുകളാണ് തടിച്ചു കൂടിയത്. മാർക്ക് ആൻഡ് സ്പെൻസറിന്റെ സ്വെറ്റ് ഷർട്ടും ബർബറി ട്രൗസറും സ്മിത്ത് കോട്ടും ധരിച്ചാണ് മേഗൻ എത്തിയത്. ജനങ്ങളോട് സംസാരിക്കാനും ഹാൻഡ് ഷേക്ക് നല്കാനും പ്രിൻസ് ഹാരിയും മേഗനും സമയം കണ്ടെത്തി.
ന്യൂസ് ഡെസ്ക് ഹൈ എനർജി പ്രോട്ടോൺ ബീം ഉപയോഗിച്ചുള്ള ക്യാൻസർ ചികിത്സ യുകെയിൽ ഉടൻ ലഭ്യമാകും. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലിൽ ആണ് ആദ്യ യൂണിറ്റ് പ്രവർത്തനസജ്ജമാവുന്നത്. ഈ വർഷം ഓഗസ്റ്റ് മുതൽ ഇവിടെ ക്യാൻസർ രോഗികൾക്ക് അത്യാധുനിക മെഷീനറി ഉപയോഗിക്കുള്ള പ്രോട്ടോൺ ബീം ചികിത്സ നല്കിത്തുടങ്ങും. ട്യൂമറിന്റെ അടുത്തുള്ള ആരോഗ്യമുള്ള ടിഷ്യൂവിന് കേടുവരുത്താതെ ക്യാൻസറിനെ ട്രീറ്റ് ചെയ്യാമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ പ്രോട്ടോൺ ബീം ചികിത്സ ആവശ്യമുള്ള രോഗികളെ അതിനായി വിദേശത്തേയ്ക്ക് അയയ്ക്കുന്ന പതിവിന് ഇതോടെ മാറ്റം വരും. അമേരിക്ക, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ ക്ലിനിക്കുകളിലേയ്ക്കാണ് എൻഎച്ച്എസ് രോഗികളെ ചികിത്സയ്ക്ക് അയയ്ക്കുന്നത്. മാഞ്ചസ്റ്ററിലെ പ്രോട്ടോൺ ബീം ട്രീറ്റ്മെന്റ് സെന്ററിന്റെ നിർമ്മാണ പ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. മെഡിസിന്റെയും ഫിസിക്സിന്റെയും അനന്ത സാധ്യതകൾ ഒത്തുചേരുന്ന പുതിയ ചികിത്സാരീതി യുകെയിൽ തുടങ്ങുന്നത് ഒട്ടേറെ രോഗികൾക്ക് ആശ്വാസമായി മാറും. പ്രായം കുറഞ്ഞ രോഗികൾക്ക് പ്രോട്ടോൺ ബീം ചികിത്സ നിലവിലെ മറ്റു മാർഗങ്ങളെക്കാൾ കൂടുതൽ പ്രയോജനം ചെയ്യും. ത്വരിതഗതിയിൽ വളർന്നു കൊണ്ടിരിക്കുന്ന സെല്ലുകൾക്ക് റേഡിയേഷൻ മൂലമുണ്ടാകുന്ന ദോഷഫലങ്ങൾ പ്രോട്ടോൺ ബീം മൂലം ഉണ്ടാവുകയില്ല. പുതിയ പ്രോട്ടോൺ ബീം സെൻററുകൾക്കായി യുകെ ഗവൺമെൻറ് 250 മില്ല്യൺ പൗണ്ട് നല്കിയിട്ടുണ്ട്. ബാക്കി തുക ഫണ്ട് റെയിസിംഗ്‌ വഴിയാണ് കണ്ടെത്തിയത്. ക്യാൻസറിനുള്ള റേഡിയോ തെറാപ്പിയിൽ ബീം ട്യൂമറിനുള്ളിലൂടെ കടന്ന് പോകുമ്പോൾ അതിന് ചുറ്റുമുള്ള സെല്ലുകൾക്ക് ദോഷകരമായ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. പ്രോട്ടോൺ ബീം ഇതിലും ചെറുതായതിനാൽ ട്യൂമറിനെ കടന്നു പോകുന്നില്ല. അതിനാൽത്തന്നെ മറ്റു ടിഷ്യൂവിന് ദോഷകരമാവില്ല. ആറ്റത്തിന്റെ ന്യൂക്ലിയസിൽ നിന്ന്  സെക്കന്റിൽ100,000 മൈൽ സ്പീഡിൽ പുറപ്പെടുന്ന പ്രോട്ടോണാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. അത്യധികം സൂക്ഷ്മതയോടെ ഈ പ്രോട്ടോണിനെ സൈക്ലോട്രോൺ എന്ന ആക്സിലറേറ്റർ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയും.  പ്രോട്ടോണിന്റെ കുറഞ്ഞ എനർജിയുള്ള ബീം ഉപയോഗിച്ചുള്ള ചികിത്സ നിലവിൽ യുകെയിലെ വിറാലിലുള്ള ക്ലാറ്റർ ബ്രിഡ്ജ് ക്യാൻസർ സെന്ററിൽ ലഭ്യമാണ്. കണ്ണിനുണ്ടാകുന്ന വിവിധതരം ക്യാൻസറുകൾക്കാണ് ഈ രീതി ഉപയോഗിക്കുന്നത്.  
RECENT POSTS
Copyright © . All rights reserved