hospital
എന്‍എച്ച്എസിന്റെ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും അമിതച്ചെലവു വരുത്തി എന്ന റെക്കോര്‍ഡ് ഇനി കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ ട്രസ്റ്റിന് സ്വന്തം. 180 മില്യനും 191 മില്യനുമിടക്കാണ് ട്രസ്റ്റ് വാര്‍ഷിക കമ്മിയായി രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി നേരിട്ട ചില തിരിച്ചടികള്‍ മൂലമാണ് 2018-19 വര്‍ഷത്തില്‍ പ്രതീക്ഷിച്ചിരുന്ന 146 മില്യന്‍ പൗണ്ടിന്റെ കമ്മി മറ്റൊരു 45 മില്യനോളം ഉയര്‍ന്നതെന്ന് രേഖകള്‍ തെളിയിക്കുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രൈവറ്റ് ഫിനാന്‍സ് ഇനിഷ്യേറ്റീവ് കോണ്‍ട്രാക്ട്, നഴ്‌സുമാരുടെ കുറവു പരിഹരിക്കാന്‍ ഏജന്‍സി സ്റ്റാഫിന്റെ അമിതമായ ഉപയോഗം, നാലു മണിക്കൂര്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ടാര്‍ജറ്റ് പാലിക്കാത്തതിനാല്‍ ലഭിച്ച പിഴകള്‍ തുടങ്ങിയവ മൂലം ട്രസ്റ്റ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഓര്‍പിംഗ്ടണിലെ പ്രിന്‍സസ് റോയല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഏറ്റെടുത്തതും ട്രസ്റ്റിന്റെ പ്രതിസന്ധി രൂക്ഷമാക്കി. 2010 മുതല്‍ എന്‍എച്ച്എസ് വര്‍ഷം 1 ശതമാനം മാത്രമേ വര്‍ദ്ധിപ്പിക്കൂ എന്ന സര്‍ക്കാര്‍ തീരുമാനം വര്‍ഷങ്ങളോളം ട്രസ്റ്റിനെ അക്ഷരാര്‍ത്ഥത്തില്‍ കഷ്ടത്തിലാക്കി. ഈ സമയത്ത് രോഗികളുടെ എണ്ണത്തില്‍ സാരമായ വര്‍ദ്ധനയുണ്ടായത് മറ്റാശുപത്രികളെയും പ്രതിസന്ധിയിലാക്കിയിരുന്നു. ബജറ്റിനപ്പുറത്തേക്ക് ആശുപത്രിയുടെ ചെലവുകള്‍ വര്‍ന്നത് ട്രസ്റ്റിനെ പ്രത്യേക സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട ട്രസ്റ്റുകളുടെ പട്ടികയില്‍ 2017 ഡിസംബറില്‍ എത്തിക്കുകയും ചെയ്തു. ലീഡര്‍ഷിപ്പ് ടീമില്‍ നിന്ന് മുന്‍ സിവില്‍ സര്‍വീസ് ഹെഡ് ആയിരുന്ന ലോര്‍ഡ് കേഴ്‌സ്ലേക്കിനെപ്പോലെയുള്ളവര്‍ വിട്ടുപോയതും ട്രസ്റ്റിനെ ബുദ്ധിമുട്ടിലാക്കി. 2017-18 വര്‍ഷത്തില്‍ കിംഗ്‌സ് ട്രസ്റ്റ് രേഖപ്പെടുത്തിയ 132 മില്യന്‍ പൗണ്ട് ഡെഫിസിറ്റ് ഇതുവരെയുള്ള റെക്കോര്‍ഡാണ്. 2016-17 വര്‍ഷത്തില്‍ 48.6 മില്യനായിരുന്നു വാര്‍ഷിക കമ്മി. കഴിഞ്ഞ സാമ്പത്തികവര്‍ഷം രേഖപ്പെടുത്തിയ 180 മില്യന്‍ മുതല്‍ 191 മില്യന്‍ വരെയുള്ള ഡെഫിസിറ്റ് ട്രസ്റ്റ് നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു.
ആശുപത്രികളിലെ പാര്‍ക്കിംഗ് ചാര്‍ജുകളെച്ചൊല്ലിയുള്ള പരാതികള്‍ തുടരുന്നതിനിടെ നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള പാര്‍ക്കിംഗ് ചാര്‍ജുകള്‍ പൂര്‍ണ്ണമായും ഇളവു ചെയ്ത് എന്‍എച്ച്എസ് ആശുപത്രി. എസെക്‌സിലെ കോള്‍ചെസ്റ്റര്‍ ജനറലിലാണ് ജീവനക്കാരുടെ പാര്‍ക്കിംഗ് ചാര്‍ജുകളില്‍ ഇളവു വരുത്തിയത്. മൂന്നു മാസത്തേക്കാണ് ഇത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലാവധിക്കു ശേഷം 1.50 പൗണ്ട് നിരക്കില്‍ ഒരു ദിവസത്തെ പാര്‍ക്കിംഗിന് സൗകര്യമൊരുക്കും. ഇപ്പോള്‍ വാങ്ങുന്നതിന്റെ പകുതി നിരക്കാണ് ഇത്. ആശുപത്രി പാര്‍ക്കിംഗിനായി എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഈടാക്കുന്നത് വലിയ നിരക്കാണെന്ന പരാതി നാളുകളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്. ഇംഗ്ലണ്ടിലെ 10 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ പാര്‍ക്കിംഗ് ഫീസ് ഇനത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം ഈടാക്കിയത് 200 മില്യന്‍ പൗണ്ട് വരും. പാര്‍ക്കിംഗ് ഫീസ് എടുത്തു കളയണമെന്ന ആവശ്യവും ശക്തമാണ്. കോള്‍ചെസ്റ്ററിലെ പാര്‍ക്ക് ആന്‍ഡ് റൈഡ് ബസ് രാത്രി 9 മണി വരെയാണ്. ശനിയാഴ്ചകളില്‍ ഇത് 7 മണിക്ക് അവസാനിക്കും. ഞായറാഴ്ചകളില്‍ ഈ ഇളവ് അനുവദിക്കുന്നില്ല. മൂന്നു മാസത്തേക്ക് ആശുപത്രി ജീവനക്കാര്‍ക്ക് ഇളവ് അനുവദിക്കാനുള്ള നീക്കം പബ്ലിക് സെക്ടര്‍ യൂണിയനായ യൂണിസണ്‍ സ്വാഗതം ചെയ്തു. ഈ ഇളവ് ദീര്‍ഘിപ്പിക്കണമെന്നാണ് യൂണിസണ്‍ ആവശ്യപ്പെടുന്നത്. സാധ്യമാകുമെങ്കില്‍ രോഗികളുടെയും ജീവനക്കാരുടെയും പാര്‍ക്കിംഗം പൂര്‍ണ്ണമായും സൗജന്യമാക്കാന്‍ ഹോസ്പിറ്റല്‍ അധികൃതര്‍ ശ്രമിക്കണമെന്ന് യൂണിസണ്‍ ഹെല്‍ത്ത് വിഭാഗം മേധാവി സാറ ഗോര്‍ട്ടന്‍ പറഞ്ഞു. പാര്‍ക്ക് ആന്‍ഡ് റൈഡ് സ്‌കീമുകള്‍ ഉപകാരപ്രദമാണ്. എന്നാല്‍ വീക്കെന്‍ഡില്‍ ജോലി ചെയ്യുന്നവരെയും പുലര്‍ച്ചെയും മറ്റും ജോലി അവസാനിപ്പിക്കുന്നവരെയും പരിഗണിക്കമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈസ്റ്റ് സഫോള്‍ക്ക് ആന്‍ഡ് നോര്‍ത്ത് എസെക്‌സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഓണ്‍സൈറ്റ് പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ വളരെ കുറച്ചു മാത്രം അനുവദിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് ഇളവ് അനുവദിക്കാന്‍ ട്രസ്റ്റ് തീരുമാനിച്ചത്. 3000 ജീവനക്കാര്‍ക്കു വേണ്ടി 1000 പെര്‍മിറ്റുകള്‍ മാത്രമേ നല്‍കാനാകൂ എന്നാണ് ട്രസ്റ്റ് ആദ്യം നിലപാടെടുത്തത്. പാര്‍ക്ക് ആന്‍ഡ് റൈഡ് ഡിസ്‌കൗണ്ട് നല്‍കുന്നതിനായി പെര്‍മിറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നും അറിയിച്ചിരുന്നു.
സര്‍ജന്‍മാര്‍ തമ്മിലുള്ള തീരാപ്പക മൂലം ലണ്ടനിലെ സെന്റ് ജോര്‍ജ്‌സ് ആശുപത്രിയിലെ ഹാര്‍ട്ട് യൂണിറ്റില്‍ മരണങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ മൈക്ക് ബെവിക്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരമുള്ളത്. ഡോക്ടര്‍മാര്‍ തമ്മിലുള്ള ശത്രുത രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സൗത്ത് ലണ്ടനിലുള്ള ഈ ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി മരണ നിരക്ക് 3.7 ശതമാനമാണ്. ദേശീയ ശരാശരിയായ 2 ശതമാനത്തിനു മേല്‍ മരണ നിരക്ക് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ റിവ്യൂ നടത്തിയത്. രഹസ്യ റിപ്പോര്‍ട്ട് ചോരുകയായിരുന്നു. ആശുപത്രിയില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ പ്രാചീന ഗോത്ര വിഭാഗങ്ങള്‍ പുലര്‍ത്തുന്നതിനു സമാനമായ ശത്രുതയാണ് പുലര്‍ത്തുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ആഭ്യന്തര വിലയിരുത്തല്‍ ശരിയായ വിധത്തിലല്ല നടന്നത്. പ്രൊഫസര്‍ ബെവിക്കിന്റെ റിവ്യൂവില്‍ വിചിത്രമായ ചില കണ്ടെത്തലുകളും ഉണ്ട്. ചിലര്‍ക്ക് ആശുപത്രിയില്‍ ഒരു ദുരൂഹമായ അന്തരീക്ഷം അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ തമ്മിലുള്ള ശത്രുതയ്ക്ക് ചില ഇരുണ്ട ശക്തികളുടെ പ്രഭാവമാണെന്നും റിവ്യൂവില്‍ പറയുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനത്തിലുണ്ടായിരിക്കുന്ന പരാജയത്തിന് മുഴുവന്‍ ജീവനക്കാരും ഉത്തരവാദികളാണ്. പ്രൊഫഷണല്‍ ബന്ധങ്ങള്‍ വളര്‍ത്തുന്നതിലും സര്‍ജിക്കല്‍ മൊറാലിറ്റി കാത്തുസൂക്ഷിക്കുന്നതിലും ഇവര്‍ പരാജയപ്പെട്ടെന്നും റിവ്യൂ വ്യക്തമാക്കുന്നു. സര്‍ജിക്കല്‍ ടീം ആന്തരികമായും ബാഹ്യമായും പ്രവര്‍ത്തന രഹിതമായെന്ന് കാണേണ്ടി വരുമെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. മരണനിരക്ക് ഉയരാന്‍ കാരണമായത് ജീവനക്കാരുടെ ശത്രുതാ മനോഭാവമാണ്. ശക്തമായ നേതൃത്വത്തെയും പുതിയ ജീവനക്കാരെയും ഇവിടെ നിയോഗിക്കേണ്ടി വരുമെന്നും ബെവിക്ക് വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ എല്ലാ കാര്‍ഡിയാക് സര്‍ജന്‍മാരെയും സിംഗിള്‍ സ്‌പെഷ്യാലിറ്റി പ്രാക്ടീസിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.
എന്‍എച്ച്എസ് ആശുപത്രികളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ബെഡ് ക്ഷാമത്തിന്റെ രൂക്ഷമുഖം വെളിപ്പെടുത്തുകയാണ് എസെക്‌സിലെ ബാസില്‍ഡന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലുണ്ടായ സംഭവം. ഗുരുതരാവസ്ഥയില്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയില്‍ എത്തിച്ച സോഫി ബ്രൗണ്‍ എന്ന സ്ത്രീക്ക് നിലത്ത് കിടത്തിയാണ് ചികിത്സ നല്‍കിയത്. കടുത്ത വേദനയുമായി എത്തിയ ഇവര്‍ക്ക് ഒരു ബെഡ് ലഭിക്കുന്നതിനായി അഞ്ചര മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. ഇവര്‍ ബോധരഹിതയായി വീഴുമെന്ന ഭീതിയില്‍ നിലത്ത് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ തന്റെ ഹൃദയമിടിപ്പ് ഉയര്‍ന്ന നിലയിലായിരുന്നു. സാധാരണ നിലയിലെത്താന്‍ അര മണിക്കൂറിനു മേല്‍ വേണ്ടി വരുമെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. അതിനു മേല്‍ താന്‍ ജീവിച്ചിരിക്കില്ലെന്നാണ് കരുതിയതെന്ന് സോഫി പറയുന്നു. എക്‌സ് റേ എടുക്കുന്നതിനായി കൊണ്ടുപോയ തന്നോട് പിന്നീട് ക്ലിനിക്കല്‍ ഡിസിഷന്‍ യൂണിറ്റില്‍ ഇരിക്കാന്‍ നിര്‍ദേശിച്ചു. അവിടെ ഒരു കസേരയില്‍ തനിക്ക് മണിക്കൂറുകളോളം ഇരിക്കേണ്ടതായി വന്നു. തല കറങ്ങുന്നതു പോലെ തനിക്ക് തോന്നി. ബാഗില്‍ നിന്ന് ഒരു ബ്ലാങ്കറ്റ് വലിച്ചെടുത്ത് താന്‍ അതുമായി തറയിലേക്ക് വീഴുകയായിരുന്നു. ഇതോടെ ഓടിയെത്തിയ നഴ്‌സുമാര്‍ വെയിറ്റിംഗ് റൂമില്‍ത്തന്നെ ബ്ലഡ് പ്രഷര്‍ മോണിറ്റര്‍ എത്തിക്കുകയും രക്തപരിശോധന നടത്തുകയും ചെയ്തു. നെഞ്ചു വേദനയും കാലുകളില്‍ നീര്‍വീക്കവുമായി ജിപിയെ കാണാനെത്തിയ ഇവരെ എ ആന്‍ഡ് ഇയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
456 രോഗികള്‍ മരിച്ചത് വേദനാ സംഹാരികള്‍ അനാവശ്യമായി നല്‍കിയതു കാരണമാണെന്ന് റിപ്പോര്‍ട്ട്. ഹാംപ്ഷയറിലെ ഗോസ്‌പോര്‍ട്ട് വാര്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പ്രതിക്കൂട്ടില്‍. വൈദ്യശാസ്ത്രപരമായി ഒരു ന്യായീകരണവുമില്ലാതെയാണ് ശക്തമായ ഓപ്പിയോയ്ഡുകള്‍ രോഗികള്‍ക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത് അപകടകരമാണെന്ന് നഴ്‌സുമാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അവഗണിക്കപ്പെടുകയായിരുന്നുവെന്ന് മുന്‍ ലിവര്‍പൂള്‍ ബിഷപ്പ് ജെയിംസ് ജോണ്‍സിന്റെ നേതൃത്തിലുള്ള സ്വതന്ത്ര പാനല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ വേദനാ സംഹാരികള്‍ നല്‍കുന്നത് ആശുപത്രി ശീലമാക്കിയിരിക്കുകയായിരുന്നുവെന്നും 200 പേര്‍ അങ്ങനെ മാത്രം മരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. മനുഷ്യജീവനെ ലാഘവത്തോടെ കാണുന്ന സമീപനമാണ് ആശുപത്രി അധികൃതര്‍ സ്വീകരിക്കുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പോലീസ്, രാഷ്ട്രീയനേതൃത്വം, ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ്, ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ തുടങ്ങിയ സര്‍വീസുകള്‍ ഇതിനെ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഭാവി ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുക എന്നത് മാത്രമാണ് ഈ റിപ്പോര്‍ട്ട കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബിഷപ്പ് ജോണ്‍സ് പറഞ്ഞു. എന്നാല്‍ തങ്ങളുടെ ജോലി ഇതുകൊണ്ട് അവസാനിക്കുന്നില്ല. ഹെല്‍ത്ത് സെക്രട്ടറി, ഹോം സെക്രട്ടറി, അറ്റോര്‍ണി ജനറല്, ഹാംപ്ഷയര്‍ ചീഫ് കോണ്‍സ്റ്റബിള്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved