Indian Defence
ഇന്ത്യന്‍ സായുധ സേനയ്ക്ക് പ്രതിരോധ ബജറ്റില്‍ അനുവദിച്ച തുക സേന ആവശ്യപ്പെട്ടതിലും 1.21 ലക്ഷം കോടി രൂപ കുറവ്. പ്രതിരോധ സഹമന്ത്രിയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. കര, നാവിക, വ്യോമ സേനാംഗങ്ങള്‍ക്കെല്ലാം കൂടി അനുവദിച്ചിരിക്കുന്ന ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. പുതിയ ആയുധങ്ങളും യുദ്ധവിമാനങ്ങളും കപ്പലുകളും ഇതര സൈനിക ഉപകരണങ്ങളും വാങ്ങുന്നതിനായി മൂന്ന് സൈനിക വിഭാഗങ്ങളും ആവശ്യപ്പെട്ടിരുന്ന തുകയേക്കാളും 76,765 കോടി രൂപ കുറവാണ് 2018-19 വാര്‍ഷിക പ്രതിരോധ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. മൂന്ന് സേനാ വിഭാഗങ്ങളും ചേര്‍ന്ന് പ്രവര്‍ത്തന മൂലധനമായി ആവശ്യപ്പെട്ടിരുന്നത് 1.60 ലക്ഷം കോടി രൂപയായിരുന്നു എന്നാല്‍ പ്രതിരോധ വകുപ്പ് ഇത് വെട്ടിക്കുറച്ച് 83,434 കോടി രൂപയാക്കി. ഉദ്യോഗസ്ഥരുടെ ശമ്പളം, ഉപകരണങ്ങളുടെ പരിപാലനം തുടങ്ങിയവയ്ക്ക് ആവശ്യമായ തുക, ഇതര ചെലവുകള്‍ എന്നിവക്കായി മൂന്ന് സൈനിക വിഭാഗങ്ങളും ആവശ്യപ്പെട്ട തുകയില്‍ നിന്ന് ഏതാണ്ട് 35,371 കോടി രൂപ കുറവാണ് അനുവദിക്കപ്പെട്ടത്. ആകെ ബജറ്റില്‍ വകയിരുത്തിയ തുകയുടെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ ആവശ്യപ്പെട്ടതിലും 1.21 ലക്ഷം കോടി രൂപ കുറവാണ് നല്‍കിയിരിക്കുന്നതെന്ന് കാണാം. ചൈനയും പാകിസ്ഥാനുമായിട്ടുള്ള അതിര്‍ത്തി തര്‍ക്കം മുറുകുന്ന സാഹചര്യത്തില്‍ സൈന്യത്തിന് കൂടുതല്‍ തുക അനുവദിക്കാത്തതില്‍ മൂന്ന് സൈനികവിഭാഗങ്ങളുടെ മേധാവികളും അസംതൃപ്തരാണ്. അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫണ്ടില്‍ വരുത്തിയ ഗണ്യമായ കുറവ് വിവിധ സുരക്ഷാ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ സൈന്യത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കരസേനാ ഉപമേധാവി ലെഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ് പാര്‍ലമെന്ററി പാനലിനെ അറിയിച്ചു. ചൈനയും പാകിസ്ഥാനും തങ്ങളുടെ സൈന്യത്തെ ആധുനികവല്‍ക്കരിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ ഇന്ത്യന്‍ സൈന്യം അടിയന്തര സാഹചര്യങ്ങളില്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ ബുദ്ധിമുട്ടുകയാമെന്നും അദ്ദേഹം പറയുന്നു. സൈന്യം ഉപയോഗിക്കുന്ന 68 ശതമാനം ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പഴഞ്ചനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരസേന പ്രവര്‍ത്തന മൂലധനമായി ആവശ്യപ്പെട്ടതിലും 17,756 കോടി രൂപ കുറവാണ് അനുവദിച്ചത്. മറ്റു വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷിച്ചിരുന്ന തുകയിലും 24,755 കോടി കുറവാണ് അനുവദിച്ചിരിക്കുന്നത്. നാവികസേനയുടെ കാര്യവും സമാനമാണ്. പ്രവര്‍ത്തന മൂലധനത്തില്‍ 37,932 കോടി കുറവാണ് അനുവദിക്കപ്പെട്ടത്. വ്യോമസേനക്ക് ലഭിച്ച തുകയിലും ആവശ്യപ്പെട്ടതിനേക്കാള്‍ 41,924 കോടി രൂപയുടെ കുറവുണ്ട്.
ന്യൂഡല്‍ഹി: മൂന്ന് സേനാവിഭാഗങ്ങളെയും ഒരു കമാന്‍ഡിന് കീഴിലാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് കേന്ദ്രപ്രതിരോധ മന്ത്രാലയം. സൈനിക കമാന്‍ഡ് നിയമത്തില്‍ ഭേദഗതി വരുത്തി മൂന്ന് കമാന്‍ഡിനേയും ഒന്നിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നിലവില്‍ ഓരോ സൈനിക വിഭാഗത്തിനും വ്യത്യസ്ത ചട്ടങ്ങളാണ് ഉള്ളത്. ഈ ചട്ടങ്ങളാണ് സൈനിക വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. എന്നാല്‍ പുതിയ കമാന്‍ഡ് നിലവില്‍ വരുന്നതോടെ ഈ നിയമത്തില്‍ മാറ്റം വരും. മുന്ന് സേനാംഗങ്ങള്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാനും സൈനിക നടപടികളില്‍ പങ്കെടുക്കാനും സാധിക്കുന്ന തരത്തിലാവും പുതിയ ഭേദഗതി. ഇത്തരത്തില്‍ ഒരേ നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത സൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെട്ട മൂന്ന് കമാന്‍ഡുകളാണ് വരാന്‍ പോകുന്നത്. ഇവ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡുകളെന്നാണ് അറിയപ്പെടുന്നത്. ഇത്തരം സൈനിക കമാന്‍ഡുകള്‍ നിരവധി രാജ്യങ്ങളില്‍ ഇപ്പോള്‍ നിലവിലുണ്ട്. അയല്‍രാജ്യമായ ചൈനയ്ക്ക് അഞ്ച് ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡുകളാണ് ഉള്ളത്. 2001 മുതല്‍ ആന്‍ഡമാനില്‍ ഇത്തരമൊരു സൈനിക സംവിധാനം നിലനില്‍ക്കുന്നുണ്ടെങ്കിലും സൈനിക വിഭാഗങ്ങളുടെ വ്യത്യസ്ത നിയമങ്ങള്‍ കമാന്റിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. പുതിയ ഭേദഗതി ഈ പ്രശ്‌നം പരിഹരിക്കുമെന്നാണ് കരുതുന്നത്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നാകും കമാന്‍ഡിന്റെ തലവന്‍ അറിയപ്പെടുക. ഇനി മുതല്‍ സൈനികരുടെ പരിശീലനം, സേനാ കേന്ദ്രങ്ങളുടെയും താവളങ്ങളുടെയും പൂര്‍ണ നിയന്ത്രണം, സൈനിക നടപടികളുടെ ആസൂത്രണം, അവയുടെ നടത്തിപ്പ് എന്നിവ തീയറ്റര്‍ കമാന്‍ഡിന് കീഴിലാകും.
RECENT POSTS
Copyright © . All rights reserved