petrol
സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇന്ധന വിലയില്‍ കുറവു വരുത്തി. ഹോള്‍സെയില്‍ വിലയില്‍ കുറവ് വന്നതോടെയാണ് റീട്ടെയില്‍ വില കുറയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നിര്‍ബന്ധിതരായത്. ആസ്ഡയാണ് ആദ്യം വിലക്കുറവ് പ്രഖ്യാപിച്ചത്. പെട്രോളിന് 1 പെന്‍സും ഡീസലിന് രണ്ടു പെന്‍സുമാണ് ആഡ്‌സ കുറച്ചത്. പിന്നാലെ മോറിസണ്‍സും സെയിന്‍സ്ബറീസും വില കുറച്ചു കൊണ്ട് രംഗത്തെത്തി. പുതുക്കിയ നിരക്ക് അനുസരിച്ച് പെട്രോളിന് 1.19 പൗണ്ടും ഡീസലിന് 1.30 പൗണ്ടുമാണ് ആസ്ഡ ഈടാക്കുന്നത്. ആഗോള വിലയില്‍ കുറവു വരുന്നത് അനുസരിച്ച് ഇന്ധനവില കുറയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തയ്യാറാകുന്നില്ലെന്ന് വിമര്‍ശനം മോട്ടോറിംഗ് ഗ്രൂപ്പുകള്‍ ഉയര്‍ത്തിയിരുന്നു. പെട്രോള്‍ ഹോള്‍സെയില്‍ വില ആഴ്ചകളായി കുറഞ്ഞുകൊണ്ടിരിക്കുയായിരുന്നുവെന്നും അതിന് അനുസൃതമായി വില കുറയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തയ്യാറായില്ലെന്നും ആര്‍എസി ഫ്യുവല്‍ വക്താവ് സൈമണ്‍ വില്യംസ് പറഞ്ഞു. ഇനിയും വിലക്കുറവ് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഉപഭോക്താക്കള്‍ പങ്കുവെക്കുന്നത്. ശരാശരി ഇന്ധന വില ഒക്ടോബര്‍ മധ്യത്തോടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. 1.31 പൗണ്ടായാണ് അന്ന് വില വര്‍ദ്ധിച്ചത്. നിലവില്‍ ശരാശരി വില പെട്രോളിന് 1.27 പൗണ്ടും ഡീസലിന് 1.35 പൗണ്ടുമാണ്. ക്രൂഡ് ഓയില്‍ വില കുറയുന്നതിനാല്‍ ഇന്ധനവിലയില്‍ കാര്യമായ ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ബാരലിന് 60 ഡോളറായി താഴ്ന്നിരുന്നു. 2017 ഒക്ടോബറിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. അമേരിക്കന്‍ ഇന്ധനക്കമ്പനികള്‍ ഉദ്പാദനം വര്‍ദ്ധിപ്പിച്ചതാണ് ഈ വിലക്കുറവിന് കാരണം. വിലയിടിവ് പിടിച്ചു നിര്‍ത്താന്‍ എണ്ണയുദ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് യോഗം അടുത്ത മാസം ചേരുന്ന യോഗത്തില്‍ തീരുമാനം എടുത്തേക്കും. ഉദ്പാദനം കുറയ്ക്കാനായിരിക്കും തീരുമാനം.
യുകെയില്‍ ഇന്ധനവിലയിലുണ്ടായത് വന്‍ വര്‍ദ്ധനവ്. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍എസി ഇന്ധന വിലവര്‍ദ്ധന രേഖപ്പെടുത്താന്‍ തുടങ്ങിയ തിനു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ വര്‍ദ്ധനയാണ് മെയ് മാസത്തിലുണ്ടായതെന്നാണ് വിലയിരുത്തല്‍. അണ്‍ലെഡഡ് പെട്രോള്‍ വില 123.43 പെന്‍സില്‍ നിന്ന് 129.41 പെന്‍സ് ആയാണ് ഉയര്‍ന്നത്. ഇതോടെ 55 ലിറ്റര്‍ ടാങ്ക് കപ്പാസിറ്റിയുള്ള സാധാരണ കാറില്‍ പെട്രോള്‍ നിറക്കണമെങ്കില്‍ 71.18 പൗണ്ട് നല്‍കേണ്ടി വരും. ഒരു മാസത്തിനിടയില്‍ ഈയിനത്തിലുണ്ടായ വര്‍ദ്ധന 3.29 പൗണ്ടാണെന്ന് ആര്‍എസി ഫ്യൂവല്‍ വാച്ച് ഡേറ്റ വ്യക്തമാക്കുന്നു. ഡീസലിനുണ്ടായ ശരാശരി വര്‍ദ്ധന 6.12 പെന്‍സാണ്. 126.27 പെന്‍സില്‍ നിന്ന് 132.39 പെന്‍സ് ആയാണ് ഡീസല്‍ വില വര്‍ദ്ധിച്ചിരിക്കുന്നത്. 2000നു ശേഷം രേഖപ്പെടുത്തിയ രണ്ടാമത്തെ വലിയ വിലക്കയറ്റമാണ് ഇത്. മെയ് മാസത്തില്‍ ഒരു ഫാമിലി കാര്‍ പൂര്‍ണ്ണമായും നിറക്കണമെങ്കില്‍ 72.81 പൗണ്ടാണ് ഉപഭോക്താവിന് നല്‍കേണ്ടി വന്നത്. ഏപ്രില്‍ 2ന് ശേഷം മിക്കവാറും എല്ലാ ദിവസങ്ങളിലും ഇന്ധനവില വര്‍ദ്ധിച്ചിട്ടുണ്ട്. 2015 മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വന്നതെന്നും ആര്‍എസി വ്യക്തമാക്കുന്നു. വാഹന ഉടമകള്‍ക്ക് നരകതുല്യമായ മാസമായിരുന്നു മെയ് എന്നാണ് ആര്‍എസി വക്താവ് പറഞ്ഞത്. പൗണ്ട് മൂല്യം കുറഞ്ഞതിനൊപ്പം ഇന്ധന വില വര്‍ദ്ധിക്കുക കൂടി ചെയ്തത് വാഹന ഉടമകളെ കഷ്ടത്തിലാക്കിയെന്നും ആര്‍എസി ഡേറ്റ വ്യക്തമാക്കുന്നു.
പെട്രോള്‍ വില വാരാന്ത്യത്തില്‍ വര്‍ദ്ധിക്കുന്നു. 2 പെന്‍സ് വരെ വിലവര്‍ദ്ധനവുണ്ടാകുമെന്നാണ് വിവരം. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പെട്രോള്‍ വിലയില്‍ വര്‍ദ്ധനവുണ്ടാകുന്നത്. ഒരു മാസത്തിനിടെ ഹോള്‍സെയില്‍ വിലയില്‍ ലിറ്ററിന് 4 പെന്‍സ് വരെ വര്‍ദ്ധിച്ചതിനാല്‍ ഇനിയും 5.5 പെന്‍സിന്റെ വര്‍ദ്ധനവ് കൂടി ഇന്ധനവിലയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മൂന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ധനവിലയില്‍ കഴിഞ്ഞ വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ബാരലിന് 72 പൗണ്ടായിരുന്നു രേഖപ്പെടുത്തിയത്. ടാങ്കുകള്‍ വിലവര്‍ദ്ധനവിനു മുമ്പായി നിറച്ചിടാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ വാഹന ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. അണ്‍ലെഡഡ് പെട്രോളിന് 121 പെന്‍സില്‍ നിന്ന് 123 പെന്‍സ് ആയി വില ഉയരും. ഡീസല്‍ വില 123.61 പെന്‍സില്‍ നിന്ന് 125.61 പെന്‍സ് ആയി വര്‍ദ്ധിക്കും. സിറിയയിലേക്ക് മിസൈലുകള്‍ അയക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയാണ് ഈ വിലക്കയറ്റത്തിന് കാരണം. അമേരിക്കയും റഷ്യയും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷവും യെമനില്‍ നിന്ന് സൗദി ലക്ഷ്യമാക്കി ഹൂതി വിമതര്‍ മിസൈലാക്രമണം നടത്തിയതും എണ്ണവിലയെ സാരമായി ബാധിച്ചു. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉദ്പാദക രാജ്യമായ സൗദിക്കു മേലുണ്ടായ ആക്രമണം എണ്ണവിപണിയില്‍ 9 ശതമാനം വിലക്കയറ്റമാണ് സൃഷ്ടിച്ചത്. 2014 ഡിസംബറിനു ശേഷം ആദ്യമായാണ് ഇത്രയും വര്‍ദ്ധനവുണ്ടാകുന്നത്. മിസൈല്‍ ഭീഷണിയാണ് വിലക്കയറ്റത്തിന് കാരണമായതെങ്കിലും ഊഹക്കച്ചവടക്കാരുടെ പങ്ക് കുറച്ചു കാണാന്‍ കഴിയില്ലെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ വ്യക്തമാക്കി.
ലണ്ടന്‍: യുകെയിലെ ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. ഡിസംബറില്‍ വര്‍ദ്ധിച്ചതിനു ശേഷം സൂപ്പര്‍മാര്‍ക്കറ്റുകളുടെ മത്സരം മൂലം വിലയില്‍ കാര്യമായ വര്‍ദ്ധനവ് അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ ഈ മത്സരവും ഫലം ചെയ്തില്ല എന്നതാണ് ഇപ്പോള്‍ അനുഭവപ്പെടുന്ന വിലവര്‍ദ്ധന സൂചിപ്പിക്കുന്നത്. ലിറ്ററിന് 121.7 പെന്‍സ് ആണ് പെട്രോളിന്റെ പുതിയ വില. മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പറയുന്നു. സൂപ്പര്‍മാര്‍ക്കറ്റ്, നോണ്‍ സൂപ്പര്‍മാര്‍ക്കറ്റ് പെട്രോള്‍ വിലകളില്‍ 5.5 പെന്‍സിന്റെ വ്യത്യാസം നവംബറില്‍ ഉണ്ടായിരുന്നെങ്കില്‍ അത് ഇപ്പോള്‍ 3.5 പെന്‍സ് ആയി കുറഞ്ഞിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റ് ഇന്ധനവില ബിപി, ഷെല്‍ പോലെയുള്ള കമ്പനികളേക്കാള്‍ കുറവാണെങ്കിലും പ്രദേശങ്ങള്‍ക്കനുസരിച്ച് ഈ വിലയിലും മാറ്റമുണ്ടാകാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പോര്‍ട്ട്‌സ്മൗത്ത് മുതല്‍ ലണ്ടന്‍ വരെ എ3 പരിസരങ്ങളിലുള്ള സെയിന്‍സ്ബറി ഔട്ട്‌ലെറ്റുകളില്‍ 118.9 പെന്‍സ് മുതല്‍ 123.9 പെന്‍സ് വരെയുള്ള നിരക്കുകളാണ് പെട്രോളിന് ഈടാക്കുന്നത്. നോട്ടിംഗ്ഹാംഷയറിലെ മാന്‍സ്ഫീല്‍ഡില്‍ 119.9 പെന്‍സ് ഈടാക്കുന്ന ടെസ്‌കോ, സമീപ പ്രദേശമായ ഒള്ളേര്‍ട്ടണില്‍ 121.9 പെന്‍സ് ഈടാക്കുന്നുണ്ട്. പെട്രോള്‍ പ്രൈസ് ആപ്പുകള്‍ ഉപയോഗിച്ച് കുറഞ്ഞ വിലയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ഇന്ധനം നിറക്കാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പ്രസിഡന്റ് എഡ്മണ്ട് കിംഗ് നിര്‍ദേശം നല്‍കുന്നു. ഇന്ധനവില ലാഭിക്കാന്‍ ചില നിര്‍ദേശങ്ങള്‍ ഇതാ $ തിരക്കുള്ള പെട്രോള്‍ സ്‌റ്റേഷനുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുക. ഇത്തരം സ്റ്റേഷനുകള്‍ വലിയ അളവില്‍ ഇന്ധനം സ്റ്റോക്ക് ചെയ്യാറുണ്ട്. അതു വഴി വിലക്കുറവ് ഉണ്ടാകുന്നതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് പെട്രോള്‍ സ്‌റ്റേഷന്‍ അനലിസ്റ്റ്. കാറ്റലിസ്റ്റ് എക്‌സ്പീരിയനിലെ ആര്‍തര്‍ റെന്‍ഷോ പറയുന്നു. $ വലിയ സ്റ്റേഷനുകള്‍ തെരഞ്ഞെടുക്കുക. ഇവിടങ്ങളില്‍ ഹോള്‍ സെയില്‍ മാര്‍ക്കറ്റില്‍ നിന്ന് നേരിട്ട് ഇന്ധനം വാങ്ങുന്നതിനാല്‍ അതിന്റെ ആനുകൂല്യം ലഭിക്കും. $ ഒന്നിലേറെ സ്‌റ്റേഷനുകള്‍ ഉള്ളയിടത്തു നിന്ന് ഇന്ധനം വാങ്ങുക. ഒന്നിലേറെ സ്‌റ്റേഷനുകള്‍ സമീപത്തായുണ്ടെങ്കില്‍ ഡ്രൈവര്‍മാരെ ആകര്‍ഷിക്കാനായി ഇവര്‍ വില കുറയ്ക്കാന്‍ ഇടയുണ്ട്. $ PetrolPrices.com പോലെയുള്ള സൈറ്റുകളില്‍ നിന്ന് വിവിധ പ്രദേശങ്ങളിലെ ഇന്ധനവില സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും. $ സൂപ്പര്‍മാര്‍ക്കറ്റുകള്‍. വിപണി മത്സരത്തിന്റെ ഭാഗമായി പെട്രോള്‍ വിലയിലും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കാര്യമായ മത്സരം നടക്കുന്നുണ്ട്. ഡിസ്‌കൗണ്ടുകള്‍ നല്‍കുന്ന വൗച്ചറുകള്‍ പരമാവധി ഉപയോഗിക്കുക. $ ഗ്രാമീണ മേഖലയെ ആശ്രയിക്കുക. വിമാനത്താവളങ്ങള്‍, മോട്ടോര്‍വേകള്‍, നഗരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സ്വാഭാവികമായും ഇന്ധനവില കൂടുതലായിരിക്കും. ഗ്രാമീണ മേഖലകളില്‍ നിന്ന് ഇന്ധനം നിറച്ചാല്‍ ചെറിയ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്.
RECENT POSTS
Copyright © . All rights reserved