Jeremy Hunt
ജെറമി ഹണ്ടിനു കീഴില്‍ ചില സുപ്രധാന മേഖലകളില്‍ എന്‍എച്ച്എസ് പിന്നോട്ടു പോയെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ആറു വര്‍ഷം ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തിരുന്ന ഹണ്ടിനു കീഴില്‍ ജീവനക്കാരും അതൃപ്തരായിരുന്നുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തങ്ങളുടെ ശബ്ദത്തിനു പ്രാധാന്യം നല്‍കിയതില്‍ ഹണ്ടിന് നന്ദി പറയുകയാണ് ചില പേഷ്യന്റ് ഗ്രൂപ്പുകള്‍. ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തു നിന്ന് ഫോറിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മാറിയ ഹണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും പ്രവഹിക്കുകയാണ്. താന്‍ ഒരു കര്‍ക്കശക്കാരനാണെന്നാണ് ചില ജീവനക്കാര്‍ കരുതുന്നതെന്ന് വിടവാങ്ങല്‍ സന്ദേശത്തില്‍ ഹണ്ട് പറഞ്ഞു. വീക്കെന്‍ഡുകളിലെ ഓവര്‍ടൈമിന് ഡോക്ടര്‍മാര്‍ക്ക് നല്‍കി വന്നിരുന്ന വേതനം വെട്ടിക്കുറച്ചതും ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് വൈകുന്നേരങ്ങളില്‍ ഡ്യൂട്ടി നല്‍കിയതുമൊക്കെ ഹണ്ടിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായിരുന്നു. ഇതിനെതിരെ നടന്ന സമരങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന റേച്ചല്‍ ക്ലാര്‍ക്ക് എന്ന പാലിയേറ്റീവ് കെയര്‍ ഡോക്ടര്‍ രൂക്ഷമായ ഭാഷയിലാണ് ഹണ്ടിനെ വിമര്‍ശിക്കുന്നത്. മറക്കാനാവാത്തതും നാണംകെട്ടതുമായ സമ്പ്രദായങ്ങളാണ് ഹണ്ട് നടപ്പിലാക്കിയതെന്ന് ഇവര്‍ പറയുന്നു. 7000 ബെഡുകള്‍ വെട്ടിക്കുറച്ചു. വിന്റര്‍ ക്രൈസിസ് മനുഷ്യാവകാശ പ്രതിസന്ധി പോലും സൃഷ്ടിച്ചു. ആശുപത്രി ഇടനാഴികളില്‍ അകാല മരണങ്ങള്‍ വര്‍ദ്ധിച്ചുവെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ രോഗീ സുരക്ഷയില്‍ ഹണ്ട് ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്‍എച്ച്എസ് ചികിത്സാപ്പിഴവുകള്‍ മൂലം രോഗികള്‍ മരിച്ച അവസരങ്ങളില്‍ ബന്ധുക്കള്‍ പറയുന്നത് കേള്‍ക്കാനും അത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഹണ്ട് ശ്രദ്ധിച്ചിരുന്നുവെന്നുമാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
ഐടി തകരാര്‍ മൂലം നാലര ലക്ഷത്തോളം സ്ത്രീകള്‍ക്ക് എന്‍എച്ച്എസിന്റെ ബ്രെസ്റ്റ് ക്യാന്‍സര്‍ സ്‌ക്രീനിംഗിനെക്കുറിച്ചുള്ള വിവരം നല്‍കാന്‍ സാധിച്ചില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. രോഗം തിരിച്ചറിയപ്പെടാതെ നൂറുകണക്കിനു പേര്‍ ഇതുമൂലം മരിക്കാനിടയുണ്ടെന്നും ഹണ്ട് പറഞ്ഞു. നാലര ലക്ഷത്തോളം സ്ത്രീകള്‍ക്ക് ചെക്കപ്പ് സംബന്ധിച്ചുള്ള ഇന്‍വിറ്റേഷന്‍ അയക്കാന്‍ സാധിച്ചില്ലെന്നാണ് ഹണ്ട് കുറ്റസമ്മതം നടത്തിയത്. ഇക്കാര്യത്തില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പിഴവു മൂലം 270 പേരെങ്കിലും അകാലത്തില്‍ മരിക്കാനിടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിലും കൂടുതല്‍ സത്രീകളില്‍ രോഗം കണ്ടെത്തപ്പെടാതെ പോയിട്ടുണ്ടെന്നാണ് ഹെല്‍ത്ത് മിനിസ്ട്രിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത ഘട്ടത്തിലായിരിക്കും മിക്കപ്പോഴും രോഗനിര്‍ണ്ണയം സാധ്യമാകുന്നത്. ഇതു മൂലം കൂടുതല്‍ കാലം ജീവിച്ചിരിക്കേണ്ട പലരും അകാല മരണത്തിന് കീഴടങ്ങുകയാണ്. ഭീതിദമായ പിഴവ് എന്ന് ചാരിറ്റികള്‍ വിശേഷിപ്പിക്കുന്ന ഈ വീഴ്ചയില്‍ സ്വതന്ത്രാന്വേഷണം നടത്തുമെന്ന് ഗവണ്‍മെന്റ് അറിയിച്ചു. വിവരമറിയാതെ പോയവരില്‍ ആര്‍ക്കെങ്കിലും നഷ്ടപരിഹാരത്തിന് യോഗ്യതയുള്ളവരുണ്ടോ എന്ന കാര്യവും അന്വേഷിക്കും. 2009ലുണ്ടായ പിഴവ് ഇപ്പോള്‍ മാത്രമാണ് തിരിച്ചറിയാനായത്. ഇക്കാലയളവില്‍ പലര്‍ക്കും രോഗം തിരിച്ചറിയാനുള്ള അവസാന സാധ്യതയാണ് ഇല്ലാതായത്. 135 മുതല്‍ 270 വരെ സ്ത്രീകള്‍ക്ക് ഈ ഐടി തകരാര്‍ മൂലം ജീവിതദൈര്‍ഘ്യം കുറഞ്ഞിട്ടുണ്ടെന്ന് പ്രസ്താവനയില്‍ ഹണ്ട് വ്യക്തമാക്കി. ഓരോ മൂന്ന് വര്‍ഷത്തിലും 50നും 70നുമിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ എന്‍എച്ച്എസ് ബ്രെസ്റ്റ് ക്യാന്‍സര്‍ സ്‌ക്രീനിംഗ് നടത്തി വരുന്നുണ്ട്. ഇപ്പോള്‍ 68നും 71നുമിടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് ഈ പിഴവ് ബാധിച്ചിരിക്കാനിടയുള്ളതെന്നും വിശദീകരിക്കപ്പെടുന്നു.
എന്‍എച്ച്എസ് പ്രതിസന്ധി മറികടക്കാന്‍ പരിഹാരം തേടി ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. സമീപകാലത്ത് ഫണ്ടിംഗുമായി ബന്ധപ്പെട്ട് രൂക്ഷമായ പ്രതിസന്ധിയാണ് രാജ്യത്തെ പൊതുജനാരോഗ്യ മേഖല നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രതിസന്ധി യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിച്ചില്ലെങ്കില്‍ രോഗികളുടെയും സോഷ്യല്‍ കെയര്‍ ആവശ്യമുള്ള അനേകായിരം വയോധികരുടെയും ആരോഗ്യപരിപാലനം അവതാളത്തിലാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ എന്‍എച്ച്എസ് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്ന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാന്‍ എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് വരണമെന്ന് ജെറമി ഹണ്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്‍എച്ച്എസിന് ഫണ്ട് ചെയ്യാന്‍ സഹായിക്കുന്ന, ദീര്‍ഘകാലം നിലനില്‍ക്കാന്‍ പ്രാപ്തിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. വിഷയത്തില്‍ പരിഹാരം കണ്ടെത്തുന്നതിനായി പുതിയ നികുതി സംവിധാനം ഏര്‍പ്പെടുത്താവുന്നതാണെന്ന് സര്‍വകക്ഷി എംപിമാരുടെ ഗ്രൂപ്പ് അഭിപ്രായപ്പെട്ടു. നികുതി ഏര്‍പ്പെടുത്തുന്നത് പൊതുആരോഗ്യ മേഖലയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയേക്കുമെന്ന് ഹണ്ട് കരുതുന്നുണ്ട്. എന്‍എച്ച്എസ് നേരിടുന്ന പ്രതിസന്ധികള്‍ ചൂണ്ടിക്കാണിച്ച് ഹെല്‍ത്ത് സെക്രട്ടറി കണ്‍സര്‍വേറ്റീവ് എംപിമാര്‍ക്ക് കത്തയച്ചതായി ടോറി എംപി നിക്ക് ബോള്‍സ് പറഞ്ഞു. ഇനി എന്തു ചെയ്യണം എന്നതിനെക്കുറിച്ച് എംപിമാരുമായി ചര്‍ച്ച ചെയ്യാന്‍ സെക്രട്ടറി ആഗ്രഹം പ്രകടിപ്പിച്ചതായും നിക്ക് ബോള്‍സ് വ്യക്തമാക്കി. പുതിയ പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തേണ്ടതാണെന്നും ഹെല്‍ത്ത്‌കെയറിനും സോഷ്യല്‍കെയറിനും ഒരുപോലെ ഗുണം ചെയ്യുന്നതായിരിക്കണം പദ്ധതിയെന്നും ബോള്‍സ് പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സമയം ഹെല്‍ത്ത് സെക്രട്ടറിയായിരുന്നവരുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ജെറമി ഹണ്ട്. ചരിത്രത്തില്‍ അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തുന്നതാണ്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരത്തിനാണ് ഹണ്ട് ശ്രമിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയുന്നുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ ട്രഷറിക്ക് സമാന അഭിപ്രായമാണെന്ന് കരുതുന്നില്ലെന്നും നിക്ക് ബോള്‍സ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യകതമാക്കി. കഴിഞ്ഞ വിന്ററില്‍ എന്‍എച്ച്എസ് പ്രതിസന്ധി രൂക്ഷമായതായി ഹെല്‍ത്ത് സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മാര്‍ച്ചില്‍ തെരേസ മേയ് പുതിയ സാമ്പത്തിക പദ്ധതി കൊണ്ടുവരികയും ചെയ്തിരുന്നു. ഈ വര്‍ഷം തന്നെ ഫണ്ടിംഗ് സംവിധാനം കൊണ്ടുവരാനാണ് മേയ് സര്‍ക്കാരിന്റെ തീരുമാനം.
പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ വന്‍കിട ഇന്റര്‍നെറ്റ് കമ്പനികള്‍ കണ്ണടക്കുകയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. വൈകാരികമായ പാര്‍ശ്വഫലങ്ങള്‍ ഏറെയുള്ള സോഷ്യല്‍ മീഡിയ ഉപയോഗം പ്രായപൂര്‍ത്തിയാകാത്തവരില്‍ വര്‍ദ്ധിച്ചു വരികയാണെന്ന് ഹണ്ട് പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ വമ്പന്‍മാര്‍ക്ക് ഹണ്ട് കത്തെഴുതി. പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം, സൈബര്‍ ബുള്ളിയിംഗ് പ്രതിരോധം, ആരോഗ്യകരമായ സ്‌ക്രീന്‍ ടൈം എങ്ങനെ പ്രാവര്‍ത്തികമാക്കാം, ഇവ കൂടാതെ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരാനാകും തുടങ്ങിയ കാര്യങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ വിശദമാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. പ്രായപരിധി ലംഘനത്തിന് പ്രത്യക്ഷമായ മൗനാനുവാദം നല്‍കുന്ന ഇന്റര്‍നെറ്റ് ഭീമന്‍മാര്‍ക്ക് വിലങ്ങിടാന്‍ നിയമനിര്‍മാണത്തിന് മന്ത്രിമാര്‍ ആലോചിക്കുന്നുണ്ടെന്നാണ് സൂചന. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം തടയാന്‍ കഴിയാത്തത് നിരുത്തരവാദപരവും അംഗീകരിക്കാനാകാത്തതുമാണെന്ന് ഹണ്ട് പറഞ്ഞു. പ്രായം സ്ഥിരീകരിക്കാനുള്ള സംവിധാനങ്ങള്‍ ഒട്ടും കാര്യക്ഷമമല്ലെന്നും മിനിമം പ്രായപരിധി ലംഘിക്കുന്ന കാര്യം കമ്പനികള്‍ക്ക് താല്‍പര്യമുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നതെന്നും കത്തില്‍ ഹണ്ട് ആരോപിക്കുന്നു. കുട്ടികളെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുവദിക്കുന്ന മാതാപിതാക്കളോട് കാട്ടുന്ന വിശ്വാസരാഹിത്യമാണ് ഇതെന്നും ഹണ്ട് പറഞ്ഞു. മാതാപിതാക്കളെ കുറ്റക്കാരാക്കുന്ന ഈ പ്രവണതയിലേക്ക് നയിക്കുന്ന സോഷ്യല്‍ മീഡിയ വമ്പന്‍മാരുടെ രീതികള്‍ നിരുത്തരവാദപരവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള താല്‍പര്യം കമ്പനികള്‍ക്കുണ്ടോ എന്ന ചോദ്യവും ഹണ്ട് ഉന്നയിക്കുന്നു. കുട്ടികള്‍ക്കു വേണ്ടിയുള്ള പതിപ്പ് അവതരിപ്പിച്ച ഫേസ്ബുക്കിനെ കഴിഞ്ഞ ഡിസംബറില്‍ ഹണ്ട് വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ അടുത്ത മെയ് മാസത്തിനുള്ളില്‍ നിയമനിര്‍മാണത്തിന് ശ്രമിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.
ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടന്റെ പൊതു ആരോഗ്യ രംഗം രൂക്ഷമായ പ്രതിസന്ധി നേരിടുകയാണെന്ന് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. രോഗികളുടെ സുരക്ഷ ഭീഷണിയിലാണെന്ന് 80 ശതമാനത്തോളം വരുന്ന എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. പുതിയ മുന്നറിയിപ്പ് സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്‍എച്ച്എസ് ഫണ്ടുകള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമോന്നും എടുത്തിട്ടില്ല. ജീവനക്കാരുടെ ദൗര്‍ലഭ്യവും, നിലവിലുള്ള ജീവനക്കാരുടെ മേല്‍ വര്‍ദ്ധിച്ചു വരുന്ന അധിക ജോലിഭാരവും, ആവശ്യമായ ഫണ്ടുകള്‍ അനുവദിക്കാത്തതും എന്‍എച്ച്എസിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് ഡോക്ടര്‍മാരുടെ നേതാക്കള്‍ ചൂണ്ടികാണിക്കുന്നു. ആത്മവീര്യം നഷ്ടപ്പെട്ട തൊഴിലാളികളുള്ള ഇടമായി എന്‍എച്ച്എസ് മാറികഴിഞ്ഞുവെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നതെന്ന് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ദ്ധിച്ചു വരുന്ന ജോലി ഭാരത്തിന് അനുശ്രുതമായി ജോലി ചെയ്യാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കഴിയുന്നില്ലെന്നും ഞങ്ങള്‍ റോബോട്ടുകളല്ലെന്നും ഡോക്ടര്‍മാര്‍ പ്രതികരിക്കുന്നു. തണുപ്പ് കാലത്ത് ഉള്‍പ്പടെ കടുത്ത ജോലിഭാരം കൊണ്ട് ഡോക്ടര്‍മാര്‍ ദുരിതം അനുഭവിച്ചുവെന്നത് തികച്ചും ആശങ്കയുളവാക്കുന്ന വാര്‍ത്തയാണെന്ന് ആര്‍സിപി പ്രസിഡന്റ് പ്രൊഫസര്‍ ജെയിന്‍ ഡാക്കര്‍ പറഞ്ഞു. കഴിഞ്ഞ കാലങ്ങളെക്കാളും എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ നടന്നിരുന്നു. പുതിയ സാഹചര്യങ്ങള്‍ വളര്‍ത്തിയെടുക്കാനും ശ്രമങ്ങള്‍ ഉണ്ടായി. നിലവിലുള്ള സാഹചര്യങ്ങളുമായി നമുക്ക് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. മുന്നോട്ടുള്ള പോക്കില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രശ്‌നങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്‍എച്ച്എസ് സംവിധാനങ്ങള്‍ തകര്‍ച്ചയിലാകുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. എന്‍എച്ച്എസ് വളരെയധികം തിരക്കു പിടിച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത് എന്നു മനസ്സിലാക്കിയാണ് ഈ വര്‍ഷം വിന്ററില്‍ 437 മില്ല്യണ്‍ പൗണ്ടിന്റെ അധിക തുക അനുവദിച്ചത്. ഇത് കൂടാതെ കഴിഞ്ഞ ബജറ്റില്‍ അതീവ പ്രധ്യാന്യം നല്‍കി അടുത്ത രണ്ട് വര്‍ഷത്തെ എന്‍എച്ച്എസ് പ്രവര്‍ത്തന ഫണ്ടിലേക്ക് 2.8ബില്ല്യണ്‍ അധിക തുക നീക്കിയിരിപ്പും നടത്തിയതായി ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ വക്താവ് പറഞ്ഞു.
RECENT POSTS
Copyright © . All rights reserved