PNB Fraud
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ നീരവ് മോഡിയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ജപ്തി ചെയ്തു. കള്ളപ്പണം തടയല്‍ നിയമപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. ഏതാണ്ട് 523 ഓളം കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിരിക്കുന്നത്. 81.16 കോടി രൂപ വില വരുന്ന ആഡംബര ഫ്ളാറ്റും 15.45 കോടിയുടെ മുംബൈ വര്‍ളി മേഖലയിലെ ഫ്ളാറ്റും ജപ്തി ചെയ്ത സ്വത്തുക്കളുടെ കൂട്ടത്തില്‍പ്പെടും. നീരവ് മോഡിയുടെ ഉടമസ്ഥതയിലുള്ള 21 കെട്ടിടങ്ങള്‍, ആറ് വീടുകള്‍ 10 ഓഫീസ് കെട്ടിടങ്ങള്‍, പൂനെയിലെ ഫ്ളാറ്റ്, സോളാര്‍ പവര്‍ പ്ലാന്റ്, അലിബാഗിലെ ഫാം ഹൗസ്, 135 ഏക്കര്‍ ഭൂമി എന്നിവയെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത ഫാം ഹൗസിന് ഏകദേശം 42.70 കോടി രൂപ മതിപ്പ് വിലയുണ്ട്. 53 ഏക്കര്‍ സോളാര്‍ പവര്‍ പ്ലാന്റിന് 70 കോടിയോളം വിലയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിരിക്കുന്ന നീരവി മോദിയുടെ സ്വത്തുക്കളുടെ ആകെ മൂല്യം ഏകദേശം 6393 കോടി രൂപയോളം വരും.
പാഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,000 കോടി രൂപ വായ്പ എടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോഡിയുടെ ഗ്യാരേജില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ആഢംബര വാഹനങ്ങള്‍ കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ നടത്തിയ റെയിഡിലാണ് കോടികള്‍ വിലമതിക്കുന്ന കാറുകള്‍ പിടിച്ചെടുത്തത്. അഞ്ചര കോടി രൂപ വില വരുന്ന റോള്‍സ് റോയ്സ് ഗോസ്റ്റ്, ഒന്നര കോടി വിലയുള്ള രണ്ട് ബെന്‍സ് ജിഎല്‍ ക്ലാസ് കാറുകള്‍, രണ്ടു കോടി രൂപ വിലയുള്ള പോര്‍ഷെ പനമെര, ഹോണ്ടയുടെ മൂന്ന് കാറുകള്‍, ടൊയോട്ടയുടെ ഫോര്‍ച്ച്യൂണര്‍, ഇന്നോവ എന്നീ വാഹനങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു. പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് നേടിയ പണം തിരിച്ചു പിടിക്കാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് മോഡിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്. എന്നാല്‍ താന്‍ പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ചിട്ടില്ലെന്നും ബാങ്ക് നടത്തുന്ന കുപ്രചരണങ്ങള്‍ തന്റെ ബ്രാന്റിനെ പ്രതികൂലമായി ബാധിച്ചുവെന്നും ആരോപിച്ച് നീരവ് മോഡി രംഗത്തു വന്നിരുന്നു. അതേസമയം നീരവ് മോഡിയെ ഇന്ത്യയിലെത്തിച്ച് തട്ടിപ്പ് വിവാദത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച കോടികള്‍ തട്ടിയെടുത്ത കേസില്‍ നീരവ് മോഡിക്കെതിരെ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അതേസമയം നീരവ് മോഡിയെ ഇന്ത്യയിലെത്തിച്ച സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ രംഗത്തു വന്നു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അറ്റോണി ജനറല്‍ കോടതിയെ അറിയിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 11,300 കോടി രൂപ വജ്ര വ്യവസായി നീരവ് മോദി തട്ടിയെടുത്തന്നെണ് കേസ്. ഹര്‍ജിയെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 16 ലേക്ക് മാറ്റിയെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പിഎന്‍ബി, റിസര്‍വ് ബാങ്ക്, ധന, നിയമ മന്ത്രാലയങ്ങള്‍ എന്നിവയെ കക്ഷികളായി ഹര്‍ജിയില്‍ ചേര്‍ത്തിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണം, പിഎന്‍ബിയിലെ ഉന്നതരുടെ അടക്കം പങ്ക് അന്വേഷിക്കണം, നീരവ് മോദിയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ നിര്‍ദേശിക്കണം തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യം.
RECENT POSTS
Copyright © . All rights reserved