Fr. Happy Jacob
ഫാ. ഹാപ്പി ജേക്കബ്ബ് "പുല്ല് ഉണങ്ങി, പൂ ഉതിർന്നു "എന്ന ആശയവും പ്രയോഗവും വി. വേദപുസ്തകത്തിൽ നാം കാണാറുണ്ട്. ക്ഷണികം, നൈമിഷികം എന്ന അർത്ഥം ആണ് ഈ വിശേഷണം നൽകുന്നത്. എന്നാൽ തുടർച്ചയായ , എന്നും പ്രാപ്യമായി നിലനിൽക്കുന്ന, അനിത്യമായി വ്യാപരിക്കുന്ന ഒരു തലം കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ജീവിതം ക്ഷണികം എങ്കിൽ നിത്യജീവൻ എന്നേക്കും ഉള്ളതാണ്. പ്രാർത്ഥിക്കുക എന്ന വാക്ക് പരിചിതമാണ് എങ്കിലും അതിൻറെ ആവർത്തനം എത്ര രുചി തരും നമുക്ക്. എന്നാൽ നിരന്തരം പ്രാർത്ഥിക്കുക എന്ന ക്രിയ നമ്മെ കൊണ്ടെത്തിക്കുന്നത് നിത്യ ദൈവത്തോടുള്ള നിത്യ ബന്ധത്തിലാണ് . അങ്ങനെ നിത്യനായ ദൈവത്തോട് നിരന്തരമായ പ്രാർത്ഥന മൂലം അത്ഭുതം നേടിയ ഒരു സ്ത്രീയുടെ കഥയാണ് ഇന്നത്തെ ചിന്തയുടെ ആധാരം ; വി. മത്തായി 15: 21- 31 വരെയുള്ള വാക്യങ്ങൾ തൻറെ മകളുടെ രോഗശാന്തിക്കായി നിരന്തര അപേക്ഷയുമായി യേശുവിനെ സമീപിച്ച കനന്യക്കാരിയായ സ്ത്രീ ഈ സംഭവം നിരന്തരമായ വിശ്വാസത്തിലൂടെ പരിവർത്തനത്തിന്റെ അനുഭവങ്ങളെ ഉയർത്തി കാണിക്കുകയും ദൈവരാജ്യത്തിന്റെ സ്വഭാവത്തെക്കുറിച്ച് ആഴമേറിയ ഉൾക്കാഴ്ചകൾ നൽകുകയും ചെയ്യുന്നു. 1. നിരാശയുടെ നിലവിളി കർത്താവേ ദാവീദു പുത്രാ എന്നോട് കരുണയുണ്ടാകണമേ എന്ന് നിലവിളിക്കുന്ന ആ സ്ത്രീയുടെ ചിത്രം, നമ്മളിൽ പലരും കടന്നു പോയിട്ടുള്ള ജീവിത സാഹചര്യം ,ആശ്രയം അറ്റ ദിനങ്ങളിൽ ഒരിറ്റ് ആശ്വാസത്തിനായി കേഴുന്ന ദിനങ്ങൾ, ഇങ്ങനെ എണ്ണമറ്റ വ്യക്തികളുടെ ഹൃദയംഗമമായ നിലവിളിയുടെ പ്രതിധ്വനി. യേശുവിനോടുള്ള തീഷ്ണമായ അഭ്യർത്ഥനയും അവളുടെ പ്രതീക്ഷയും രോഗശാന്തിയിലൂടെ വിടുതലും വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും പാഠം നമുക്ക് നൽകുന്നു. നമ്മുടെ ജീവിതത്തിൽ ഏത് നിമിഷവും ഇങ്ങനെയുള്ള ദിനങ്ങൾ കടന്നു വന്നേക്കാം, എങ്കിലും നമുക്കും ഒരു ഈ കനന്യ സ്ത്രീയെ പോലെ സൗഖ്യം ലഭിക്കും വരെ അവൻറെ കരുണയും അതിരില്ലാത്ത സ്നേഹത്തോടും നമുക്ക് പ്രാർത്ഥിക്കാം. 2. പരീക്ഷണത്തിൽ തളരാത്ത വിശ്വാസം യേശുവും ആ സ്ത്രീയും തമ്മിലുള്ള സംഭാഷണം ശ്രദ്ധിക്കുക . " കുട്ടികളുടെ അപ്പം എടുത്ത് നായ് കുട്ടികൾക്ക് കൊടുക്കുന്നത് വിഹിതമല്ല " എന്ന പ്രസ്താവന അവളുടെ വിശ്വാസത്തെയും സ്ഥിരതയും പരീക്ഷിക്കുന്നു. എന്നാലും അവൾ പിന്മാറാതെ നായ്ക്കൾ യജമാനന്മാരുടെ മേശമേൽ നിന്നും വീഴുന്ന നുറുക്കുകൾ തിന്ന് ജീവിക്കുന്നു എന്ന് മറുപടി പറയുന്നു .യേശുവിൻറെ സമൃദ്ധമായ കൃപയും കാരുണ്യത്തെയും കുറിച്ചുള്ള അവളുടെ അഗാധ ബോധം ആ കൃപയുടെ ഒരു നുറുക്ക് മതി തൻറെ മകളുടെ സൗഖ്യത്തിന് എന്ന് അവൾ പ്രതിവചിക്കുന്നു. ദൈവത്തിൻറെ നന്മയിലും പരമാധികാരത്തിലും വിശ്വാസമർപ്പിച്ചുകൊണ്ട്, പരീക്ഷണങ്ങളിലും പ്രത്യക്ഷമായ തിരിച്ചടികളിലും വിശ്വാസത്തിൽ ഉറച്ച് നിൽക്കുവാൻ നമ്മെ ഈ ഭാഗം പഠിപ്പിക്കുന്നു. 3. വിശ്വാസത്തിലുള്ള അന്തിമവിജയം. അവളുടെ വിശ്വാസം കണ്ടിട്ട് കർത്താവ് അവളോട് പ്രതിവചിക്കുന്നു. "സ്ത്രീയേ നിൻറെ വിശ്വാസം വലിയത്, നിൻറെ അപേക്ഷ കേട്ടിരിക്കുന്നു. " ആ നാഴികയിൽ തന്നെ അവളുടെ മകൾക്ക് സൗഖ്യം ലഭിക്കുന്നു. അവളുടെ മകളുടെ രോഗശാന്തി വിശ്വാസത്തിന്റെയും പരിവർത്തന ശക്തിയുടെയും നമ്മുടെ രക്ഷകന്റെ അതിരില്ലാത്ത അനുകമ്പയുടെയും തെളിവായി വർത്തിക്കുന്നു. അവളുടെ വിശ്വാസം മൂലം തൻറെ മകൾ ശാരീരിക ശാന്തി മാത്രമല്ല ആത്മീക സ്ഥിരീകരണവും അനുഗ്രഹവും ലഭിക്കുന്നു. വിശ്വാസത്തോടെ അർപ്പിക്കുന്ന പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാതെ പോകുന്നില്ല എന്നുള്ളതും ആത്മാർത്ഥമായി അന്വേഷിക്കുന്നവർക്ക് പ്രതിഫലം നൽകുന്നതിൽ ദൈവം സന്തോഷിക്കുന്നു എന്നും ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. വിശ്വാസത്തിൽ ഉറച്ച് നിൽക്കുവാനും ദൈവത്തിൻറെ നന്മയിലും കരുണയിലും ആശ്രയിക്കാനും അങ്ങനെയെങ്കിൽ തൻറെ വാഗ്ദാനം അവൻ നിറവേറ്റും എന്നുള്ള ഉറപ്പും നമുക്ക് ലഭിക്കുന്നു. നമ്മുടെ ജീവിതത്തിൽ വെല്ലുവിളികളും പരീക്ഷണങ്ങളും നേരിടുമ്പോൾ പർവ്വതങ്ങളെ ചലിപ്പിക്കുവാനും അത്ഭുതഫലങ്ങൾ കൊണ്ടുവരുവാനും നമ്മുടെ വിശ്വാസത്തിന് ശക്തിയുണ്ട് എന്ന് അറിഞ്ഞുകൊണ്ട് ഈ കനാനായ സ്ത്രീയുടെ ദൃഢതയും സ്ഥിരോത്സാഹവും നമുക്കും അനുകരിക്കാം. പ്രാർത്ഥനയിൽ ഹാപ്പി ജേക്കബ് അച്ചൻ റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . Mobile # 0044 7863 562907
ഫാ.ഹാപ്പി ജേക്കബ് സദ് വാര്‍ത്തകള്‍ കേള്‍ക്കുവാനും പങ്കുവെക്കുവാനും സ്‌നേഹിക്കുവാനും ആ സ്‌നേഹത്തില്‍ ആത്മാര്‍ത്ഥത നുകരുവാനും കഴിയുമായിരുന്ന ഒരു കാലത്തിന്റെ പ്രജകള്‍ ആയിരുന്നല്ലോ നാം. സ്‌നേഹം നിഷ്‌കളങ്കമായിരുന്നു, പങ്കുവെക്കലുകള്‍ ജീവനുള്ളവയായിരുന്നു, ആത്മാര്‍ത്ഥത ഹൃദയത്തില്‍ നിന്നുള്ളവയായിരുന്നു. എന്നാല്‍ ഇന്ന് നമുക്ക് ചുറ്റും കണ്ണും കാതും പായിച്ചാല്‍ സംശയവും കാപട്യവും പ്രമാണലംഘനങ്ങളും മാത്രമുള്ള ഒരു ജീവിതലോകത്തിന്റെ പരിച്ഛേദനം മുന്നില്‍ പ്രത്യക്ഷപ്പെടും. അതിനിടയില്‍ നുറുങ്ങുവെളിച്ചമായി നന്മകള്‍ എവിടെയോ മിന്നുന്നതും കാണാം. പരിശോധനയും ചികിത്സയും നമുക്കാണോ വേണ്ടത് അതോ നമുക്കു ചുറ്റുമുള്ളവര്‍ക്കാണോ വേണ്ടത്. വേദനകള്‍ക്ക് ശമനവും പാപവിടുതല്‍ പ്രസംഗിക്കുകയും ആത്മതപനങ്ങള്‍ക്ക് ഉറവിടവുമായ ദൈവസന്നിധി പോലും മലീമസ വാര്‍ത്തകള്‍ക്ക് നടുവില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഈ അവസരത്തില്‍ പ്രയോജനപ്പെടും എന്ന വിശ്വാസത്തില്‍ ചില ചിന്തകള്‍ പങ്കുവെക്കട്ടെ. ഈ ലോകം മുഴുവനും ഒരു തറവാടായി നാം ഓരോരുത്തരും സഹോദരങ്ങളുമായും കഴിഞ്ഞ കാലത്തിന്റെ വളര്‍ച്ചയിലെ അടുത്ത ഏടിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത് എന്ന വസ്തുത ആശ്ചര്യത്തോടെ മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയൂ. വേദപുസ്തകത്തില്‍ ആത്മീക മനുഷ്യനെയും പ്രാകൃത മനുഷ്യനെയും ഇരുവരുടെയും സ്വഭാവ രീതികളും വിവരിക്കുന്നുണ്ട്. ഹൈന്ദവ ധര്‍മ്മത്തില്‍ ദേവനും അസുരനുമുണ്ട്. ഇവിടെ എല്ലാം വിജയമായും നീതിയായും സ്‌നേഹമായും വര്‍ണ്ണനയില്‍ വിരിയുന്നത് ആത്മീകവും ദേവനും ഒക്കെയാണ്. ദൈനംദിന ജീവിത സാഹചര്യങ്ങളിലും നാം ഈ വേര്‍തിരിവ് പല രൂപത്തിലും അനുവര്‍ത്തിക്കുകയും പഠിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ. പ്രകൃതിപോലും രാത്രി പകല്‍ ഭേദങ്ങളില്‍ ഈ അവസ്ഥയെ കാട്ടിത്തരുന്നു. ഇരുട്ട് ഭയത്തിന്റെ പ്രതീകമെങ്കില്‍ പകല്‍ സമാധാനവും സ്വസ്ഥതയും നമുക്ക് നല്‍കുന്നു. ധര്‍മ്മം, നീതി, നേര് എന്ന് നാം ഉപയോഗിക്കുന്ന വാക്കുകളില്‍ എല്ലാം കുറച്ചു കാലം ശരി നാം കണ്ടിരുന്നു. അത്ത് ഇതെല്ലാം ലോക തറവാട്ടിലെ എല്ലാ അംഗങ്ങളും മനസിലാക്കുകയും അതിന് അനുസരിച്ച് ജീവിക്കുകയും ചെയ്തിരുന്നു. കാലം കഴിഞ്ഞു, പഴഞ്ചന്‍ രീതികളെല്ലാം പോയ്മറഞ്ഞു. ഏവരും ഒരുപോലെ ആധുനികന്‍മാരായി. ചിന്തകള്‍ക്ക് വ്യതിയാനമുണ്ടായി. നീതി എന്റെയും നിന്റേതും വ്യത്യസ്തമായി. കാഴ്ചപ്പാടുകള്‍ക്ക് അര്‍ത്ഥം ഇല്ലാതായി. സാമൂഹികം ഈഗോയ്ക്ക് വഴിമാറി. നേട്ടങ്ങള്‍ക്കിടയിലുള്ള അപചയങ്ങള്‍ മനസിലാക്കാതെ കുന്നുകൂടി നമുക്കു മീതെ നിഴലുകളായി രൂപാന്തരപ്പെട്ടു. ദൈവനീതിക്ക് പ്രചാരകരേറി. ജാതിമത ഭേദമെന്യേ മുന്‍പ് മറ്റെങ്ങും കണ്ടിട്ടില്ലാത്ത വണ്ണം പ്രസംഗകരും ജ്ഞാനികളും ധ്യാനഗുരുക്കന്‍മാരും ഉണര്‍ന്നു വന്നു. വാര്‍ത്താമാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ആത്മീയതയുടെ പ്രോക്താക്കളായി. അറിഞ്ഞും അറിയാതെയും നാം ഓരോരുത്തരും ദിനങ്ങള്‍, മണിക്കൂറുകള്‍, വേണ്ട രാത്രി പോലും ഉറക്കം കളഞ്ഞ് ഫോര്‍വേര്‍ഡ് യന്ത്രങ്ങളായി ഈ കര്‍മ്മത്തില്‍ പങ്കാളികളായി. എന്നിട്ടും പ്രകാശം കെടുന്നതല്ലാതെ ആളിക്കത്തിക്കുവാന്‍ കഴിയാതെ വന്നു. പ്രകൃതിക്ക് മനംമടുത്തു. കാലങ്ങളായി ഭേദമാകാതെ കിടന്ന പല രോഗങ്ങളും രോഗികളും കിടക്ക വിട്ടോടി. എല്ലാവര്‍ക്കും ഒരേ സ്വരം, ഒരേ പ്രാര്‍ത്ഥന, ഒരേ ചിന്ത. ജീവിതത്തിന്റെ ദര്‍ശനം തന്നെ മാറിയ നാളുകള്‍ പിടിച്ചടക്കിയതെല്ലാം കണ്‍മുന്നില്‍ കുതിര്‍ന്നു വീണത് നിസഹായമായി നോക്കി നിന്നപ്പോള്‍ ചിലരെങ്കിലും അന്വേഷിച്ച ദൈവചൈതന്യം കണ്ടെത്തി. അത് സ്വന്തം ഹൃദയത്തില്‍ തന്നെ കണ്ടെത്തിയവരുണ്ട്, സഹജീവികളുടെ മുഖത്ത് കണ്ടെത്തിയവരുണ്ട്. അപ്പോഴാണ് അയല്‍ക്കാര്‍ സഹോദരങ്ങളായത്, ആരുമല്ലാതിരുന്നവര്‍ ആത്മമിത്രങ്ങളും ആയത്. മനുഷ്യരാല്‍ അസാധ്യമായത് ദൈവത്തിന് നിസാരമായി സാധ്യമെന്ന് ഇനിയെങ്കിലും മനസിലാക്കിയാല്‍ നന്ന്. മങ്ങിപ്പോയ വെളിച്ചം ആളിക്കത്തിയ ദിവസങ്ങള്‍ ആയിരുന്നു. ജീവിതം സാധാരണമായി വരാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും കേള്‍ക്കാന്‍ തുടങ്ങി, കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തകള്‍. പീഡനങ്ങള്‍, കലഹങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എല്ലാം സമാധാനത്തെ കെടുത്തുന്ന വാര്‍ത്തകളായി ദിനംപ്രതി കടന്നു വരുന്നു. പല ശരികളും തെറ്റായും തെറ്റുകള്‍ ശരിയുമായി. ഇന്നലെവരെ നാം പരിപാലിച്ച് അനുഷ്ഠിച്ചിരുന്ന മര്യാദകള്‍ ഇന്ന് ലംഘനങ്ങളായി മാറി. പരിശുദ്ധതയുടെ ഇടങ്ങള്‍ മലിനതയുടെ കൂത്തരങ്ങായി. ദൈവനിഷേധവും അര്‍ദ്ധസത്യങ്ങളും നമുക്ക് ഫാഷനായി. ഓരോ ദിവസവും ആഘോഷിക്കുവാന്‍ എന്തെങ്കിലും പുതുതായി വേണം. അത് സമൂഹം നല്‍കുകയും ചാനലുകള്‍ പ്രചരിപ്പിക്കുകയും നാം ആത്മസന്തോഷം നേടുകയും ചെയ്യുന്നു. ഒരു പീഡന വാര്‍ത്തയില്ലെങ്കില്‍ സുഖമായി ഉറക്കം നടക്കില്ല. ഒരു സ്‌നേഹിതന്റെ കമന്റാണ്. അത് ആത്മീക മേഖലയില്‍ നിന്നായാല്‍ കൂടുതല്‍ ഇഷ്ടം. എന്തേ ഇങ്ങനെയാകുന്നു. നമുക്കു തന്നെ മൂല്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ കഴിയാതെ പോയോ? അതോ അതിനും പ്രകൃതി നീതിവാഹകയാകേണ്ടി വരുമോ? ഇപ്പോഴത്തെ അവസ്ഥയില്‍ ആര് ആരെ പഠിപ്പിക്കും? ആര് ആരെ ന്യായം വിധിക്കും? നിയമം ചിലരെ അഴിക്കുള്ളില്‍ ആക്കിയപ്പോള്‍ പുറത്തു നിന്നവര്‍ ആശ്വസിച്ചു. എന്നാല്‍ ദൈവിക നീതി അത് തുല്യമല്ലോ. ഹൃദയശുദ്ധി അത് മാത്രമേ പരിഹാരമുള്ളു. ഏതു നന്മയും തിന്മയും അതിന്റെ ആരംഭം ഹൃദയത്തില്‍ നിന്നല്ലേ? രോഗി വൈദ്യന്റെ അടുക്കല്‍ ചെല്ലുകയും ചികിത്സാവിധി ഏറ്റുവാങ്ങുകയും അത് അനുസരിക്കുകയും ചെയ്താലല്ലേ രോഗം ശമിക്കൂ. ഉപവാസവും പ്രാര്‍ത്ഥനയും ആണ് മരുന്നായി വേദപുസ്തകവും മറ്റു ഗ്രന്ഥങ്ങളും ചൂണ്ടിക്കാണിക്കുന്നത്. ദൈവിക നീതി പുലരട്ടെ. കാലിക ധര്‍മ്മം നീതിക്ക് മുതല്‍ക്കൂട്ടാകട്ടെ.
RECENT POSTS
Copyright © . All rights reserved