fuel
സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇന്ധന വിലയില്‍ കുറവു വരുത്തി. ഹോള്‍സെയില്‍ വിലയില്‍ കുറവ് വന്നതോടെയാണ് റീട്ടെയില്‍ വില കുറയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നിര്‍ബന്ധിതരായത്. ആസ്ഡയാണ് ആദ്യം വിലക്കുറവ് പ്രഖ്യാപിച്ചത്. പെട്രോളിന് 1 പെന്‍സും ഡീസലിന് രണ്ടു പെന്‍സുമാണ് ആഡ്‌സ കുറച്ചത്. പിന്നാലെ മോറിസണ്‍സും സെയിന്‍സ്ബറീസും വില കുറച്ചു കൊണ്ട് രംഗത്തെത്തി. പുതുക്കിയ നിരക്ക് അനുസരിച്ച് പെട്രോളിന് 1.19 പൗണ്ടും ഡീസലിന് 1.30 പൗണ്ടുമാണ് ആസ്ഡ ഈടാക്കുന്നത്. ആഗോള വിലയില്‍ കുറവു വരുന്നത് അനുസരിച്ച് ഇന്ധനവില കുറയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തയ്യാറാകുന്നില്ലെന്ന് വിമര്‍ശനം മോട്ടോറിംഗ് ഗ്രൂപ്പുകള്‍ ഉയര്‍ത്തിയിരുന്നു. പെട്രോള്‍ ഹോള്‍സെയില്‍ വില ആഴ്ചകളായി കുറഞ്ഞുകൊണ്ടിരിക്കുയായിരുന്നുവെന്നും അതിന് അനുസൃതമായി വില കുറയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തയ്യാറായില്ലെന്നും ആര്‍എസി ഫ്യുവല്‍ വക്താവ് സൈമണ്‍ വില്യംസ് പറഞ്ഞു. ഇനിയും വിലക്കുറവ് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഉപഭോക്താക്കള്‍ പങ്കുവെക്കുന്നത്. ശരാശരി ഇന്ധന വില ഒക്ടോബര്‍ മധ്യത്തോടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. 1.31 പൗണ്ടായാണ് അന്ന് വില വര്‍ദ്ധിച്ചത്. നിലവില്‍ ശരാശരി വില പെട്രോളിന് 1.27 പൗണ്ടും ഡീസലിന് 1.35 പൗണ്ടുമാണ്. ക്രൂഡ് ഓയില്‍ വില കുറയുന്നതിനാല്‍ ഇന്ധനവിലയില്‍ കാര്യമായ ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ബാരലിന് 60 ഡോളറായി താഴ്ന്നിരുന്നു. 2017 ഒക്ടോബറിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. അമേരിക്കന്‍ ഇന്ധനക്കമ്പനികള്‍ ഉദ്പാദനം വര്‍ദ്ധിപ്പിച്ചതാണ് ഈ വിലക്കുറവിന് കാരണം. വിലയിടിവ് പിടിച്ചു നിര്‍ത്താന്‍ എണ്ണയുദ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് യോഗം അടുത്ത മാസം ചേരുന്ന യോഗത്തില്‍ തീരുമാനം എടുത്തേക്കും. ഉദ്പാദനം കുറയ്ക്കാനായിരിക്കും തീരുമാനം.
എന്‍എച്ച്എസ് ഫണ്ടിനായി ഫ്യുവല്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുമെന്ന സൂചന നല്‍കി ചാന്‍സലര്‍. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഇന്ധന ഡ്യൂട്ടിയില്‍ വര്‍ദ്ധന വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത് വാഹന ഉടമകളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പ്രതിസന്ധിയെ നേരിടുന്ന എന്‍എച്ച്എസിന് സാമ്പത്തിക സഹായം നല്‍കണമെങ്കില്‍ കൂടുതല്‍ പണം കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഈ വര്‍ഷം അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി വര്‍ദ്ധിപ്പിച്ചേക്കുമെന്ന് ഫിലിപ്പ് ഹാമണ്ട് എംപിമാര്‍ക്ക് സൂചന നല്‍കി. ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ച നടപടിയെ പിന്താങ്ങുന്ന ട്രഷറി അനാലിസിസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹാമണ്ട് വ്യക്തമാക്കി. 2011 മുതല്‍ നിലവിലുള്ള ഫ്യുവല്‍ ഡ്യൂട്ടി ഫ്രീസ് ഇനിയും തുടര്‍ന്നാല്‍ 38 ബില്യന്‍ പൗണ്ടിന്റെ റവന്യൂ നഷ്ടമാകുമെന്ന് കണ്‍സര്‍വേറ്റീവ് എംപിമാര്‍ ഇതേക്കുറിച്ച് ഉന്നയിച്ച ആശങ്കകള്‍ക്ക് മറുപടിയായി ഹാമണ്ട് പറഞ്ഞു. ഓരോ വര്‍ഷവും എന്‍എച്ച്എസില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമായി ചെലവഴിക്കുന്ന തുകയുടെ ഇരട്ടിയാണ് ഈ തുകയെന്നും ഹാമണ്ട് പറഞ്ഞു. അതേസമയം ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുന്നത് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് ക്യാംപെയിന്‍ ഗ്രൂപ്പുകള്‍ പറയുന്നു. ഭക്ഷ്യവില വര്‍ദ്ധിക്കുകയും ഗതാഗതച്ചെലവ് ഉയരുകയും ചെയ്യും. ഇത് സമ്പദ് വ്യവസ്ഥയുടെ സമസ്ത മേഖലയെയും ബാധിക്കും. ഇപ്പോള്‍ത്തന്നെ താളം തെറ്റിയിരിക്കുന്ന സാധാരണക്കാരുടെ കുടുംബ ബജറ്റുകള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാനേ ഈ നീക്കം ഉപകരിക്കൂവെന്നും ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഹൗസ്‌ഹോള്‍ഡ് ബജറ്റുകള്‍ക്ക് വന്‍ പ്രഹരമായിരിക്കും ഇത് ഏല്‍പ്പിക്കുകയെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ റോഡ്‌സ് പോളിസി തലവന്‍ ജാക്ക് കൗസന്‍സ് പറഞ്ഞു. രാജ്യത്തേക്ക് എത്തുന്ന ചരക്കുകളില്‍ 75 ശതമാനവും റോഡ് മാര്‍ഗ്ഗമാണ് കൊണ്ടുവരുന്നത്. ഇന്ധന നികുതി വര്‍ദ്ധിച്ചാല്‍ ഗതാഗതത്തിനുള്ള ചെലവ് ഉയരുകയും അത് സാധനങ്ങളുടെ വിലയില്‍ പ്രതിഫലിക്കുകയും ചെയ്യും. വാഹന ഉടമകളെ പണം പിഴിയാനുള്ള മാര്‍ഗ്ഗമായാണ് ഗവണ്‍മെന്റ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുകെയില്‍ ഇന്ധനവിലയിലുണ്ടായത് വന്‍ വര്‍ദ്ധനവ്. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍എസി ഇന്ധന വിലവര്‍ദ്ധന രേഖപ്പെടുത്താന്‍ തുടങ്ങിയ തിനു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ വര്‍ദ്ധനയാണ് മെയ് മാസത്തിലുണ്ടായതെന്നാണ് വിലയിരുത്തല്‍. അണ്‍ലെഡഡ് പെട്രോള്‍ വില 123.43 പെന്‍സില്‍ നിന്ന് 129.41 പെന്‍സ് ആയാണ് ഉയര്‍ന്നത്. ഇതോടെ 55 ലിറ്റര്‍ ടാങ്ക് കപ്പാസിറ്റിയുള്ള സാധാരണ കാറില്‍ പെട്രോള്‍ നിറക്കണമെങ്കില്‍ 71.18 പൗണ്ട് നല്‍കേണ്ടി വരും. ഒരു മാസത്തിനിടയില്‍ ഈയിനത്തിലുണ്ടായ വര്‍ദ്ധന 3.29 പൗണ്ടാണെന്ന് ആര്‍എസി ഫ്യൂവല്‍ വാച്ച് ഡേറ്റ വ്യക്തമാക്കുന്നു. ഡീസലിനുണ്ടായ ശരാശരി വര്‍ദ്ധന 6.12 പെന്‍സാണ്. 126.27 പെന്‍സില്‍ നിന്ന് 132.39 പെന്‍സ് ആയാണ് ഡീസല്‍ വില വര്‍ദ്ധിച്ചിരിക്കുന്നത്. 2000നു ശേഷം രേഖപ്പെടുത്തിയ രണ്ടാമത്തെ വലിയ വിലക്കയറ്റമാണ് ഇത്. മെയ് മാസത്തില്‍ ഒരു ഫാമിലി കാര്‍ പൂര്‍ണ്ണമായും നിറക്കണമെങ്കില്‍ 72.81 പൗണ്ടാണ് ഉപഭോക്താവിന് നല്‍കേണ്ടി വന്നത്. ഏപ്രില്‍ 2ന് ശേഷം മിക്കവാറും എല്ലാ ദിവസങ്ങളിലും ഇന്ധനവില വര്‍ദ്ധിച്ചിട്ടുണ്ട്. 2015 മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വന്നതെന്നും ആര്‍എസി വ്യക്തമാക്കുന്നു. വാഹന ഉടമകള്‍ക്ക് നരകതുല്യമായ മാസമായിരുന്നു മെയ് എന്നാണ് ആര്‍എസി വക്താവ് പറഞ്ഞത്. പൗണ്ട് മൂല്യം കുറഞ്ഞതിനൊപ്പം ഇന്ധന വില വര്‍ദ്ധിക്കുക കൂടി ചെയ്തത് വാഹന ഉടമകളെ കഷ്ടത്തിലാക്കിയെന്നും ആര്‍എസി ഡേറ്റ വ്യക്തമാക്കുന്നു.
പെട്രോള്‍ വില വാരാന്ത്യത്തില്‍ വര്‍ദ്ധിക്കുന്നു. 2 പെന്‍സ് വരെ വിലവര്‍ദ്ധനവുണ്ടാകുമെന്നാണ് വിവരം. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പെട്രോള്‍ വിലയില്‍ വര്‍ദ്ധനവുണ്ടാകുന്നത്. ഒരു മാസത്തിനിടെ ഹോള്‍സെയില്‍ വിലയില്‍ ലിറ്ററിന് 4 പെന്‍സ് വരെ വര്‍ദ്ധിച്ചതിനാല്‍ ഇനിയും 5.5 പെന്‍സിന്റെ വര്‍ദ്ധനവ് കൂടി ഇന്ധനവിലയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മൂന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ധനവിലയില്‍ കഴിഞ്ഞ വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ബാരലിന് 72 പൗണ്ടായിരുന്നു രേഖപ്പെടുത്തിയത്. ടാങ്കുകള്‍ വിലവര്‍ദ്ധനവിനു മുമ്പായി നിറച്ചിടാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ വാഹന ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. അണ്‍ലെഡഡ് പെട്രോളിന് 121 പെന്‍സില്‍ നിന്ന് 123 പെന്‍സ് ആയി വില ഉയരും. ഡീസല്‍ വില 123.61 പെന്‍സില്‍ നിന്ന് 125.61 പെന്‍സ് ആയി വര്‍ദ്ധിക്കും. സിറിയയിലേക്ക് മിസൈലുകള്‍ അയക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയാണ് ഈ വിലക്കയറ്റത്തിന് കാരണം. അമേരിക്കയും റഷ്യയും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷവും യെമനില്‍ നിന്ന് സൗദി ലക്ഷ്യമാക്കി ഹൂതി വിമതര്‍ മിസൈലാക്രമണം നടത്തിയതും എണ്ണവിലയെ സാരമായി ബാധിച്ചു. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉദ്പാദക രാജ്യമായ സൗദിക്കു മേലുണ്ടായ ആക്രമണം എണ്ണവിപണിയില്‍ 9 ശതമാനം വിലക്കയറ്റമാണ് സൃഷ്ടിച്ചത്. 2014 ഡിസംബറിനു ശേഷം ആദ്യമായാണ് ഇത്രയും വര്‍ദ്ധനവുണ്ടാകുന്നത്. മിസൈല്‍ ഭീഷണിയാണ് വിലക്കയറ്റത്തിന് കാരണമായതെങ്കിലും ഊഹക്കച്ചവടക്കാരുടെ പങ്ക് കുറച്ചു കാണാന്‍ കഴിയില്ലെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved